17 September Tuesday

മാനേജ‌്മെന്റ‌് പീഡിപ്പിക്കുന്നതായി മുത്തൂറ്റിലെ സ‌്ത്രീ തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018


കൊച്ചി
മുത്തൂറ്റ‌് ഫിനാൻസ‌് മാനേജ‌്മെന്റ‌് സ്ഥാപനത്തിലെ തൊഴിലാളി സംഘടനയിലെ സ‌്ത്രീകളായ നേതാക്കൾക്കെതിരെ അപവാദപ്രചാരണം നടത്തുന്നതായും സിസിടിവി സ്ഥാപിച്ച‌് സ്വകാര്യത തകർക്കുന്നതായും ആക്ഷേപം. സ്ഥാപനത്തിൽ രണ്ടു വർഷം മുമ്പ‌് നടന്ന പണിമുടക്കിന്റെ ഒത്തുതീർപ്പു വ്യവസ്ഥകൾ പാലിക്കാതെ യൂണിയൻ അംഗങ്ങളായവരെയും നേതാക്കളെയും ദ്രോഹിക്കുന്ന നിലപാടുമായി മാനേജ‌്മെന്റ‌് മുന്നോട്ടുപോകുകയാണെന്ന‌് തൊഴിലാളികൾതന്നെ പറയുന്നു.

നോൺ ബാങ്കിങ‌് ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ‌് അസോസിയേഷൻ (സിഐടിയു) മൂത്തുറ്റ‌് ഫിനാൻസ‌് യൂണിറ്റ‌് ഭാരവാഹികൾക്കും അംഗങ്ങൾക്കുമെതിരെയാണ‌് മാനേജ‌്മെന്റ‌് നുണപ്രചാരണം നടത്തുന്നതും പ്രതികാരനടപടികളുമായി മുന്നോട്ടുപോകുന്നതും. യൂണിയൻ ഭാരവാഹിയായ വനിതയെ ശാരീരികമായി അവഹേളിക്കുന്ന പ്രയോഗങ്ങൾ മാനേജ‌്മെന്റുമായി അടുത്ത‌് ബന്ധമുള്ള ചിലർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ അവർ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല.
സ‌്ത്രീ ജീവനക്കാരുള്ള ചില ശാഖകളിലും എറണാകുളം ബാനർജി റോഡിലെ ഹെഡ‌് ഓഫീസിലും ഭക്ഷണം കഴിക്കുന്ന റെസ‌്റ്റ‌് റൂമിലുൾപ്പെടെ സിസിടിവി സ്ഥാപിച്ചിരിക്കുകയാണ‌്. സിസിടിവി പോരാതെ, മുറികളുടെ നിരീക്ഷകരുമുണ്ട‌്.

വിശ്രമസമയത്തുപോലും സ്വകാര്യത ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ‌് സ‌്ത്രീ ജീവനക്കാർ ജോലി ചെയ്യുന്നത‌്. ഇതിനെതിരെ പരാതി നൽകിയിട്ടും കണക്കിലെടുത്തിട്ടില്ല.
യൂണിയൻ അംഗമായെന്നതിന്റെ പേരിൽ സ‌്ത്രീകളായവർക്കുൾപ്പെടെ, അർഹതപ്പെട്ട, ന്യായമായ സ്ഥലംമാറ്റം അപേക്ഷിച്ചിട്ടും നൽകുന്നില്ലെന്നും പരാതിയുണ്ട‌്. തൃശൂരിലെ വിവാഹിതയായ ജീവനക്കാരിക്ക‌് ന്യായമായ സ്ഥലംമാറ്റം നൽകിയില്ല. ഗർഭിണിയായ ജീവനക്കാരിക്ക‌് ആ പരിഗണനപോലും നൽകാത്തതിനാൽ നിരന്തരമായ ദീർഘയാത്രയെത്തുടർന്ന‌് അബോർഷൻ സംഭവിച്ചു. തുടർന്ന‌് എടുത്ത ഇഎസ‌്ഐ ലീവ‌് അനുവദിക്കാൻ വിസമ്മതിച്ച മാനേജർ പരിഹസിക്കുകയും ചെയ‌്തു. സമാനമായ സംഭവം തിരുവനന്തപുരത്തുമുണ്ടായി. സംഘടനയിൽ അംഗങ്ങളാകുന്ന ജീവനക്കാരെ തെരഞ്ഞുപിടിച്ച‌് ദൂരസ്ഥലത്തേക്ക‌് മാറ്റുകയും ചെയ്യുന്നുണ്ട‌്. മുപ്പതോളം  പേരെയാണ‌് ഇതിനകം സ്ഥലം മാറ്റിയത‌്.   ഇത്തരം നടപടികൾ പലതവണ എച്ച‌്ആർ ഡിപാർട‌്മെന്റിന‌് പരാതിയായി നൽകിയിട്ടും പരിഗണിച്ചിട്ടില്ല.

കമ്പനി ഉപയോക്താവിന‌് നൽകുന്ന സ്വർണ വായ‌്പയിൽ എന്തെങ്കിലും ബാധ്യതയുണ്ടായാൽ അത‌്, കൈകാര്യം ചെയ‌്ത ജീവനക്കാരന്റെ ശമ്പളത്തിൽനിന്ന‌് ഈടാക്കുന്നതും പതിവാണ‌്.
സർക്കാർ പ്രഖ്യാപിച്ച മിനിമംശമ്പളം പോലും നടപ്പാക്കുന്നില്ല. അടിസ്ഥാന ശമ്പളം 7500നും 8500നുമിടയിലാണ‌്. 33 വർഷം സർവീസുള്ളവരുടെയും അടിസ്ഥാനശമ്പളം 7500 രൂപയാണ‌്. ഈ തുക കാണിച്ചാണ‌് പിഎഫ‌ിലും ബോണസിലും ഗ്രാറ്റുവിറ്റിയിലും തട്ടിപ്പുനടത്തി ജീവനക്കാരെ പറ്റിക്കുന്നത‌്.

ഇതിനിടെ മുത്തൂറ്റ‌് ഫിനാൻസ‌് വെൽഫെയർ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ച‌് മാനേജ‌്മെന്റ‌്, ചിലരെ മാത്രം അതിൽ അംഗങ്ങളാക്കി മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നുമുണ്ട‌്. അസോസിയേഷനിൽ അംഗത്വമുള്ളവരെയാണ‌് വെൽഫെയർ അസോസിയേഷനിൽനിന്ന‌് മാറ്റി നിർത്തുന്നത‌്. തൊഴിലാളി സംഘടനയല്ലാഞ്ഞിട്ടും ക്ഷേമകാര്യങ്ങളിൽനിന്ന‌് ഒരുവിഭാഗം പേരെമാത്രം ഒഴിവാക്കിനിർത്തുന്നതിന‌് ഇവർ വിശദീകരണം നൽകുന്നുമില്ല.  നിരന്തരം തൊഴിലാളി വിരുദ്ധ നടപടികളുമായി മാനേജ‌്മെന്റ‌് മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ആഗസ‌്ത‌് രണ്ടു മുതൽ അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ അനിശ‌്ചിതകാല പണിമുടക്കിന‌് നോട്ടീസ‌് നൽകിയിരിക്കുകയാണ‌്.

പ്രധാന വാർത്തകൾ
 Top