15 July Wednesday

‘മാസ്‌ക്‌’ കൊച്ചിയുടെ കംപ്ലീറ്റ്‌ കോവിഡ്‌ ഷോപ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020


കൊച്ചി
മാസ്‌കും സാനിറ്റൈസറും ഉൾപ്പെടെ കോവിഡ്‌ പ്രതിരോധ സാമഗ്രികൾക്കുമാത്രമായി കൊച്ചിയിൽ വിൽപ്പനശാല തുറന്നു. ഒന്നിന്‌ അഞ്ചുരൂപമാത്രം വിലയുള്ള ലോക്കൽ മുഖാവരണംമുതൽ  1200 രൂപ വിലയുള്ള അമേരിക്കൻ നിർമിത എം3 വരെയുണ്ട്‌ കലൂർ സ്‌റ്റേഡിയത്തിന്‌ എതിർവശത്ത്‌ ‘മാസ്‌ക്‌’ എന്നപേരിൽ തുറന്ന മൾട്ടി ബ്രാൻഡ്‌ മാസ്‌ക്‌ വിൽപ്പനശാലയിൽ.

പതിനഞ്ചോളം പ്രമുഖ വസ്‌ത്രോൽപ്പന്ന നിർമാതാക്കളുടെ ബ്രാൻഡഡ്‌ മാസ്‌കുകൾതന്നെയാണ്‌ കടയിലെ പ്രധാന ആകർഷണം. വാൻഹൂസൻ, അലൻ സോളി, ലൂയിസ്‌ ഫിലിപ്പ്‌, നോർത്ത്‌ റിപ്പബ്ലിക്‌, വൈൽഡ്‌ ക്രാഫ്‌റ്റ്‌ ഉൾപ്പെടെ വസ്‌ത്ര ബ്രാൻഡുകളുടെ മാസ്‌കുകൾക്ക്‌ പ്രദർശന, വിൽപ്പന ഒരുക്കിയിട്ടുണ്ട്. ബ്രാൻഡ്‌ മാറ്റമനുസരിച്ച്‌ മാസ്‌കുകളുടെ ഡിസൈനും രൂപകൽപ്പനയും വ്യത്യസ്‌തം. കാഴ്‌ചയിലെ ആഡംബരം വിലയിലും പ്രകടം. പ്രമുഖ ബ്രാൻഡുകളുടെ നാലുമുതൽ ആറുവരെ എണ്ണം മാസ്‌കുകളടങ്ങിയ പായ്‌ക്ക്‌ ഒന്നിന്‌ 499 രൂപമുതൽ 600 രൂപവരെയാണ്‌ വില. സർജിക്കൽ മാസ്‌കുകളിൽ ഉപയോഗിക്കുന്ന മെൽറ്റ്‌ബ്ലോ പാളികൾകൂടി ഉൾപ്പെടുത്തി നിർമിച്ചതാണ്‌ നോർത്ത്‌ റിപ്പബ്ലിക്കിന്റെ ആറുപാളി മാസ്‌ക്‌.

ഒറ്റപ്പാളിമുതൽ ആറുപാളിവരെയുള്ളവ വിൽപ്പനയ്‌ക്കുണ്ട്‌. എൻ 95 മാസ്‌കിന്‌ 150 രൂപയാണ്‌ വില. കുട്ടികൾക്കുള്ള ചെറിയ ഇനം രണ്ടു മാസ്‌കുകളടങ്ങിയ പായ്‌ക്കിന്‌ 120 രൂപ വരും. ആകർഷക വർണങ്ങളിലും ഡിസൈനിലും ഇവ ലഭ്യം. ഡൽഹി, ബംഗളൂരു, തിരുപ്പുർ തുടങ്ങിയവിടങ്ങളിൽനിന്നാണ്‌ മാസ്‌കുകൾ ഏറെയും എത്തുന്നത്‌. കിറ്റക്സ്‌‌, വി സ്‌റ്റാർ എന്നിവയാണ്‌ വിൽപ്പനയ്‌ക്കുള്ള പ്രമുഖ കേരള ബ്രാൻഡുകൾ. ഫെയ്‌സ്‌ ഷീൽഡുകളുടെ വില 38 രൂപയാണ്‌.  പിപിഇ കിറ്റ്‌, സാനിറ്റൈസറുകൾ, സാനിറ്റൈസർ സ്‌റ്റാൻഡ്‌ തുടങ്ങിയവയും വിൽപ്പനയ്‌ക്കുണ്ട്‌. രാമച്ചവും കസ്‌തൂരിമഞ്ഞളും മണക്കുന്ന ആയുർവേദിക്‌ മാസ്‌കുകളാണ്‌ ഇനി വരാനുള്ളത്.  മാസ്‌ക്‌ ഉൾപ്പെടെ എല്ലാറ്റിനും ആകർഷകമായ വിലക്കുറവും ഉള്ളതായി കടയുടമ പി സി നിസാർ പറഞ്ഞു.  മലബാർ പ്ലാസ ഹോട്ടൽ ഗ്രൂപ്പിന്റെ എംഡിയാണ്‌ നിസാർ. 


പ്രധാന വാർത്തകൾ
 Top