15 July Wednesday

പെൻഷനില്ലാത്ത 1,20,537 കുടുംബങ്ങൾക്ക്‌‌ 1000 രൂപ ധനസഹായം; ഈ കരുതലിന്റെ‌ പേരാണ്‌ കേരളം

സി എ പ്രേമചന്ദ്രൻUpdated: Sunday May 31, 2020



ആളും ആരവും ഒഴിഞ്ഞ പൂരപ്പറമ്പുപോലെയായിരുന്നു മോഹിനിയുടെ മനസ്സും. അടച്ചുപൂട്ടലിന്റെ കാലത്ത്‌ പണിയുമില്ല, വരുമാനവുമില്ല. സഹായം തേടിപോകാനും ആരുമില്ലെന്ന്‌ നിരാശപ്പെട്ടിരുക്കുമ്പോഴാണ്‌ സഹായം വീട്ടിലേക്ക്‌ വരുന്നത്‌. ഒരു അപേക്ഷയും നൽകാതെ, ആരുടെ മുന്നിലും ഓച്ഛാനിച്ച്‌ നിൽക്കാതെ ആദ്യമായാണ്‌ ഇങ്ങനൊരു സഹായം മോഹിനിയെ തേടിയെത്തിയത്‌.  മഹാമാരിയുടെ കാലത്ത് ധനസഹായമൊന്നും ലഭിക്കാത്തവരെ തേടിപ്പിടിച്ച് എൽഡിഎഫ്‌ സർക്കാർ നൽകുന്ന ആയിരം രൂപയാണ്‌ മോഹിനിക്ക്‌ ആശ്വാസമായത്‌.

തങ്ങളെപ്പോലെ കഷ്ടപ്പാടനുഭവിക്കുന്നവരെ  കണ്ടെത്തി സർക്കാർ തരുന്ന കരുതലിന്‌, ആയിരം രൂപക്ക് മൂല്യമേറെയാണെന്ന് വളർക്കാവ് മംഗലം വീട്ടിൽ മോഹിനി പറഞ്ഞു. ഭർത്താവ്  രാജൻ തെങ്ങുകയറ്റ തൊഴിലാളിയാണ്. പെൻഷനൊന്നുമില്ല. ബിപിഎൽ കാർഡാണ്. വാടകവീട്ടിൽ താമസം.  പണിയില്ലാതായകാലത്ത്‌ സർക്കാരിൽനിന്ന്‌ സഹായം കിട്ടുന്നത്‌ ആശ്വാസമാണ്‌. സർക്കാർ തങ്ങളെ കണ്ടെത്തുകയായിരുന്നു. കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കെ ആർ സജീഷ് വഴിയാണ്‌ ഇവർക്ക്‌ സഹായമെത്തിയത്‌.  15 കിലോ അരിയും സൗജന്യമായി ലഭിച്ചിരുന്നു. 17 കൂട്ടം അടങ്ങിയ ഭക്ഷ്യധാന്യകിറ്റും കിട്ടി. ഇതെല്ലാം പാവങ്ങൾക്ക് ഇക്കാലത്ത്‌ വലിയ ആശ്വാസമാണ്‌.  വിലാസക്കാരെ കണ്ടെത്തി സഹായം വീട്ടിലെത്തിക്കുകയാണെന്ന് സജീഷ് പറഞ്ഞു. 

ജില്ലയിൽ 1,20,537  കുടുംബങ്ങളാണ്‌ ഈ ധനസഹായത്തിന് അർഹരായത്. ബിപിഎൽ, എഎവൈ  (മഞ്ഞ, പിങ്ക് കാർഡ്) റേഷൻ കാർഡുള്ളവരിൽ സാമൂഹ്യക്ഷേമ പെൻഷനുൾപ്പെടെ മറ്റുസഹായം ലഭിക്കാത്തവർക്കാണ് സഹായം നൽകുന്നത്‌. സഹകരണബാങ്ക്‌ വഴിയാണ് വിതരണം. റേഷൻകാർഡ് ആധാറുമായി ലിങ്ക് ചെയ്താണ് പരിശോധന. റേഷൻ കാർഡിലുള്ളവർ  ആരും പെൻഷൻ വാങ്ങുന്നവരല്ലെന്ന് ഉറപ്പാക്കും. കാർഡ് മൊബൈലിൽ ബന്ധിപ്പിച്ചവർക്ക് ധനസഹായം അനുവദിച്ച മെസേജ് അയക്കും. ഈ ലിസ്റ്റും പണവും സഹകരണബാങ്കുകൾക്കും അയക്കും. വിലാസക്കാരന്‌ പണം വീട്ടിൽ എത്തും.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top