14 July Tuesday

കെപിസിസി ഭാരവാഹി ചുമതല തർക്കം : ഐ ഗ്രൂപ്പിനെ ഒതുക്കി ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും; ഓഫീസ്‌ തുറക്കാനും അടയ്‌ക്കാനും ചായ വാങ്ങാനും തനിക്ക്‌ മനസ്സില്ലെന്ന്‌ തമ്പാനൂർ രവി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


സ്വന്തം ലേഖകൻ
കെപിസിസി ഭാരവാഹികളുടെ ചുമതല വിഭജിച്ചതിൽ ഗ്രൂപ്പ്‌ ഭേദമെന്യേ അമർഷം. ഉമ്മൻചാണ്ടിയുടെയും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വിശ്വസ്‌തർക്ക്‌ പ്രധാന ചുമതല നൽകിയപ്പോൾ വർഷങ്ങളായി സംഘടനാ ചുമതല വഹിച്ചിരുന്ന മുതിർന്ന നേതാവ്‌ തമ്പാനൂർ രവിയെ ഒതുക്കി.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയെയും ഐ ഗ്രൂപ്പിനെയും ഒതുക്കാൻ മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും കൈകോർത്തെന്ന്‌‌ ഐ വിഭാഗം ആരോപിച്ചു. തമ്പാനൂർ രവിയെ ബലിയാടാക്കിയെന്ന പരാതിയുമായി എ ഗ്രൂപ്പിലെ ചിലർ ഉമ്മൻചാണ്ടിയെ പ്രതിഷേധം അറിയിച്ചു. മുല്ലപ്പള്ളിയുടെ തീരുമാനത്തെ ഒരുപോലെ എതിർക്കുന്ന എയും ഐയും ഇപ്പോൾ പരസ്‌പരം പഴിചാരുകയാണ്‌.

തമ്പാനൂർ രവി

തമ്പാനൂർ രവി


 

ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിന്‌ സംഘടനാ ചുമതല നൽകിയതിന്റെ പേരിൽ നേരത്തേ ഇറക്കിയ സർക്കുലർ മരവിപ്പിച്ചിരുന്നു. മുല്ലപ്പള്ളിയുടെ ഏകപക്ഷീയ നീക്കത്തിനെതിരെ ഉമ്മൻചാണ്ടിയാണ്‌ ശക്തമായി രംഗത്തുവന്നത്‌. എന്നാൽ, സർക്കുലറിന്‌ മാറ്റമുണ്ടായില്ല. വർഷങ്ങളായി ഈ ചുമതല വഹിച്ചിരുന്ന തമ്പാനൂർ രവിക്ക്‌ ഇപ്പോൾ‌ കെ പി അനിൽകുമാറിനു കീഴിൽ ഓഫീസിന്റെ ചുമതലമാത്രം‌‌. ഓഫീസ്‌ തുറക്കാനും അടയ്‌ക്കാനും ചായ വാങ്ങാനും തനിക്ക്‌ മനസ്സില്ലെന്ന്‌ തമ്പാനൂർ രവി എ ഗ്രൂപ്പ്‌ നേതാക്കളോട്‌ പറഞ്ഞതായാണ്‌ വിവരം.

പി സി വിഷ്‌ണുനാഥിന്‌ എഐസിസിയുമായുള്ള ഏകോപനവും  കെ പി ധനപാലന്‌ ഐഎൻടിയുസിയുടെയും ചുമതല നൽകിയതോടെ  ഉമ്മൻചാണ്ടി അയഞ്ഞു. എന്നാൽ, മുല്ലപ്പള്ളി–-ഉമ്മൻചാണ്ടി അച്ചുതണ്ടിന്റെ നീക്കം ഐ ഗ്രൂപ്പ്‌ അറിഞ്ഞില്ല. ആദ്യവിഭജനത്തിൽ തഴഞ്ഞ എ ഗ്രൂപ്പിന്‌ ഇപ്പോൾ മുൻതൂക്കം ലഭിച്ചതിൽ ഐ വിഭാഗം അമർഷത്തിലാണ്‌. മൂന്ന്‌ ഉമ്മൻചാണ്ടി വിശ്വസ്‌തർക്കുകൂടി ജില്ലാ ചുമതല നൽകി‌. വി എ കരീം (വയനാട്‌), ഒ അബ്ദു റഹ്‌മാൻകുട്ടി (പാലക്കാട്‌), അബ്ദുൾ മുത്തലിബ്‌ (തൃശൂർ) എന്നിവർക്കാണ്‌ ജില്ലാ ചുമതല പുതിയതായി നൽകിയത്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top