14 July Tuesday

സർവകലാശാല വിദ്യാഭ്യാസ ഘടനയിൽ സമൂല മാറ്റം ലക്ഷ്യം: -മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


സ്വന്തം ലേഖകൻ
സർവകലാശാല വിദ്യാഭ്യാസ ഘടനയിൽ സമൂല മാറ്റമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലകളിൽ ചുമതലകൾ നൽകുമ്പോൾ സീനിയോറിറ്റിക്കൊപ്പം കഴിവും മാനദണ്ഡമാക്കണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സർവകലാശാലകളിലെ ഉന്നത സമിതികൾ പഠനകാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. സർവീസ് കാര്യങ്ങൾ അതുകഴിഞ്ഞേ വരേണ്ടതുള്ളൂ. മാറ്റങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന്‌ അധ്യാപകരും തയ്യാറാകണം.  നിരവധി വിദ്യാർഥികൾ വിദേശരാജ്യങ്ങളിൽ പഠിക്കുന്നുണ്ട്. ഇവിടെത്തന്നെ പഠിക്കാനുള്ള സൗകര്യം ഒരുക്കാനാകണം.

വിദേശരാജ്യങ്ങളിലുള്ളവരെ നമ്മുടെ സർവകലാശാലകളിലേക്ക് ആകർഷിക്കാനും കഴിയണം. സർവകലാശാലകൾ ചേർന്നുള്ള പഠനവും ആശയവിനിമയവും സാധ്യമാകണം.  കോവിഡ് കേരളത്തിന്റെ സാമ്പത്തികമേഖലയിൽ പ്രത്യാഘാതം സൃഷ്ടിച്ച സാചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായം പ്രധാനമാണ്. സംസ്ഥാനങ്ങൾ സംതൃപ്തമായിരിക്കണം എന്ന ചിന്ത കേന്ദ്രം ചില ഘട്ടങ്ങളിൽ മറന്നുപോകുന്നു.  പ്രാദേശിക ആരോഗ്യ സംവിധാനം ഫലപ്രദമായതാണ് കോവിഡിനെ നേരിടുന്നതിൽ കേരളം വിജയിക്കാൻ പ്രധാന കാരണം.  ജനങ്ങളുടെ സഹകരണവും തദ്ദേശസ്ഥാപനങ്ങളുടെ  പ്രവർത്തനവും പ്രധാന പങ്ക് വഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അന്തർദേശീയ ഫാക്കൽറ്റിയെ കേരളത്തിലേക്ക് ആകർഷിക്കണമെന്നും വ്യവസായങ്ങൾക്ക് അനുയോജ്യമായ പുതിയ കോഴ്‌സുകൾ ആരംഭിക്കണമെന്നും ചർച്ചയിൽ  എം ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബുതോമസ് പറഞ്ഞു. ഇപ്പോൾ കേരളത്തിൽ സൃഷ്ടിക്കപ്പെട്ട ഊർജം നിലനിർത്തിയാൽ വലിയ മാറ്റം സാധ്യമാകുമെന്ന് അർബുദ ചികിത്സാ വിദഗ്ധനും അമേരിക്കയിലെ സിഡ്‌നി കിമ്മൽ മെഡിക്കൽ കോളേജിലെ പ്രൊഫസറുമായ ഡോ. എം വി പിള്ള പറഞ്ഞു.  

മെഡിക്കൽ ഉപകരണങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ക്ലസ്റ്റർ സംസ്ഥാനത്ത് രൂപീകരിക്കാവുന്നതാണെന്ന്‌ ടെറുമോ പെൻപോൾ മുൻ എംഡി സി  പത്മകുമാർ പറഞ്ഞു. സർവീസ് മേഖലയിലെ വരുമാന സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് പ്രൊഫസർ അനിതകുമാരി പറഞ്ഞു. 
ജോൺബ്രിട്ടാസ്‌ പരിപാടിയിൽ അവതാരകനായി. പരിപാടി ഞായറാഴ്ച രാത്രി ചാനലുകളിൽ സംപ്രേഷണം ചെയ്യും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top