09 July Thursday

ഡെങ്കി, എലിപ്പനി, എച്ച് വൺ എൻ വൺ: ഇടയ്‌ക്കിടെ ഡ്രൈ ഡേ ആചരിക്കണം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020


സ്വന്തം ലേഖകൻ
പനി പ്രധാന ലക്ഷണമായ ഡെങ്കി, എലിപ്പനി, എച്ച് വൺ എൻ വൺ എന്നിവയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീട്ടിലും ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയാൻ ഞായറാഴ്ച ഉൾപ്പെടെ ഇടയ്‌ക്കിടെ ഡ്രൈ ഡേ ആചരിക്കണം. ടെറസ്, പൂച്ചട്ടികൾ, ടയർ, കുപ്പികൾ, ഫ്രിഡ്ജിലെ ട്രേ എന്നിവയിലെ വെള്ളം ഇടയ്‌ക്കിടെ നീക്കണം. റബർ തോട്ടങ്ങളിൽ ചിരട്ട കമഴ്‌ത്തിവയ്‌ക്കണം.

വൈകിട്ടുമുതൽ രാവിലെവരെ വാതിലും ജനാലയും അടച്ചിടുകയും വീട്ടിലുള്ളപ്പോൾ ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കുകയും പറ്റുമെങ്കിൽ കൊതുകുവല ഉപയോഗിക്കുകയും വേണം. രോഗം കണ്ടെത്തിയവരുടെ വീട്ടിൽ ഫോഗിങ് നടത്തണം. എലിപ്പനി കന്നുകാലികളുടെയും പട്ടികളുടെയും പന്നികളുടെയും മറ്റും മൂത്രത്തിലൂടെയും വ്യാപിക്കും. തൊഴുത്തുകളും പന്നി ഫാമുകളും വൃത്തിയാക്കണം. കന്നുകാലികളെ മഴക്കാലം കഴിഞ്ഞാലുടൻ വയലിൽ മേയാൻ വിടരുത്. തെരുവുനായകൾ അലഞ്ഞുനടക്കുന്നത്‌ തടയാനും നടപടി സ്വീകരിക്കണം. ക്വാറന്റൈൻ  കേന്ദ്രങ്ങളിലെ മാലിന്യസംസ്കരണം പ്രത്യേകമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തടവുകാരെ നിരീക്ഷിക്കാൻ ജില്ലകളിൽ കേന്ദ്രം
തടവുകാരിൽ കോവിഡ്‌ സ്ഥിരീകരിച്ചതിനാൽ തടവുകാരെ പ്രവേശിപ്പിച്ച് നിരീക്ഷിക്കാൻ ഓരോ ജില്ലയിലും ഓരോ കേന്ദ്രങ്ങൾ തെരഞ്ഞെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ കേന്ദ്രങ്ങളിൽ പുതുതായി റിമാൻഡ്‌ ചെയ്യുന്ന തടവുകാരെ സുരക്ഷാസംവിധാനങ്ങളോടെ ഏറ്റെടുക്കാൻ  ജയിൽ ജീവനക്കാരെ ചുമതലപ്പെടുത്തി.

തിരുവനന്തപുരം, നെയ്യാറ്റിൻകര സ്പെഷ്യൽ സബ്ജയിലുകളിലാണ് രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തേ കണ്ണൂർ സബ്ജയിലിലും റിമാൻഡ് പ്രതിക്ക് രോഗം കണ്ടെത്തിയിരുന്നു. മൂന്ന് സ്ഥാപനങ്ങളിലേയും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ  ജയിലിലും വീട്ടിലുമായി നിരീക്ഷണത്തിലാണ്. പ്രതികൾ കഴിഞ്ഞ ബ്ലോക്കിലെ മറ്റ് തടവുകാരേയും നിരീക്ഷിക്കുന്നു.


പ്രധാന വാർത്തകൾ
 Top