02 July Thursday

ഞായർ, തിങ്കൾ അവധി ; 2 മുതൽ മദ്യവിതരണം സുഗമമാകും

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020


സ്വന്തം ലേഖകൻ
സംസ്ഥാനത്ത്‌ വെർച്വൽ  ക്യൂ സംവിധാനത്തിലൂടെ വിദേശമദ്യം വിതരണം ചൊവ്വാഴ്‌ചമുതൽ സുഗമമായി നടക്കുമെന്ന്‌ സംസ്ഥാന ബിവറേജസ്‌ കോർപറേഷൻ. ബെവ്‌ ക്യൂ ആപ്പുവഴി ടോക്കൺ ലഭ്യമാക്കുന്നതിനുണ്ടായ ചില സാങ്കേതിക തടസ്സങ്ങൾ പൂർണമായും പരിഹരിച്ചതായാണ്‌ പൊതുവിലയിരുത്തലെന്ന്‌ ബെവ്‌കോ മനേജിങ്‌ ഡയറക്ടർ വ്യക്തമാക്കി. ആപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് ചർച്ചചെയ്യാൻ എക്‌സൈസ്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിനുശേഷമാണ്‌ കോർപറേഷൻ എംഡി  നിലപാട്‌ വ്യക്തമാക്കിയത്‌. 

ആപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് ബിവറേജസ് കോർപറേഷൻ, സ്റ്റാർട്ടപ്‌ മിഷൻ എന്നിവയിൽനിന്ന്‌  വിശദമായ റിപ്പോർട്ട് എക്‌സൈസ്‌ മന്ത്രി ആവശ്യപ്പെട്ടു.  പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ  മന്ത്രി വിലയിരുത്തി.

വെള്ളിയാഴ്‌ച വൈകിട്ടോടെ ബെവ് ക്യൂ ആപ്പുവഴി  ശനിയാഴ്ചയിലേക്കുള്ള ടോക്കണുകൾ ലഭ്യമായതായി ഫെയർ കോഡ്‌ അധികൃതർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ദിവസം 4.5 ലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് സാമൂഹ്യ അകലം പാലിച്ച്‌ മദ്യവിതരണം നടത്താനാവുക. ഇതനുസരിച്ചുള്ള ടോക്കണായിരിക്കും ആപ്പുവഴി ലഭ്യമാക്കുക.

വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിൽ മദ്യവിതരണകേന്ദ്രങ്ങൾക്ക്‌ അവധിയാണ്. ഞായർ സമ്പൂർണ അടച്ചുപൂട്ടൽ ദിവസവും തിങ്കൾ ഒന്നാം തീയതിയുമാണ്‌. ചൊവ്വാഴ്‌ചമുതൽ എല്ലാ സാങ്കേതികപരിമിതികളും പരിഹരിച്ച് പൂർണമായ സംവിധാനം ഉപഭോക്താക്കൾക്ക് ലഭ്യമാകും. മൊബൈൽ ആപ്ലിക്കേഷനിലെ സാങ്കേതിക പ്രശ്‌നങ്ങൾമൂലം വെള്ളിയാഴ്‌ച പലർക്കും കൃത്യമായ സേവനം ലഭ്യമായില്ലെന്ന ആക്ഷേപം ഉയർന്നു. ഇതിനെത്തുടർന്ന്‌ തിരുവനന്തപുരത്ത്‌ ചില ബാർ ഹോട്ടലുകൾ ടോക്കൺ ഇല്ലാതെ മദ്യം വിറ്റെന്നും ആക്ഷേപമുയർത്തി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top