22 May Wednesday

കോൺഗ്രസ‌് ഒത്താശയോടെ റോഡ് പുറമ്പോക്കിൽ അനധികൃത നിർമാണം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 30, 2019



നെടുമ്പാശേരി
പ്രളയത്തിൽ വാസയോഗ്യമല്ലാതായ പുറമ്പോക്കിലെ വീടിനു പകരം പുതിയ വീട് നിർമാണത്തിന് സർക്കാർ സഹായം അറിയിച്ചിട്ടും കോൺഗ്രസ‌് നേതാക്കളുടെ ഒത്താശയോടെ പഞ്ചായത്ത് റോഡ് പുറമ്പോക്കിൽ അനധികൃത നിർമാണം. നെടുമ്പാശേരി പഞ്ചായത്തിലെ ഒന്നാം വാർഡ് പറമ്പുശേരിയിലെ ചിറമേൽ കുട്ടി തങ്കപ്പന് സർക്കാർ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമാണത്തിന‌് നടപടി സ്വീകരിച്ചിരുന്നു.

താലൂക്കിൽ വിളിച്ചുചേർത്ത യോഗത്തിൽ നിലവിൽ താമസിച്ചിരുന്ന റോഡ് പുറമ്പോക്കിൽനിന്ന് ഒഴിയാൻ തയ്യാറാണെന്ന് സമ്മതപത്രവും നൽകി. ഇതുപ്രകാരം വർഷങ്ങൾക്കുമുമ്പ് പട്ടികജാതി വകുപ്പുവഴി കുട്ടിയുടെ മകൻ പ്രവീണിന് ലഭിച്ച ഭൂമിയിൽ വീട് നിർമാണണത്തിന് വില്ലേജ്, താലൂക്ക് അധികൃതർ നടപടി സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് കോൺഗ്രസ‌് ബ്ലോക്ക് പ്രസിഡന്റ് പി വൈ വർഗീസ‌് ഭാരവാഹിയായ രാജീവ്ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് അനധികൃതമായി നിലവിൽ ഇവർ താമസിച്ചിരുന്ന പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിൽ വീട് നിർമാണം ആരംഭിച്ചത്.

അനധികൃത നിർമാണം ശ്രദ്ധയിൽപ്പെട്ട നെടുമ്പാശേരി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. അനധികൃത നിർമാണത്തിന് കോൺഗ്രസ‌് കൂട്ടുനിൽക്കുകയാണെന്ന് സിപിഐ എം നെടുമ്പാശേരി ലോക്കൽ സെക്രട്ടറി സണ്ണി പോൾ പ്രസ്താവനയിൽ ആരോപിച്ചു. റീ ബിൽഡ് കേരളയിൽ ആനുകൂല്യം ലഭിേക്കേണ്ട കുടുംബത്തിന് തുടർന്ന് ആനുകൂല്യം ലഭിയ്ക്കാത്ത വിധത്തിൽ രേഖകളില്ലാത്ത ഭൂമിയിൽ വീട് നിർമിച്ചുനൽകുന്ന ചില കോൺഗ്രസ‌് നേതാക്കളുടെ നടപടിയിൽ ദുരൂഹതയുണ്ട്. പ്രളയത്തിൽ തകർന്ന വീട് നിർമിക്കുന്നതിന് സിപിഐ എം തടസ്സം നിൽക്കുന്നുണ്ടെന്ന് നടത്തുന്ന പ്രചാരണം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്നും സണ്ണി പോൾ ആരോപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top