25 May Monday

കോവിഡ്‌ മറവിൽ ലയനം; 10 ബാങ്ക്‌ നാലാകും ; ഒന്നിന്‌ നടപ്പാകും

ജി രാജേഷ്‌കുമാർUpdated: Tuesday Mar 31, 2020

തിരുവനന്തപുരം
കോവിഡിന്റെ മറവിൽ രാജ്യത്ത്‌ അരങ്ങേറുന്നത്‌ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്‌ ലയനം. ഏപ്രിൽ ഒന്നിന്‌ 10 ബാങ്ക്‌ ലയിച്ച്‌ നാലാകും. ഇത്‌ ഇന്ത്യൻ ബാങ്കിങ്‌, സാമ്പത്തിക മേഖലയിൽ വൻ പ്രത്യാഘാതങ്ങൾക്ക്‌ കാരണമാകും. 38,000-ൽപ്പരം ബാങ്ക്‌ ശാഖകളെ ദോഷകരമായി ബാധിക്കും.

ആന്ധ്ര, കോർപറേഷൻ ബാങ്കുകൾ യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ലയിക്കും. ഇവയ്‌ക്കെല്ലാംകൂടി 9609 ശാഖയുണ്ട്‌. 14.59 ലക്ഷം കോടി രൂപയുടെ ഇടപാടും.
ഓറിയന്റൽ ബാങ്ക് ഓഫ്‌ ഇന്ത്യയും യുണൈറ്റഡ് ബാങ്ക് ഓഫ്‌ ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. ഇവയ്‌ക്ക്‌ 11,437 ശാഖയിലായി 17.94 ലക്ഷം കോടിയുടെ ഇടപാടുകളുണ്ട്‌. അലഹബാദ്‌ ബാങ്ക്‌ ഇന്ത്യൻ ബാങ്കിൽ കൂട്ടിച്ചേർക്കും. 6104 ശാഖയും 8.07 ലക്ഷം കോടിയുടെ ഇടപാടുകളുമുണ്ട്‌. സിൻഡിക്കറ്റ് ബാങ്കിനെ കനറ ബാങ്കിലാണ്‌ ലയിപ്പിക്കുക. 10,342 ശാഖയും 15.20 ലക്ഷം കോടിയുടെ ഇടപാടുകളുമാണ്‌ ഇവയ്‌ക്കുള്ളത്‌.

ആഗസ്‌തിലാണ്‌ കേന്ദ്രധനമന്ത്രി ലയന നടപടികൾക്ക്‌ തുടക്കമിട്ടത്‌.  എതിർപ്പ്‌ ഒഴിവാക്കാൻ  പൊതുചർച്ചയ്‌ക്കുപോലും അവസരം നൽകാതെയാണ്‌ ലയനം നടപ്പാക്കുന്നത്‌. രാജ്യമാകെ അടച്ചുപൂട്ടലിൽ കഴിയുമ്പോൾ, ലയനതീരുമാനം നീട്ടിവയ്‌ക്കണമെന്ന്‌ കേന്ദ്ര ധനമന്ത്രിയോട്‌ പലതവണ ആവശ്യപ്പട്ടതായി ഓൾ ഇന്ത്യ ബാങ്ക്‌ ഓഫീസേഴ്‌സ്‌ കോൺഫെഡറേഷൻ കേരള സെക്രട്ടറി ശ്രീനാഥ്‌ ഇന്ദുചൂഡൻ പറഞ്ഞു.  ലയനശേഷം  പൊതുസേവനം, വായ്‌പാ വിതരണം എന്നിവ തടസ്സപ്പെടുന്നതടക്കമുള്ള പ്രത്യാഘാതങ്ങൾക്ക്‌ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽമാത്രം മുന്നൂറിലധികം ബാങ്ക്‌ശാഖകൾ പൂട്ടുമെന്ന് ബെഫി
നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള മൂന്നാമത്തെ പൊതുമേഖലാ ബാങ്ക് ലയനത്തോടെ കേരളത്തിൽമാത്രം മുന്നൂറിലധികം ബാങ്ക്‌ശാഖകൾ പൂട്ടുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ജനറൽ സെക്രട്ടറി എസ് എസ് അനിൽ പറഞ്ഞു.

പൊതുമേഖലാ ബാങ്കുകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ ലയനം. ബാങ്കുകൾ ലയിപ്പിച്ച് വലിയ ബാങ്കാക്കുമ്പോൾ ഒറ്റയടിക്ക് മറിച്ചുവിൽക്കാനാകും. അതിനുമുമ്പ് സർക്കാരിന്റെ സാമൂഹ്യ പെൻഷനും മറ്റും വാങ്ങുന്ന ചെറുകിട ഇടപാടുകാരെ ഒഴിപ്പിച്ചെടുക്കുക എന്ന ലക്ഷ്യംകൂടി ഇതിനുപിന്നിലുണ്ട്‌. രാജ്യം കോവിഡ് ഭീഷണി നേരിടുന്ന ഗുരുതര സാഹചര്യത്തിലും ലയനം നടപ്പാക്കുന്നത് അതുകൊണ്ടാണെന്നും  അനിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top