25 May Monday

ഹൃദയങ്ങൾ ചേർത്ത്‌ ഒരു നിശബ്‌ദ പൊലീസ്‌ ദൗത്യം ; മരുന്ന്‌ ലക്ഷ്യസ്ഥാനത്തെത്തിച്ച്‌ ഹൈവേ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

കൊച്ചി
പരിഹാരങ്ങളുടെയെല്ലാം വഴിയടഞ്ഞ കൊറോണക്കാലത്ത്‌, ഹൃദ്രോഗിയായ വീട്ടമ്മയ്‌ക്കുവേണ്ടി കരുതലോടെ കൈകോർത്ത്‌ പൊലീസ്‌. കാസർകോടുമുതൽ തെക്കോട്ട്‌ മെഡിക്കൽ ഷോപ്പുകളിലൊന്നും കിട്ടാതിരുന്ന മരുന്ന്‌ തിരുവനന്തപുരത്തുനിന്ന്‌ വാങ്ങി അതിവേഗം പെരിയയിലെ രോഗിക്കെത്തിച്ച പൊലീസ്‌, കാവലായത്‌ നാടിന്റെ നന്മയ്‌ക്ക്‌. ഒമ്പതു ജില്ലയിലെ 19 ഹൈവേ പട്രോൾ വാഹനങ്ങളിലൂടെ മരുന്ന്‌ ലക്ഷ്യസ്ഥാനത്തെത്തിച്ച നിശബ്‌ദ ദൗത്യത്തിൽ പങ്കാളിയായത്‌, മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും പ്രൈവറ്റ്‌ സ്‌റ്റാഫും ഡിജിപിമുതൽ പൊലീസ്‌ സേനാംഗങ്ങളും.

എൻഡോസൾഫാൻ ദുരിതബാധിതനായ മകന്റെ ഏകാശ്രയമായ ലളിത ഹൃദ്രോഗത്തിന്‌ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിലാണ്‌ ചികിത്സിച്ചിരുന്നത്‌. മരുന്ന്‌ തീർന്നപ്പോൾ കാസർകോട്‌ മെഡിക്കൽ ഷോപ്പുകളിൽ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. മംഗലാപുരത്ത്‌ കിട്ടുമായിരുന്നു. കർണാടകം വഴിയടച്ചത്‌ തടസ്സമായി. തുടർന്നാണ്‌ തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സെയ്ഫുദീൻ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജുവിനോട്‌ എറണാകുളത്ത്‌ മരുന്ന്‌ കിട്ടുമോയെന്ന്‌ അന്വേഷിച്ചത്‌. വിവരം വാട്‌സാപ്‌ ഗ്രൂപ്പിൽ ഷെയർ ചെയ്‌ത്‌ ജില്ലയിലാകെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ശ്രീചിത്രയിലെ ഡോക്ടർ കുറിച്ച മരുന്നായതിനാൽ തിരുവനന്തപുരത്ത്‌ കിട്ടുമെന്ന്‌ ഉറപ്പിച്ച്‌ അന്വേഷണം ആ വഴിക്കാക്കി.  മുഖ്യമന്ത്രിയുടെ ഗൺമാൻ പ്രേമരാജന്റെ അന്വേഷണത്തിൽ തിരുവനന്തപുരത്തെ മെഡിക്കൽ സ്റ്റോറിൽ മരുന്നുണ്ടെന്ന്‌  തിരുവനന്തപുരം സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ മ്യൂസിയം സ്റ്റേഷൻ ചുമതലയുള്ള അനിൽ മുഖേന ഉറപ്പാക്കി.

റവന്യൂമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലൊരാൾ മെഡിക്കൽ സ്‌റ്റോറിൽ പോയി മരുന്ന്‌ വാങ്ങി.  തുടർന്ന്‌ പൊലീസ്‌ ആസ്ഥാനത്ത്‌ മരുന്നെത്തിച്ചു. ഇതിനിടെ മരുന്ന്‌ കാസർകോട്ട്‌ എത്തിക്കുന്നതിനുള്ള മാർഗത്തെക്കുറിച്ച്‌ ഡിജിപിയുമായി ആലോചിച്ചു. വൈകിട്ട്‌ ആറോടെ ഡിജിപിയുടെ നിർദേശപ്രകാരം മരുന്ന്‌ തിരുവനന്തപുരം ജില്ലയിലെ ഹൈവേ പൊലീസിന്‌ കൈമാറി.

കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഹൈവേ പട്രോൾ വാഹനങ്ങൾ റിലേയായി മരുന്ന്‌ ഏറ്റുവാങ്ങി. 11 മണിക്കൂറിനുള്ളിൽ കാസർകോട്‌ ജില്ലയിലെ പെരിയ ഗ്രാമത്തിലുള്ള ലളിതയുടെ കൈയിൽ മരുന്നെത്തി. പൊലീസ് അലെർട്ട് കൺട്രോളിലെയും ജില്ലാ പൊലീസ് കൺട്രോൾ റൂമിലെയും  ഉദ്യോഗസ്ഥരുംകൂടി ഹൃദയപൂർവം കൈകോർത്തപ്പോൾ ദുരിതകാലങ്ങളെ തോൽപ്പിക്കുന്ന കരുതലിന്റെ ദൗത്യത്തിന്‌ ശുഭസമാപ്‌തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top