Deshabhimani

അപ്പാർട്ട്‌മെന്റിലെ കൊലപാതകം: തെളിവെടുപ്പ്‌ പൂർത്തിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 02:35 AM | 0 min read


തൃക്കാക്കര/കളമശേരി
ഇടപ്പള്ളി കൂനംതൈയിലെ അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗിരീഷ് ബാബു ഉപേക്ഷിച്ച രണ്ട് മൊബൈൽ ഫോണുകൾ പാറമടയിൽനിന്ന്‌ കണ്ടെത്തി. കാക്കനാട് തെങ്ങോട്ടുള്ള പാറമടയിൽനിന്നാണ്‌ അഗ്നി രക്ഷാസേനാ സ്‌കൂബ വിദഗ്‌ധരുടെ സഹായത്തോടെ പൊലീസ്‌ ഫോണുകൾ കണ്ടെടുത്തത്‌. പാറമടയിൽ വ്യാഴാഴ്‌ച നടന്ന തെളിവെടുപ്പിൽ ഗിരീഷ്‌ ബാബു ഫോണുകൾ തിരിച്ചറിഞ്ഞു. മൊബൈൽ ഫോൺ പാറമടയിൽ എറിഞ്ഞതായി ചോദ്യംചെയ്യലിൽ ഇയാൾ പറഞ്ഞിരുന്നു.

കൊല്ലപ്പെട്ട പെരുമ്പാവൂർ സ്വദേശിനി ജെയ്‌സി എബ്രഹാമിന്റെ ആഭരണങ്ങളും അടിമാലിയിലെ ജ്വല്ലറിയിൽനിന്ന്‌ കണ്ടെത്തി. സ്വർണം വിറ്റ ജ്വല്ലറിയിൽ രണ്ട് വളകളും മാലയും ഉരുക്കിസൂക്ഷിച്ച രീതിയിലായിരുന്നു.കൊലപാതകം നടന്ന അപ്പാർട്ട്മെന്റിൽ വ്യാഴം പകൽ 2.45ഓടെയാണ് തെളിവെടുപ്പിന് എത്തിച്ചത്. അപ്പാർട്ട്‌മെന്റിലെത്തിയതും കൊല നടത്തിയ രീതിയും പ്രതി വിശദീകരിച്ചു. തുടർന്ന് ഇടപ്പള്ളി ടോളിൽ ബൈക്ക് നിർത്തിയിട്ട സ്ഥലത്തെത്തിച്ചും തെളിവെടുത്തു. ചെരിപ്പുകടയ്‌ക്കുമുന്നിൽ നിർത്തിയ ബൈക്ക് മാറ്റാൻ കടയുടമ അന്ന് പറഞ്ഞിരുന്നു. ചെരിപ്പുകടയിലെ ജീവനക്കാരുടെ മൊഴികളും സിസിടിവി ദൃശ്യങ്ങളും പൊലീസ്‌ ശേഖരിച്ചു.

തെളിവ് ശേഖരിക്കൽ പൂർത്തിയായതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന കളമശേരി എസ്എച്ച്ഒ എം ബി ലത്തീഫ് പറഞ്ഞു. ഗിരീഷ്‌ ബാബുവിനെ വെള്ളിയാഴ്‌ച കളമശേരി മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹാജരാക്കും. കസ്‌റ്റഡിയിലായിരുന്ന കൂട്ടുപ്രതി ഖദീജയെ (പ്രബിത–-42) കഴിഞ്ഞദിവസം റിമാൻഡ്‌ ചെയ്‌തിരുന്നു.
കൂനംതൈയിലെ മൂന്നുനില അപ്പാർട്ട്‌മെന്റിൽ 17നാണ് പ്രതിയുടെ സുഹൃത്തായ ജെയ്സി എബ്രഹാമിനെ ഡംബൽകൊണ്ട്‌ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയത്‌. റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായിരുന്ന ജെയ്സിയെ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബുവും സുഹൃത്ത് ഖദീജയും ചേർന്ന്‌ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഗിരീഷിന്‌ ഓൺലൈൻ റമ്മികളിയിലൂടെ ലക്ഷങ്ങളുടെ സാമ്പത്തികബാധ്യതയുണ്ടായിരുന്നു. സ്വർണവും പണവും മോഷ്ടിക്കാനാണ്‌ കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തൽ.



deshabhimani section

Related News

0 comments
Sort by

Home