കൊച്ചി
ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 540 പോയിന്റുമായി കോതമംഗലം മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമി കിരീടം നിലനിർത്തി. 424.5 പോയിന്റുമായി കോതമംഗലം മാർ ബേസിലാണ് രണ്ടാമത്. ഒരു സ്വർണംമാത്രം നേടിയ നായരമ്പലം ബിവിഎച്ച്എസ് 183 പോയിന്റോടെ മൂന്നാമതായി. കഴിഞ്ഞതവണ മൂന്നാമതെത്തിയ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ (105.5) ഇത്തവണ നാലാമതായി. 101 പോയിന്റോടെ അങ്കമാലി വിശ്വജ്യോതി സിഎംഐ പബ്ലിക് സ്കൂൾ അഞ്ചാമതെത്തി.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മീറ്റിൽ മാർ അത്തനേഷ്യസ് അക്കാദമി ആകെ 46 സ്വർണം നേടി. മാർ ബേസിലിന് 26 സ്വർണമുണ്ട്. മേഴ്സി കുട്ടൻ അത്ലറ്റിക് അക്കാദമി എട്ടു സ്വർണം നേടി.
അവസാനദിനം മീറ്റിൽ അഞ്ച് റെക്കോഡുകൾ പിറന്നു. അണ്ടർ- 16 80 മീറ്റർ ഹർഡിൽസിൽ മണീട് ഗവ. സ്കൂളിലെ ലിജി സാറ മാത്യു (13.4), അണ്ടർ -20 800 മീറ്ററിൽ എം എ അക്കാദമിയുടെ സി ചാന്ദ്നി (2:13.30), അണ്ടർ -20 ട്രിപ്പിൾ ജമ്പ് (12.56), ഹൈജമ്പ് (1.66) ഇനങ്ങളിൽ കോതമംഗലം അശ്വ ക്ലബ്ബിന്റെ മീര ഷിബു, അണ്ടർ-16 ആൺ 800 മീറ്ററിൽ മാർ ബേസിലിന്റെ ജീവൻ ജോഷി (40.20) എന്നിവരാണ് റെക്കോഡ് സ്ഥാപിച്ചത്. കഴിഞ്ഞദിവസം 1500 മീറ്ററിലും (4:46.10) ചാന്ദ്നി റെക്കോഡ് നേടിയിരുന്നു.
അണ്ടർ- 20 400ൽ മേഴ്സി കുട്ടൻ അക്കാദമിയുടെ ഗൗരി നന്ദന (56.60), ലോങ്ജമ്പിൽ എം എ അക്കാദമിയുടെ വി എം അഭിരാമി (5.76), അണ്ടർ -18 100 മീറ്ററിൽ മാർ ബേസിലിന്റെ ജസ്റ്റിൻ ടോമി (12.00), അണ്ടർ -20 10,000 മീറ്റർ നടത്തത്തിൽ എംഎയുടെ ജോയൽ റോബിൻ (51:50.60) എന്നിവരും റെക്കോഡ് നേടി. മീറ്റിലെ വേഗമേറിയ താരമായ എംഎ അക്കാദമിയുടെ കെ എം മുഹമ്മദ് ഷനൂബ് സമാപനദിനത്തിൽ അണ്ടർ- 23 വിഭാഗം 200ലും സ്വർണമണിഞ്ഞ് സ്പ്രിന്റ് ഡബിൾ സ്വന്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..