13 August Thursday

കേരള വികസനത്തിന്‌ ജപ്പാന്റെ സാധ്യതകൾ ആരാഞ്ഞു ; ജാപ്പനീസ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019

ജപ്പാൻ സാമ്പത്തിക- വാണിജ്യ- വ്യവസായമന്ത്രി ഹിഡെകി മക്കിഹാരയ്‌ക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആറന്മുള കണ്ണാടി സമ്മാനിച്ചപ്പോൾ


തിരുവനന്തപുരം
ജപ്പാനും കേരളവും തമ്മിലുള്ള വികസന സഹകരണത്തിനുള്ള സാധ്യതകൾ ആരാഞ്ഞ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ജാപ്പനീസ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക പുനരുജ്ജീവനവകുപ്പ് സഹമന്ത്രി സീഗോ കിതാമുരയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ വാർധക്യം, ജനസംഖ്യാപരമായ മാറ്റങ്ങൾ, നഗരവൽക്കരണം, ദുരന്തനിവാരണം എന്നിവയിൽ ജപ്പാനും കേരളവും നേരിടുന്ന പൊതു പ്രശ്നങ്ങൾ ചർച്ചയായി. ഗ്രാമീണ   പുനരുജ്ജീവനത്തിനുള്ള ജപ്പാന്റെ പഞ്ചവത്സര തന്ത്രം കിതാമുര വിശദമാക്കി. ഗ്രാമീണ ജപ്പാനിൽ ഉയർന്ന നിലവാരമുള്ള സർവകലാശാലാ വിദ്യാഭ്യാസവും ജോലിയും സൃഷ്ടിക്കുക, സർക്കാർ, -സ്വകാര്യ സംഘടനകളുടെ ആസ്ഥാനം ഗ്രാമപ്രദേശങ്ങളിലേക്ക് മാറ്റുക എന്നിവ തന്ത്രത്തിന്റെ ഭാഗമാണ്. പ്രാദേശിക പുനരുജ്ജീവന ശ്രമത്തിൽ പങ്കെടുക്കുന്നവർക്ക് സബ്സിഡിയുമുണ്ട്.

പിന്നീട്‌ സാമ്പത്തിക- വാണിജ്യ- വ്യവസായമന്ത്രി ഹിഡെകി മക്കിഹാരയുമായി മുഖ്യമന്ത്രി ചർച്ച നടത്തി. കേരളത്തിൽ ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷൻ (ജെട്രോ) ഓഫീസ് സ്ഥാപിക്കണമെന്ന് മക്കിഹാരയോട് മുഖ്യമന്ത്രി അഭ്യർഥിച്ചു.  ജനുവരി ഒമ്പതിനും പത്തിനും  കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിലേക്ക്‌ (അസെൻഡ് 2020)    മക്കിഹാരയെയും ജപ്പാൻ സർക്കാരിന്റെ സാമ്പത്തിക -വാണിജ്യ- വ്യവസായമന്ത്രാലയത്തെയും ക്ഷണിച്ചു.

ജപ്പാൻ ഇന്റർനാഷണൽ കോ–- ഓപ്പറേഷൻ ഏജൻസിയുടെ (ജൈക്ക) ആസ്ഥാനത്ത് ജൈക്കയുടെ സീനിയർ വൈസ് പ്രസിഡന്റ്‌ ജുനിച്ചി യമദയുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി. കാസർകോടുമുതൽ തിരവനന്തപുരംവരെയുള്ള നിർദിഷ്ട സെമി-ഹൈസ്പീഡ് റെയിൽപാത കേന്ദ്രീകരിച്ചായിരുന്നു ചർച്ച.  മുഖ്യമന്ത്രിയോടൊപ്പം  വ്യവസായമന്ത്രി ഇ പി ജയരാജൻ, ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ, പ്ലാനിങ്‌ ബോർഡ് വൈസ് ചെയർപേഴ്സൺ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും ഉണ്ടായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top