09 August Sunday

ക്വാറികൾ ആശങ്കയുണ്ടാക്കുന്നു: നിയമസഭാ സമിതി

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2019

മുല്ലക്കര രത്നാകരൻ എംഎൽഎയുടെ നേതൃത്വത്തിൽ നിയമസഭാ സമിതി ഐരാപുരത്തെ പാറമട സന്ദർശിക്കുന്നു


കൊച്ചി
ക്വാറികളുടെയും പാറമടകളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് പ്രളയത്തിനുശേഷം ജനങ്ങളിൽ ആശങ്ക വർധിച്ചിരിക്കുകയാണെന്ന് നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്വാറികളുടെയും  പാറമടകളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന തെളിവെടുപ്പിനുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു സമിതി അംഗങ്ങൾ.

കോടതി ഉത്തരവുണ്ടെങ്കിലും നിയമലംഘനം നടത്താൻ പാറമട ഉടമകളെ അനുവദിക്കില്ലെന്ന്‌ നിയമസഭാ സമിതി ചെയർമാൻ മുല്ലക്കര രത്നാകരൻ എംഎൽഎ പറഞ്ഞു. പരിസ്ഥിതി കമ്മിറ്റിക്ക് മുമ്പിലെത്തുന്ന പരാതികളിൽ 40 ശതമാനവും ക്വാറികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണ്. പരാതികളിന്മേൽ വിവരശേഖരണവും വിശകലനവും നടത്തിയശേഷം സമിതി റിപ്പോർട്ട് തയ്യാറാക്കും. നിർമാണമേഖല സ്തംഭിക്കാതെയും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുമാകണം പാറഖനനം. മാനദണ്ഡങ്ങൾ പാലിച്ചാണ്‌ ഖനനം നടത്തുന്നതെന്നുറപ്പാക്കാൻ വകുപ്പുകൾ ഏകീകൃത സ്വാഭാവത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാറമടകളുടെയും ക്വാറികളുടെയും പ്രവർത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും മൈനിങ്‌ ആൻഡ്‌ ജിയോളജി, ജലസേചനം, മലിനീകരണ നിയന്ത്രണ ബോർഡ്, വ്യവസായം, ആരോഗ്യം, പൊലീസ്, വനം, ഭൂഗർഭജല വകുപ്പുകൾ ഉടൻ സമർപ്പിക്കാൻ സമിതി നിർദേശിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിക്കും. മൂവാറ്റുപുഴ താലൂക്കിലെ കല്ലൂർക്കാട്, മണിയന്തടം, തിരുമാറാടി, പൂതൃക്ക, കിഴക്കമ്പലം, കറുകുറ്റി എന്നിവിടങ്ങളിൽനി ന്ന് ക്വാറികൾക്കെതിരെ നാട്ടുകാർ പരാതിനൽകി. എംഎൽഎമാരായ എം വിൻസന്റ്, അനിൽ അക്കര, കെ ബാബു, ഒ ആർ കേളു, കെ വി വിജയദാസ് എന്നിവരടങ്ങുന്ന സമിതിയാണ് തെളിവെടുപ്പ് നടത്തിയത്.  കലക്ടർ എസ് സുഹാസ്, എഡിഎം കെ ചന്ദ്രശേഖരൻനായർ, സബ് കലക്ടർ സ്നേഹിൽകുമാർസിങ്‌ എന്നിവരും തെളിവെടുപ്പിൽ പങ്കെടുത്തു.

മഴുവന്നൂർ പഞ്ചായത്തിലെ ഐരാപുരം പാറമട സമിതി സന്ദർശിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിനുശേഷമാണ് ചെയർമാൻ മുല്ലക്കര രത്നാകരൻ എംഎൽഎയുടെ നേതൃത്വത്തിൽ പാറമട സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയത്.  സംഘം നടത്തിപ്പുകാരുമായും ജീവനക്കാരുമായും സംസാരിച്ചു.  ഡിസംബർ അഞ്ചിന്‌ രാവിലെ 10ന്‌ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വീണ്ടും സിറ്റിങ്‌ നടത്തും. പാറമടകളിലെ മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നതു സംബന്ധിച്ച് ആർ രാമചന്ദ്രൻ എംഎൽഎ സമർപ്പിച്ച ഹർജിയിൽ തെളിവെടുപ്പ് നടത്തും. പൊതുജനങ്ങൾക്കും സംഘടനകൾക്കും തെളിവുനൽകാം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top