28 November Saturday

ഖമറുദ്ദീന്റെ ജ്വല്ലറിത്തട്ടിപ്പ്‌ : അന്വേഷണം ലീഗ് നേതാക്കളിലേക്ക്

പി മഷൂദ്‌Updated: Thursday Oct 29, 2020


എം സി ഖമറുദ്ദീൻ എംഎൽഎയുടെ ഫാഷൻ ഗോൾഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ മുസ്ലിംലീഗ് നേതൃത്വത്തിന്റെ  പങ്കും അന്വേഷകസംഘം പരിശോധിക്കുന്നു. മധ്യസ്ഥനും ജില്ലാ ട്രഷററുമായ കല്ലട്ര മാഹിൻ ഹാജി, ജില്ലാ പ്രസിഡന്റ്‌ ടി ഇ അബ്ദുള്ള, ജില്ലാ സെക്രട്ടറി എ അബ്ദുൾ റഹിമാൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസം ജ്വല്ലറി എംഡി ടി കെ പൂക്കോയ തങ്ങൾ,  ഡയറക്ടർമാർ, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ എന്നിവരിൽനിന്ന് ശേഖരിച്ച വിവരത്തിന്റെ  അടിസ്ഥാനത്തിലാണ് അന്വേഷണം ലീഗ് നേതാക്കളിലേക്ക്‌ നീളുന്നത്‌.   ഡയറക്ടറായ കണ്ണൂർ സ്വദേശി സൈനുദ്ദീൻ ഇടനിലക്കാരനായി ബംഗളൂരുവിലെടുത്ത 10 കോടി രൂപയുടെ സ്വത്തിന്റെ രേഖയും ആക്ഷൻ കമ്മിറ്റിയുടെ പക്കലുണ്ടായിരുന്ന പയ്യന്നൂരിലെയും കാസർകോട്ടെയും ഭൂമിയുടെ രേഖകളും ലീഗ് ജില്ലാ നേതൃത്വത്തിന്റെ  പക്കലാണെന്ന് ‌ എംഡിയും ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളും  അന്വേഷകസംഘത്തിന്‌ മൊഴി നൽകിയിരുന്നു.

ലീഗ് ജില്ലാ കമ്മിറ്റി  നിക്ഷേപമായി നൽകിയ 40 ലക്ഷം രൂപയുടെ വിവരങ്ങളും ശേഖരിക്കും.  പ്രതിമാസം അരലക്ഷത്തിലേറെ രൂപ ലീഗ്‌ ജില്ലാ കമ്മിറ്റിക്ക് ലാഭവിഹിതമായി നൽകിയതായി ജ്വല്ലറി രേഖകളിലുണ്ട്‌‌.   ബുധനാഴ്ച ക്രൈംബ്രാഞ്ച് സംഘം ചെറുവത്തൂരിലും പയ്യന്നൂരിലുമെത്തി തെളിവ്‌ ശേഖരിച്ചു. ജീവനക്കാരുടെ മൊഴിയുമെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top