23 November Monday

ഉന്നത സ്ഥാനത്തിരിക്കുന്നയാളിൽനിന്ന്‌ പ്രതീക്ഷിക്കാനാകാത്ത നടപടി : ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


നിയമകാര്യ ലേഖകൻ
ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയിൽ  നിന്ന്‌ പ്രതീക്ഷിക്കാനാകാത്ത നടപടിയാണുണ്ടായതെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌   എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയത്. കസ്റ്റംസും എൻഫോഴ്സ്‌‌മെന്റും അറസ്റ്റ് ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടി  സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് അശോക് മേനോൻ തള്ളിയത്. 

പ്രതിയാക്കാനോ ശിക്ഷിക്കാനോ ഉതകുന്ന തെളിവുകൾ ഇതുവരെ ഇഡിക്ക് ലഭിച്ചെന്ന് പറയാൻ കഴിയില്ലെങ്കിലും  അന്വേഷണത്തിനായി ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടത്‌ ആവശ്യമാണെന്നും  കോടതി പറഞ്ഞു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ചാർട്ടേർഡ് അക്കൗണ്ടന്റിന് പരിചയപ്പെടുത്തി, ലോക്കർ ആരംഭിക്കാൻ സഹായിച്ചു. ചാർട്ടേർഡ് അക്കൗണ്ടന്റുമായി ചേർന്ന് എടുത്ത ലോക്കറിലെ പണം സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾക്ക്‌ ശിവശങ്കറിന് മേൽനോട്ടം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സ്വപ്ന നടത്തിയ കള്ളക്കടത്തിനെക്കുറിച്ചും ശിവശങ്കറിന് അറിവുണ്ടാക്കാൻ ഇടയുണ്ടെന്ന് കോടതി പറഞ്ഞു. 

ചാർട്ടേർഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും ശക്തമായ മൊഴികളിൽനിന്ന് ശിവശങ്കറിന്റെ പങ്കും വ്യക്തം. ലോക്കർ എടുക്കാൻ സഹായിക്കാൻമാത്രമാണ് ആവശ്യപ്പെട്ടതെന്ന് ശിവശങ്കർ അവകാശപ്പെടുന്നുണ്ടെങ്കിലും ചാർട്ടേഡ് അക്കൗണ്ടന്റുമായുള്ള ആശയവിനിമയത്തിൽ  ചില സൂചന കാണുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.  സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളിൽ ശിവശങ്കർ ഇടപെടേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top