21 November Thursday

പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ 6 പേർ രംഗത്ത്‌; സുരേന്ദ്രന്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2019


കോഴിക്കോട്‌
ബിജെപി സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‌ സാധ്യതയേറി. നവംബർ രണ്ടാം വാരത്തോടെ പ്രഖ്യാപനമുണ്ടാകും. മിസോറം ഗവർണറായിപ്പോകുന്ന സംസ്ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻപിള്ളക്ക്‌ പകരമായാണ്‌ സുരേന്ദ്രനെത്തുക. ഗ്രൂപ്പുകളുടെ ശക്തമായ എതിർപ്പുണ്ടെങ്കിലും ദേശീയ നേതൃത്വം സുരേന്ദ്രന്‌ പരിഗണന നൽകുന്നതായാണ്‌ സൂചന. കടുത്ത എതിർപ്പിലായിരുന്ന ആർഎസ്‌എസ്‌ നേതൃത്വം അയഞ്ഞതും അനുകൂല ഘടകമാണ്‌.

പ്രസിഡന്റ്‌ സ്ഥാനം സംബന്ധിച്ച്‌ ആർഎസ്‌എസിന്‌ യോജിച്ച അഭിപ്രായമില്ലെന്നതും  പ്രത്യേകതയാണ്‌. സുരേന്ദ്രനെ കൂടാതെ ആറ്‌ പേരുകളാണ്‌ പരിഗണനയിൽ. ഇതിൽ  ആർഎസ്‌എസിലെ ഒരുവിഭാഗം കുമ്മനം രാജശേഖരനായി വാദിക്കുന്നു. വത്സൻ തില്ലങ്കേരിക്കായി ഒരു വിഭാഗമുണ്ട്‌. വിജ്ഞാൻ ഭാരതിയുടെ മുൻ ജനറൽ സെക്രട്ടറി  എ ജയകുമാർ, ഓർഗനൈസർ മുൻ പത്രാധിപർ ആർ ബാലശങ്കർ എന്നിവരുടെ പേരുകളും  ചർച്ചയിലുണ്ട്‌.  ബിജെപിക്കുള്ളിൽ മുൻ സംസ്ഥാന പ്രസിഡന്റ്‌ പി കെ കൃഷ്‌ണദാസ്‌ നയിക്കുന്ന  വിഭാഗം ജനറൽ സെക്രട്ടറി എം ടി രമേശിനായാണ്‌ നിലകൊള്ളുന്നത്‌. നേരത്തെ ആർഎസ്‌എസിന്റെ ശക്തമായ പിന്തുണ രമേശിനായിരുന്നു. പക്ഷേ ശബരിമല സമരത്തിലൂടെ ആർജിച്ച ‘ബലിദാനി ’ പരിവേഷവും തുടർച്ചയായ തെരഞ്ഞെടുപ്പ്‌  തോൽവികളിലൂടെയുള്ള  സഹതാപ പ്രതിച്ഛായയും  സുരേന്ദ്രന്‌ അനുകൂലമായതായി നേതാക്കൾ പറയുന്നു. കുമ്മനത്തിന്‌ ദേശീയ ഭാരവാഹിത്വം, സുരേന്ദ്രന്‌ പ്രസിഡന്റ്‌ പദം എന്ന ധാരണ തർക്കത്തിനൊടുവിൽ രൂപംകൊള്ളുമെന്നാണ്‌ ഈ വിഭാഗത്തിന്റെ പ്രതീക്ഷ.   ഗവർണറായി നിയമിതനായ ശ്രീധരൻപിള്ള തിങ്കളാഴ്‌ച പ്രസിഡന്റ്‌ പദവും ബിജെപി അംഗത്വവും രാജിവച്ചു. നവംബർ ആദ്യം പിള്ള ഗവർണർ പദമേറ്റെടുക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top