20 October Tuesday

ഹിൽ ഇന്ത്യക്ക്‌ താഴ്‌ വീഴുന്നു ; അടച്ചുപൂട്ടണമെന്ന്‌ നീതി ആയോഗ്

കെ പി വേണുUpdated: Tuesday Sep 29, 2020കളമശേരി
കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഹിൽ ഇന്ത്യ ലിമിറ്റഡ് അടച്ചുപൂട്ടാൻ നീതി ആയോഗ് നിർദേശിച്ചു. കമ്പനിയുടെ വിറ്റഴിക്കൽ എളുപ്പമല്ലെന്നും അടച്ചുപൂട്ടണമെന്നുമാണ് കേന്ദ്ര ഫെർട്ടിലൈസേഴ്സ് ആൻഡ്‌ കെമിക്കൽസ് വകുപ്പിന് നൽകിയ നിർദേശം. നേരത്തെ തുടർച്ചയായി നഷ്ടത്തിലായ ഏലൂർ യൂണിറ്റ്‌ പ്രവർത്തനം നിർത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ഉന്നതതല മാനേജ്മെന്റ്‌ സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുംബൈയിലെ രസായനി, പഞ്ചാബിലെ ഭട്ടിൻഡ എന്നിവിടങ്ങളിലേത് ഉൾപ്പെടെ മൂന്ന് യൂണിറ്റുകളും അടച്ചുപൂട്ടാനാണ് നീതി ആയോഗ് നിർദേശിച്ചത്. കമ്പനിക്ക് ഡൽഹിയിൽ കേന്ദ്ര ഓഫീസും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മാർക്കറ്റിങ് ഡിവിഷനുകളുമുണ്ട്. 1800 ജീവനക്കാരാണ് മൂന്ന് യൂണിറ്റുകളിലുമായി ഉള്ളത്.

കേരളത്തിലെ പ്രഥമ കേന്ദ്ര പൊതുമേഖലാ വ്യവസായമാണ് ഏലൂർ ഉദ്യോഗമണ്ഡലിലെ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് കമ്പനി. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായാണ് ഹിൽ (ഇന്ത്യ) ലിമിറ്റഡ് എന്ന പേര് സ്വീകരിച്ചത്. നിലവിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം കൊടുക്കുന്നില്ല.  ശമ്പളത്തിൽനിന്ന് പിടിക്കുന്ന പിഎഫ് വിഹിതം ഫണ്ടിലേക്ക് അടച്ചിട്ട് ഒരു വർഷത്തോളമായി. വിരമിച്ച തൊഴിലാളികൾക്ക് പിഎഫ് വിഹിതം കുടിശ്ശികയാണ്.

ദക്ഷിണേന്ത്യയിലെ മലേറിയ വ്യാപനം തടയാൻ ഡിഡിടി ഉൽപ്പാദനത്തിനായാണ് ഹിൽ സ്ഥാപിച്ചത്. ഡിഡിടി കൂടാതെ എൻഡോസൾഫാൻ, ബെൻസീൻ ഹെക്സോ ക്ലോറൈഡ് (ബിഎച്ച്സി) എന്നിവയും ഉൽപ്പാദിപ്പിച്ചു. ബെൻസീനിലും ക്ലോറിനിലും അധിഷ്ഠിതമായ കീടനാശിനികൾ 1996ൽ ലോകാരോഗ്യ സംഘടന നിരോധിച്ചു. പരിസ്ഥിതി പ്രശ്നങ്ങളെ തുടർന്ന് 2011ൽ എൻഡോസൾഫാൻ ഉൽപ്പാദനം അവസാനിപ്പിച്ചു. 2018ൽ ഡിഡിടി ഉൽപ്പാദനവും നിർത്തി.  വൈവിധ്യവൽക്കരണം നടത്തിയെങ്കിലും പുതിയ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനാകാത്തത് കൂടുതൽ നഷ്ടമുണ്ടാക്കി. നാമമാത്രമായി മാംഗോസെബ് മാത്രമാണ് ഇപ്പോൾ ഉദ്യോഗമണ്ഡലിൽ ഉൽപ്പാദിപ്പിക്കുന്നത്.

മൂലധനവും അസംസ്കൃതവസ്തുക്കളും ആവശ്യസമയത്ത് എത്തിക്കാതിരുന്നതാണ് വലിയ നഷ്ടത്തിലേക്ക് കമ്പനിയെ തള്ളിവിട്ടതെന്ന് എച്ച്ഐഎൽ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി എം അലി പറഞ്ഞു.

ശ്രദ്ധക്ഷണിക്കൽ യോഗം 6ന്‌
കളമശേരി
നീതി ആയോഗ് നിർദേശവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകരുതെന്നും കമ്പനി അടച്ചുപൂട്ടാനുള്ള അണിയറനീക്കങ്ങൾ അവസാനിപ്പിക്കണമെന്നും സേവ് എച്ച്ഐഎൽ ഫോറം ആവശ്യപ്പെട്ടു. തൊഴിലാളി യൂണിയനുകളുമായി ചർച്ച ചെയ്ത് ഏലൂർ ഹിൽ (ഇന്ത്യ) യൂണിറ്റിനെ നിലനിർത്തണം. ഇതുസംബന്ധിച്ച് കേന്ദ്ര രാസവളം മന്ത്രി, മുഖ്യമന്ത്രി, വ്യവസായമന്ത്രി എന്നിവരെ സമീപിക്കും.

ഒക്‌ടോബർ ആറിന് ഏലൂർ എസ്‌ സി എസ് മേനോൻ ഹാളിൽ ശ്രദ്ധക്ഷണിക്കൽ യോഗം നടത്തുമെന്ന്‌ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ കെ എൻ ഗോപിനാഥ്, കെ കെ ഇബ്രാഹിംകുട്ടി, സി ജി രാജഗോപാൽ, കെ കെ വിജയകുമാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top