24 October Saturday

ഗർഭസ്ഥ ശിശുക്കളുടെ മരണം : മഞ്ചേരി മെഡി. കോളേജിൽ വീഴ്‌ചയില്ലെന്ന്‌ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


പ്രസവത്തിനിടെ ഇരട്ടക്കുഞ്ഞുങ്ങൾ മരിക്കാനിടയായ സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രി അധികൃതർക്ക്‌‌ വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക‌ അന്വേഷണ റിപ്പോർട്ട്‌. യുവതിക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ഉറപ്പാക്കിയെന്നും യുവതിയുടെ ബന്ധുക്കൾ‌ ആവശ്യപ്പെട്ടതിനാലാണ്‌‌ കോഴിക്കോട്‌ കോട്ടപ്പറമ്പ്‌ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക്‌ റഫർ ചെയ്‌തതെന്നും റിപ്പോർട്ടിലുണ്ട്‌.

സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും കലക്ടർ കെ ഗോപാലകൃഷ്ണൻ കാരണം കാണിക്കൽ നോട്ടീസ് നൽകി.  ഗൈനക്കോളജി വിഭാഗം അസി.  പ്രൊഫസർ യു രഹ്ന, സീനിയർ റസിഡന്റുമാരായ ഡോ. കെ ആർ ദീപ്തി, ഡോ. നിഷാന എന്നിവർ ഉൾപ്പെടെ 21 ജീവനക്കാരിൽനിന്ന് മൊഴിയെടുത്തു. പ്രാഥമികാന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് എന്നിവർക്ക് കൈമാറി.

പ്രസവ വേദനയെ തുടർന്ന് ശനിയാഴ്ച പുലർച്ചെയാണ് യുവതി മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ തേടിയത്. കോവിഡ്‌ ആശുപത്രിയായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യണമെന്ന് യുവതിയും ബന്ധുക്കളും ആവശ്യപ്പെട്ടു. വേദനയുള്ള സാഹചര്യത്തിൽ റഫർ ചെയ്യാൻ പ്രയാസമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഫോണിലൂടെ യുവതിയുടെ ബന്ധുക്കൾ ഡോ. രഹ്നയെ ബന്ധപ്പെട്ട്‌ കോട്ടപ്പറമ്പ്‌ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക്‌ റഫർ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടു. സാധാരണ മഞ്ചേരിയിൽനിന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്യാറുള്ളത്. പകൽ 11ഓടെ ഡിസ്‌ചാർജ്ചെയ്‌തു. ആംബുലൻസും സജ്ജീകരണങ്ങളും നൽകാമെന്ന് അധികൃതർ അറിയിച്ചിട്ടും യുവതിയുടെ ബന്ധുക്കൾ സ്വന്തം വാഹനത്തിൽ പോകാമെന്ന്‌ അറിയിച്ചതായും  ജീവനക്കാർ മൊഴിനൽകി.

ഒപി സമയം കഴിഞ്ഞാണ്‌  കോട്ടപ്പറമ്പ്‌ ആശുപത്രിയിലെത്തിയത്‌‌. കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്ക്‌ റഫർ ചെയ്‌തെങ്കിലും യുവതിയുടെ ബന്ധുക്കൾ സ്വകാര്യാശുപത്രിയിൽേക്ക്‌ പോയി. ആദ്യം ഓമശ്ശേരിയിലെ സ്വകാര്യാശുപത്രിയുടെ സഹായം തേടിയെങ്കിലും ആർടിപിസിആർ പരിശോധനാ ഫലം ഇല്ലാത്തതിനാൽ അനുമതി നിഷേധിച്ചു. പിന്നീട്‌ മുക്കത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ആരോഗ്യ മന്ത്രി കെ കെ ശൈലജ യുവതിയുടെ ഭർത്താവിനെ ഫോണിൽ ബന്ധപ്പെട്ട്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കിയതായി അറിയിച്ചു. തുടർന്നാണ്‌ ശനിയാഴ്ച വൈകിട്ട് ആറോടെ യുവതിയെ കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അന്വേഷണത്തിന്‌ ഉത്തരവിട്ടു
കോഴിക്കോട്ട്‌ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ  മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന്‌ ഉത്തരവിട്ടു. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എത്രയുംവേഗം അന്വേഷിച്ച്‌ റിപ്പോർട്ട് നൽകണം. വളരെ വേദനാജനകമായ സംഭവമാണിത്‌. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top