31 October Saturday

പ്രളയബാധിത മേഖലയിൽ 16,800 പുതിയ സംരംഭം ; പദ്ധതിക്ക്‌ 70 കോടി

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020


തിരുവനന്തപുരം
പ്രളയബാധിതമേഖലയിൽ  16,800 പുതിയ സംരംഭം ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയം ബാധിച്ച 14 വികസന ബ്ലോക്കിൽ കാർഷിക, കാർഷികേതര മേഖലയിലാണ്‌ ഇവ തുടങ്ങുക. പണം‌ കുറഞ്ഞ പലിശയ്‌ക്ക്‌ ബ്ലോക്കുതല സമിതികൾ നൽകും. 70 കോടി രൂപ സർക്കാർ നീക്കിവച്ചു. കേരള ഫിനാൻഷ്യൽ കോർപറേഷന്റെ   വായ്‌പാനുമതി പത്രങ്ങളുടെ വിതരണോദ്‌ഘാടനം നിർവഹിച്ച്‌  സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കുടുംബശ്രീയിലുള്ളവർക്കും കുടുംബാംഗങ്ങൾക്കും സംരംഭം തുടങ്ങാൻ‌ പിന്തുണ ഉറപ്പാക്കും. 10,000 പേർക്ക്‌  ഗുണം ലഭിക്കും. വ്യക്തിഗത സംരംഭകർക്ക്‌ രണ്ടര ലക്ഷം രൂപവരെയും ഗ്രൂപ്പ്‌ സംരംഭകർക്ക്‌ 10 ലക്ഷം രൂപവരെയുമുള്ള പദ്ധതികൾ ഏറ്റെടുക്കാം.  അനായാസമായി വ്യാപരങ്ങൾ‌ തുടങ്ങാനാകുന്ന നിയമം കഴിഞ്ഞവർഷം നവംബറിൽ നിലവിൽവന്നു.  10 കോടി രൂപവരെ മുതൽമുടക്കുള്ള സംരംഭം തുടങ്ങാൻ മൂന്നുവർഷം ഒരു അനുമതിയും വേണ്ടെന്നാണ്‌‌ നിയമം. ആദ്യ മൂന്നുവർഷത്തേക്ക്‌ വിവിധ നിയമത്തിൻ കീഴിലെ രജിസ്‌ട്രേഷൻ, ലൈസൻസ്‌, പെർമിറ്റ്‌ എന്നിവയിൽനിന്ന്‌ ഒഴിവാക്കും. സ്വയം സാക്ഷ്യപത്രം ആധാരമാക്കി അനുമതി ലഭിക്കും. ഈ സമയത്ത്‌  പരിശോധനയുണ്ടാകില്ല. ആറുമാസത്തിനുള്ളിൽ ലൈസൻസ്‌ നേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിൽ 355 പേർക്കാണ്‌ അനുമതിപത്രം നൽകിയത്‌. കോർപറേഷന്റെ 15 ശാഖകളിലായി സംരംഭകർക്ക് അനുമതിപത്രങ്ങൾ വിതരണംചെയ്തു. 24 പട്ടിക വിഭാഗക്കാർ, 102 വനിതകൾ, 36 മടങ്ങിയെത്തിയ പ്രവാസികൾ തുടങ്ങിയവർ സംരംഭകരിൽ ഉൾപ്പെടുന്നു. ഒരു ജാമ്യവും നൽകാൻ കഴിയാത്ത 114 പേർക്കും വായ്‌പ ലഭിച്ചു.  51 സംരംഭ പദ്ധതിയുടെ വിശദാംശങ്ങൾ അടങ്ങിയ കൈപ്പുസ്തകം ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പ്രകാശനം ചെയ്‌തു. കെഎഫ്‌സി സിഎംഡി ടോമിൻ തച്ചങ്കരി അധ്യക്ഷനായി. വി കെ പ്രശാന്ത് എംഎൽഎ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ് ഹരികിഷോർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്ടർ പ്രൊഫ. കെ ജെ ജോസഫ് എന്നിവർ സംസാരിച്ചു. കെഎഫ്‌സി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top