20 September Friday

മോഡി സ്‌തുതി : തരൂരിനെതിരെ നടപടിയില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019


നരേന്ദ്ര മോഡിയെ പ്രശംസിച്ചതിന്റെ പേരിൽ ശശി തരൂർ എംപിക്ക്‌ എതിരെ തുടർനടപടി വേണ്ടെന്ന്‌ കെപിസിസി തീരുമാനം. തരൂർ നൽകിയ വിശദീകരണം അംഗീകരിച്ച്‌ തുടർ നടപടിയിൽനിന്ന്‌ പിൻവാങ്ങാനാണ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദേശം. തരൂരിനെതിരെ നടപടി എടുക്കുമെന്ന്‌ വീമ്പുപറഞ്ഞെങ്കിലും ഹൈക്കമാൻഡിൽനിന്ന്‌ അനുമതി കിട്ടില്ലെന്നും വ്യക്തമായി. ഇതോടെയാണ്‌ കെപിസിസി തലയൂരിയത്‌.

മോഡി സ്‌തുതി വിവാദത്തിൽ മുതിർന്ന കോൺഗ്രസ്‌ നേതാക്കളും തരൂരും തമ്മിലുണ്ടായ വെല്ലുവിളിയെ തുടർന്നാണ്‌ കെപിസിസി തരൂരിനോട്‌ വിശദീകരണം ചോദിച്ചത്‌. താൻ മോഡിയെ വിമർശിച്ചതിന്റെ പത്തിലൊന്ന്‌ പോലും കേരളത്തിലെ മറ്റു നേതാക്കൾ നടത്തിയിട്ടില്ലെന്ന്‌ അവകാശപ്പെട്ട തരൂർ മുല്ലപ്പള്ളിയെ പരിഹസിക്കുകയും ചെയ്‌തു. ഒരു പാർടി ഫോറത്തിലും താൻ അംഗമല്ലെന്ന്‌ ഓർമിപ്പിച്ച തരൂർ പിന്നെങ്ങനെ നടപടി എടുക്കുമെന്ന്‌ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്‌തു.

മോഡി നല്ലത്‌ ചെയ്‌താൽ ഇനിയും നല്ലത്‌ എന്നുതന്നെ പറയുമെന്ന്‌ തരൂർ വിശദീകരണത്തിലും ആവർത്തിച്ചെങ്കിലും നടപടിയില്ല. താൻ പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്ന്‌ വ്യാഴാഴ്‌ച തിരുവനന്തപുരത്ത്‌ ശശി തരൂർ മാധ്യമങ്ങളോട്‌ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top