15 October Tuesday

ബിഎസ്‌എൻഎല്ലിൽ ഈ മാസവും ശമ്പളം വൈകും

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019


സ്വന്തം ലേഖകൻ
ബിഎസ്എൻഎൽ ജീവനക്കാർക്ക്‌ ആഗസ്‌തിലെ ശമ്പളവും വൈകും. ഇരുപതിനായിരം കോടി രൂപയോളം കടബാധ്യതയുണ്ടെന്ന പേരിലാണ്‌ നീക്കം. ഈവർഷം മൂന്നാം തവണയാണ്‌ ശമ്പളം വൈകിപ്പിച്ച്‌ ബിഎസ്എൻഎൽ ജീവനക്കാരെ വലയ്‌ക്കുന്നത്‌. കരാർ തൊഴിലാളികൾക്ക്‌ ഏഴ്‌ മാസത്തെ ശമ്പളം കുടിശ്ശികയാണ്‌. 1.63 ലക്ഷം ജീവനക്കാർക്ക്‌ ശമ്പളം നൽക്കാൻ 850 കോടി രൂപ വേണം. കേരളത്തിൽ 9577 ജീവനക്കാരുണ്ട്‌. ഓണമടക്കം വരാനിരിക്കെ സംസ്ഥാനത്തെ ജീവനക്കാരുടെ ശമ്പളം നേരത്തെ നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന്‌ ബിഎസ്‌എൻഎൽ എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു.

ബിഎസ്എൻഎല്ലിന്റെ സാമ്പത്തിക നില അനുദിനം രൂക്ഷമാവുകയാണ്‌. ജിയോയുടെ വരവോടെ കുറഞ്ഞ നിരക്കിൽ കൂടുതൽ സേവനങ്ങൾ നൽകേണ്ടിവന്നത്‌ വരുമാനം കുത്തനെ കുറച്ചു. മറ്റ്‌ ടെലികോം കമ്പനികൾ 5ജിയിലേക്ക്‌ കടക്കാൻ നിൽക്കുമ്പോൾ ബിഎസ്എൻഎൽ പല സർക്കിളുകളിലും 3ജി പോലും ലഭ്യമാക്കിയിട്ടില്ല. 4ജി സ്പെക്ട്രം കേന്ദ്രസർക്കാരിൽനിന്ന്‌ ലഭിക്കാതായതോടെ വരിക്കാരുടെ എണ്ണവും കുറഞ്ഞു. പലയിടത്തും ടവറുകളും സർവീസുകളും നിശ്ചലമാണ്. 

പുനരുദ്ധാരണ പാക്കേജിലും അധികബാധ്യത
50 വയസ്സ്‌ കഴിഞ്ഞ ജീവനക്കാർക്കായി വിആർഎസ് പാക്കേജ്, ആസ്തികൾ ഉപയോഗപ്പെടുത്തി വരുമാനം ഉണ്ടാക്കൽ, 4 ജി സ്പെക്ട്രം എന്നിവയടക്കം ബിഎസ്‌എൻഎല്ലിന്റെ പുനരുദ്ധാരണത്തിനായി കേന്ദ്രസർക്കാർ മുന്നോട്ടുവച്ച 14,155 കോടി രൂപയുടെ പാക്കേജും ബിഎസ്‌എൻഎല്ലിന്‌ അധികബാധ്യതയായി. തുകയുടെ ചരക്കുസേവന നികുതി ബിഎസ്‌എൻഎൽ നൽകണമെന്നാണ്‌ പാക്കേജിൽ പറയുന്നത്‌. ഏകദേശം 2547 കോടി രൂപ ബിഎസ്‌എൻഎൽ കണ്ടെത്തേണ്ടിവരും. ഒരുലക്ഷത്തോളം വരുന്ന ജീവനക്കാരെയാണ്‌ വിആർഎസ്‌ നൽകി ഒഴിവാക്കാൻ ശ്രമിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top