24 October Thursday

മാണിയെ തോൽവിയുടെ വക്കിലെത്തിച്ച പാരമ്പര്യം ; ആത്മവിശ്വാസത്തോടെ എൽഡിഎഫ്‌

പ്രത്യേക ലേഖകൻUpdated: Thursday Aug 29, 2019



ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ മൂന്നാംദിവസം സ്ഥാനാർഥിയെ പ്രഖ്യാപിച്ച്‌ തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ടുനീങ്ങുന്ന എൽഡിഎഫ്‌ പാലായിൽ മികച്ച വിജയമാണ്‌ ലക്ഷ്യമിടുന്നത്‌. കെ എം മാണിയുടെ ഭൂരിപക്ഷം കാൽ ലക്ഷത്തിൽനിന്ന്‌ അഞ്ചിലൊന്നായി കുറച്ച മാണി സി കാപ്പൻ നാലാംതവണ പോരിനിറങ്ങുമ്പോൾ മറുവശത്ത്‌ സ്ഥാനാർഥിയെ നിശ്ചയിക്കാൻപോലുമാകാത്ത അവസ്ഥ. അര നൂറ്റാണ്ടിന്‌ ശേഷം പാലായുടെ വിധിയെഴുത്ത്‌ കേരളത്തിന്റെ രാഷ്‌ട്രീയഗതി മാറ്റിമറിക്കുമോയെന്നതാണ്‌ ഏവരും  ഉറ്റുനോക്കുന്നത്‌.

കേരള കോൺഗ്രസിലെ ചേരിപ്പോര്‌ മുതൽ മോഡിയെച്ചൊല്ലിയുള്ള കോൺഗ്രസിലെ അടി വരെ പ്രതിസന്ധിയുടെ കയത്തിൽ മുങ്ങിനിൽക്കുകയാണ്‌ യുഡിഎഫ്‌. ഉപതെരഞ്ഞെടുപ്പ്‌ വരെയെങ്കിലും കേരളാ കോൺഗ്രസ്‌ പോർവിളി നിർത്തിവയ്‌ക്കണമെന്നാണ്‌ കോൺഗ്രസിന്റെ അപേക്ഷ.   മാണി കുടുംബത്തിലെ സ്ഥാനാർഥിയെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന്‌ പി ജെ ജോസഫ്‌ തറപ്പിച്ച്‌ പറഞ്ഞിട്ടുണ്ട്‌. ഭാര്യയെ അംഗീകരിച്ചില്ലെങ്കിൽ താൻ തന്നെ സ്ഥാനാർഥിയാകാമെന്ന് ജോസ്‌ കെ മാണി സൂചന നൽകിയെങ്കിലും അത്‌ കോൺഗ്രസിന്‌ സ്വീകാര്യമല്ല. ജോസ്‌ കെ മാണി വന്നാലും സഹതാപതരംഗം ഉയരാൻ സാധ്യതയില്ലെന്ന് കോൺഗ്രസ്‌ നേതാക്കൾ പറയുന്നു.

ലോക്‌സഭയിൽ ഒന്നരവർഷം കാലാവധി ബാക്കിയുള്ളപ്പോഴാണ്‌ ജോസ്‌ കെ മാണി രാജിവച്ച്‌ രാജ്യസഭാംഗമായത്‌. അതും കോൺഗ്രസിന്‌ അവകാശപ്പെട്ട സീറ്റ്‌ തട്ടിയെടുത്ത്‌. അതിലുള്ള അരിശം ഇപ്പോഴും കോൺഗ്രസുകാരിൽ നീറിനിൽക്കുകയാണ്‌. ഇനി രാജ്യസഭാംഗത്വംകൂടി രാജിവച്ച്‌ സ്ഥാനാർഥിയാകാനുള്ള ശ്രമം കോൺഗ്രസ്‌ അംഗീകരിക്കാനിടയില്ല.


മാണിയെ തോൽവിയുടെ വക്കിലെത്തിച്ച പാരമ്പര്യം
പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വലിയ വിജയപ്രതീക്ഷയാണുള്ളതെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ തോമസ്‌ ചാണ്ടി എംഎൽഎ പറഞ്ഞു. കെ എം മാണി എന്ന ശക്തനായ സ്ഥാനാർഥിയെ തോൽവിയുടെ വക്കിലെത്തിച്ച രാഷ്‌ട്രീയ പാരമ്പര്യവും ബന്ധങ്ങളും മാണി സി കാപ്പന്‌ മണ്ഡലത്തിലുണ്ട്‌. ഇത്‌ എൽഡിഎഫിന്റെ വിജയസാധ്യത വർധിപ്പിക്കുന്നു.  യുഡിഎഫിലെ ഏതെങ്കിലും കക്ഷിയിലെ പടലപ്പിണക്കം  നോക്കിയല്ല എൽഡിഎഫ്‌  പ്രതീക്ഷ പുലർത്തുന്നത്‌. അര നൂറ്റാണ്ടിലേറെ യുഡിഎഫ്‌ കൈയടക്കിവച്ച പാലായിൽ എൽഡിഎഫിന്‌ ലഭിക്കുന്ന വിജയം വലിയ നേട്ടമാകുമെന്നും തോമസ്‌ ചാണ്ടി പറഞ്ഞു. നാലാം തവണയാണ്‌ മാണി സി കാപ്പൻ പാലായിൽ മത്സരിക്കുന്നത്‌. ആദ്യവട്ടം കാൽ ലക്ഷത്തോളം വോട്ടിനാണ്‌  മാണിയോട്‌ പരാജയപ്പെട്ടത്‌.

കഴിഞ്ഞ തവണ മാണിയുടെ ഭൂരിപക്ഷം 4703 ആയി താഴ്‌ത്താൻ മാണി സി കാപ്പന്‌ കഴിഞ്ഞു. മണ്ഡലം പിടിക്കുമെന്ന്‌ ഉറപ്പിച്ചുതന്നെയാണ്‌ തെരഞ്ഞെടുപ്പിന്‌ ഇറങ്ങുന്നതെന്ന്‌ മാണി സി കാപ്പൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top