18 October Friday
ചെയർമാനായി പി ജെ ജോസഫിനെ അംഗീകരിച്ചാൽ മാത്രം ഒത്തുതീർപ്പ്‌

അടുക്കാതെ ജോസും ജോസഫും ; നാളത്തെ കോടതിവിധി നിർണായകം

ഡി ദിലീപ‌്Updated: Thursday Aug 29, 2019

പാലായിൽ എൽഡിഎഫ്‌ സ്ഥാനാർഥിയെ പ്രഖ്യാപിച്ച്‌ ആദ്യ ചുവടുവയ്‌ക്കുമ്പോൾ യുഡിഎഫിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. ചർച്ചയ്‌ക്ക്‌ പോലും തയ്യാറാകാതെ പി ജെ ജോസഫും ജോസ്‌ കെ മാണിയും നിലപാട്‌ കടുപ്പിച്ചു. കേരള കോൺഗ്രസിലെ തർക്കം അവർതന്നെയാണ്‌ പരിഹരിക്കേണ്ടതെന്ന്‌ പറഞ്ഞ്‌ ഉമ്മൻചാണ്ടിയും കൈയൊഴിഞ്ഞു. 31ന്‌ ചേരുന്ന യുഡിഎഫ്‌ നേതൃയോഗത്തിലും സ്ഥാനാർഥി തീരുമാനം ഉണ്ടാകാൻ സാധ്യതയില്ല. 30ന്‌ കേരള കോൺഗ്രസ്‌ തർക്കം സംബന്ധിച്ച കോടതിവിധിയും നിർണായകമാകും.

ഇരുവിഭാഗവും പലവഴി ആലോചനകളിലാണ്‌. കഴിഞ്ഞദിവസം രാത്രി ചേർന്ന ജോസഫ്‌ ഗ്രൂപ്പ്‌ യോഗം തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക്‌ രൂപം നൽകി. ചെയർമാനായി പി ജെ ജോസഫിനെ അംഗീകരിച്ചാൽ മാത്രം ജോസ്‌ കെ മാണിയുമായി ഒത്തുതീർപ്പ്‌ മതിയെന്നാണ്‌ തീരുമാനം. നിഷ ജോസ്‌ കെ മാണിയെ അംഗീകരിക്കില്ല. നിഷയാണ്‌ സ്ഥാനാർഥിയെങ്കിൽ രണ്ടില ചിഹ്‌നം അനുവദിക്കരുതെന്നും യോഗത്തിൽ നിർദേശം ഉണ്ടായി. തങ്ങൾക്ക്‌കൂടി സ്വീകാര്യനായ സ്ഥാനാർഥിയെ 31ന്‌ ജോസ്‌ കെ മാണി വിഭാഗം നിർദേശിക്കട്ടേയെന്നാണ്‌ പി ജെ ജോസഫിന്റെ നിലപാട്‌. സ്ഥാനാർഥിയാരെന്ന്‌ അറിഞ്ഞിട്ട്‌ ഭാവി പരിപാടികൾ തീരുമാനിക്കാമെന്നും ധാരണയായി.

അതേസമയം, ചിഹ്നം കിട്ടിയില്ലെങ്കിലും ജോസഫിന്‌ മുന്നിൽ കീഴടങ്ങരുതെന്നാണ്‌ ജോസ്‌ കെ മാണിയൊടൊപ്പം നിൽക്കുന്നവരുടെ നിലപാട്‌. നിഷയെ തന്നെ സ്ഥാനാർഥിയാക്കാനാണ്‌ നീക്കം. അത്‌ 31ന്‌ യുഡിഎഫ്‌ നേതൃയോഗത്തിൽ അവതരിപ്പിക്കും. ചിഹ്നം അനുവദിക്കാനുള്ള അധികാരം ജോസഫിനാണെന്ന്‌ കരുതി കീഴടങ്ങേണ്ട. ഉപതെരഞ്ഞെടുപ്പായതിനാൽ കോൺഗ്രസ്‌ ജോസ്‌ കെ മാണിയെ കൈവിടില്ല. ജോസഫ്‌ എതിർത്താലും കോൺഗ്രസ്‌ ഒപ്പം നിൽക്കും. ജോസഫിനെ അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി രംഗത്തിറങ്ങുമെന്നും ജോസ്‌ വിഭാഗം വിശ്വസിക്കുന്നു.

ആവശ്യപ്പെട്ടാൽ ഇടപെടും: ഉമ്മൻചാണ്ടി
പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെച്ചൊല്ലി കേരള കോൺഗ്രസിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ അവർതന്നെ പരിഹരിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌  ഉമ്മൻചാണ്ടി. കേരള കോൺഗ്രസ്‌ ആവശ്യപ്പെട്ടാൽ ഇടപെടാൻ കോൺഗ്രസ്‌ തയാറാണ്‌.  ഉപതെരഞ്ഞെടുപ്പ്‌  നേരിടാൻ യുഡിഎഫ്‌ സജ്ജമാണെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട്‌ പറഞ്ഞു.

ആദ്യ ദിനം ഒരു പത്രിക
പാലാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണത്തിനുള്ള ആദ്യദിവസം ഒരു പത്രിക ലഭിച്ചു. സ്വതന്ത്ര സ്ഥാനാർഥി തമിഴ്‌നാട് മേട്ടൂർ സ്വദേശി ഡോ. കെ പത്മരാജനാണ് കലക്ടറേറ്റിൽ വരണാധികാരി ഡെപ്യൂട്ടി കലക്ടർ(ആർആർ) ശാന്തി എലിസബത്ത്‌ തോമസ്‌  മുമ്പാകെ പത്രിക സമർപ്പിച്ചത്. സെപ്‌തംബർ നാലുവരെ പത്രിക സമർപ്പിക്കാം. പകൽ 11 മുതൽ മൂന്നുവരെയാണ്‌ സമയം. അഞ്ചിന്‌ സൂക്ഷ്‌മപരിശോധന. ഏഴുവരെ പത്രിക പിൻവലിക്കാം. 23 ന്‌ വോട്ടെടുപ്പും 27 ന്‌ വോട്ടെണ്ണലും നടക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top