23 February Saturday

ആസൂത്രണമികവിന്റെ മഹായജ്ഞം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

ശുചീകരണത്തിനെത്തിയ സന്നദ്ധപ്രവർത്തകരെ പുളിങ്കുന്ന്‌ ഭാഗത്തേക്ക്‌ ജങ്കാറിൽ കൊണ്ടുപോകുന്നു

ആലപ്പുഴ
അരലക്ഷത്തിലേറെപ്പേർ പങ്കെടുത്ത ശുചീകരണയജ്ഞത്തിന‌് നട്ടെല്ലായത‌് കൃത്യമായ ആസൂത്രണവും നിർവഹണവും. നാടിന്റെ മനുഷ്യവിഭവശേഷിയെ കൃത്യമായ മുൻകരുതലോടെ വിനിയോഗിച്ചപ്പോൾ അത‌് കേരളത്തിന്റെ പുനർനിർമാണ പ്രക്രിയയിൽ വേറിട്ട അധ്യായമായി, പ്രളയത്താൽ മുറിപ്പെട്ട കുട്ടനാടിന‌് അത‌് ജീവവായുവേകി.  

നാലുദിവസംമുമ്പു മാത്രം ആസൂത്രണംചെയ‌്ത പദ്ധതിയിൽ പങ്കാളികളാകാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളെത്തി. അയൽ സംസ്ഥാനങ്ങളിൽ നിന്നും സജീവ പങ്കാളിത്തം.  പ്രളയദുരിതത്തിലാണ്ട കുട്ടനാട്ടുകാരെ  വീടുകളിലേക്ക‌് തിരികെയെത്തിക്കാൻ സുമനസുകളാകെ കൈകോർത്തപ്പോൾ സന്നദ്ധ സേവനത്തിൽ കേരളം ഒരിക്കൽകൂടി  കരുത്തറിയിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനംചെയ‌്തശേഷം കഴിഞ്ഞ 24നാണ‌് മന്ത്രിമാരായ ഡോ. ടി എം തോമസ‌് ഐസക്കും ജി സുധാകരനും ചേർന്ന‌് കുട്ടനാടിന്റെ സമ്പൂർണ ശുചീകരണത്തിന‌് മഹായജ്ഞം പ്രഖ്യാപിച്ചത‌്. സന്നദ്ധ സേവകർക്കായി ഓൺലൈൻ രജിസ‌്ട്രേഷനും ആരംഭിച്ചു. ബന്ധപ്പെടാനുള്ള ഫോൺനമ്പറുകളും നൽകി.

നവമാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചതോടെ സമൂഹത്തിന്റെ വിവിധമേഖലകളിൽനിന്നുള്ള  സന്നദ്ധ പ്രവർത്തകർ കുട്ടനാടിനായി കൈകോർക്കാൻ തയ്യാറായി. മലയാളി സഹപാഠികളിൽനിന്ന‌് വിവരമറിഞ്ഞ‌് ഇതരസംസ്ഥാന വിദ്യാർഥികളുൾപ്പെടെ രജിസ‌്റ്റർചെയ‌്തു. പ്ലംബിങ‌്, വയറിങ‌് ജോലിക്ക‌്  ആയിരങ്ങളെത്തി. സിപിഐ എം 10,000 വളണ്ടിയർമാരെ എത്തിച്ചു. കേരളത്തിന്റെ എല്ലാഭാഗത്തുനിന്നും ഡിവൈഎഫ‌്ഐ പ്രവർത്തകരെത്തി. പലരും തിങ്കളാഴ‌്ച രാത്രിതന്നെ എത്തി. ഇവർക്കായി സഹായകേന്ദ്രം തുറന്നു. നിർദേശങ്ങൾ എളുപ്പം കൈമാറാൻ  സംവിധാനമൊരുക്കി. എല്ലാമേഖലയിലും വളണ്ടിയർമാർ എത്തുന്നുവെന്ന‌് ഉറപ്പാക്കി. ഓരോ വിഭാഗത്തെയും  കൃത്യമായി വിന്യസിച്ചു.

രജിസ‌്റ്റർചെയ‌്തവർ രാവിലെ ഏഴുമുതൽ തന്നെ നിശ‌്ചയിച്ച കേന്ദ്രങ്ങളിലേക്ക‌് പോകാനായി പുന്നമട ഫിനിഷിങ‌് പോയിന്റിലും കെഎസ‌്ആർടിസി സ‌്റ്റാൻഡിലും ബോട്ട‌്ജെട്ടിയിലുമെത്തി.  രജിസ‌്റ്റർചെയ്യാതെ വന്നവർ എസ‌്ഡിവി മൈതാനത്ത‌് ഒത്തുചേർന്നു. ഇവരെയും പലമേഖലയിലേക്കായി വിന്യസിച്ചു.
ഭക്ഷണം, കുടിവെള്ളം, എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികകൾ തുടങ്ങിയവ പുറപ്പെടുന്ന കേന്ദ്രങ്ങളിൽ തന്നെ എല്ലാവർക്കും ഉറപ്പാക്കി. ശുചീകരണസാമഗ്രികൾ എല്ലാ സംഘത്തിനും കൃത്യമായി കൈമാറി.

ഓരോ സംഘത്തിനും പോകാൻ ബോട്ടുകളും ബസുകളും ബാർജുകളും ടിപ്പർ ലോറികളുമുൾപ്പെടെ വാഹനങ്ങൾ സജ്ജമാക്കി. എല്ലാമേഖലയിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പാക്കി.

രണ്ട‌് ടോറസ് ലോറികൾ, 38 ബസുകൾ, 500 ഹൗസ് ബോട്ടുകൾ, 50 മോട്ടോർ ബോട്ടുകൾ, 20 ശിക്കാര വള്ളങ്ങൾ, 20 കെട്ടുവള്ളങ്ങൾ, 10 സ‌്പീഡ് ബോട്ടുകൾ, നാല‌് ജങ്കാറുകൾ എന്നിവയാണ് ശുചീകരണത്തിനായി തയ്യാറാക്കിയത്. 

സർക്കാർ ഉദ്യോഗസ്ഥരുടെ വലിയ നിര ശുചീകരണദൗത്യത്തിൽ പങ്കാളികളായി‌. പൊലീസ‌്, അഗ്നിശമനസേനാംഗങ്ങളും റവന്യൂ, ആരോഗ്യം, തദ്ദേശഭരണം, പൊതുമരാമത്ത‌്, ടൂറിസം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ദൗത്യത്തിന്റെ ഏകോപനചുമതലകളുമായി വിവിധ കേന്ദ്രങ്ങളിലുണ്ട‌്.
ചൊവ്വാഴ‌്ച രാവിലെ തുടങ്ങിയ ശുചീകരണം വരുംദിവസങ്ങളിലും തുടരും. അതിന‌് സന്നദ്ധരായാണ‌് വളണ്ടിയർമാർ കുട്ടനാട്ടിലെത്തിയിരിക്കുന്നത‌്. അവർക്കുവേണ്ട സഹായങ്ങളുമായി കുട്ടനാട്ടുകാരും ഒപ്പമുണ്ട‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top