16 October Wednesday

പെരുമ്പിള്ളി എംജി യുപി സ്‌കൂൾ 
സർക്കാർ ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024


മുളന്തുരുത്തി
ശതാബ്ദി ആഘോഷത്തിന് ഒരുങ്ങുന്ന പെരുമ്പിള്ളി എംജി യുപി സ്കൂൾ സർക്കാർ ഏറ്റെടുത്തു. സ്കൂൾ ഇനിമുതൽ പെരുമ്പിള്ളി ഗവ. യുപി സ്കൂൾ എന്ന്‌ അറിയപ്പെടും. കഴിഞ്ഞദിവസം എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിൽ നടന്ന അദാലത്തിൽ പേരുമാറ്റിയതിന്റെ ഉത്തരവ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രധാനാധ്യാപിക സീന എസ് തോമസ്, അധ്യാപിക നിഷ എബ്രഹാം എന്നിവർക്ക് കൈമാറി.

ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളോടെ 1926ൽ പട്ടാര്യസമാജമാണ്‌ സ്കൂൾ ആരംഭിച്ചത്. പെരുമ്പിള്ളി പട്ടുകുളങ്ങര നാരായണപിള്ള സ്ഥാപിച്ച സ്കൂളിൽ പാപ്പാളിൽ ശങ്കരപിള്ള മാനേജരും കെ വി കുമാരപിള്ള ആദ്യ പ്രധാന അധ്യാപകനും ആയിരുന്നു. പിന്നീട് സ്‌കൂൾ നടത്തിപ്പ് പട്ടാര്യ സമാജത്തിൽനിന്ന് സ്റ്റാഫ് മാനേജ്മെന്റ്‌ സംവിധാനത്തിലേക്ക് മാറി. 1959-–-60ൽ യുപി സ്കൂൾ ആയി ഉയർത്തി. നിലവിൽ കെജി മുതൽ ഏഴുവരെ മലയാളം, ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകളുണ്ട്‌. 

1947ൽ പെരുമ്പിള്ളി ഗ്രാമീണ വായനശാല ആദ്യം  പ്രവർത്തനം തുടങ്ങുന്നത് പെരുമ്പിള്ളി സ്കൂളിന്റെ  ക്ലാസ്‌മുറിയിലായിരുന്നു. അറിവും അച്ചടക്കവും പാഠ്യേതര പ്രവർത്തനങ്ങളിലെ മികവും തുടരുന്ന സ്കൂളിലെ പൂർവവിദ്യാർഥികളിൽ ഒട്ടേറപ്പേർ സമൂഹത്തിലെ വലിയ സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. കല, കായിക മത്സരങ്ങളിലും ശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിലും സ്കൂൾ  മികച്ച നേട്ടങ്ങൾ കൈവരിക്കാറുണ്ട്.

നിലവിൽ കേരളീയ തനിമ നിലനിർത്തുന്ന ക്ലാസ് മുറികൾ, ഐടി ലാബ്, സ്മാർട്ട് ടിവി, സ്മാർട്ട് മൊബൈൽ സ്ലൈഡ്, ശുചിമുറി സമുച്ചയം, പഴവർഗത്തോട്ടം, ആധുനിക പാചകപ്പുര എന്നിവയുണ്ട്‌. സ്കൂൾ സർക്കാർ ഏറ്റെടുത്തതോടെ അടിസ്ഥാനസൗകര്യ വികസനത്തിൽ മികച്ച മുന്നേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top