26 September Saturday

വൃദ്ധയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ ; മകൻ കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020


കുഴൽമന്ദം
വൃദ്ധയുടെ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ടതായി മകൻ പൊലീസിനോട്‌ സമ്മതിച്ചു. കളപ്പെട്ടി പുളിയങ്കാവ് മന്ദത്തുപറമ്പ്‌ വീട്ടിൽ കമലമ്മയുടെ (82) മൃതദേഹമാണ്‌ വീട്ടുവളപ്പിൽ നിന്ന്‌ കണ്ടെത്തിയത്‌. ഇളയമകൻ ബാബുവിനെ (40) പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. മൃതദേഹം പുറത്തെടുത്ത്‌ ജില്ലാ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനെത്തിച്ചു.  

ബാബു പൊലീസിനോട്‌ പറഞ്ഞത്‌ ഇങ്ങനെ: ‘‘ഒരുമാസത്തോളമായി അസുഖം ബാധിച്ച് കിടപ്പിലായ അമ്മ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത നിലയിലായിരുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് കഴിച്ചിരുന്നത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച കുലുക്കി വിളിച്ചിട്ടും അനക്കമൊന്നും കണ്ടില്ല. മരിച്ചതറിയാതെ വെള്ളിയാഴ്‌ചവരെ അമ്മയോടൊപ്പം വീട്ടിൽ കഴിഞ്ഞു. വെള്ളിയാഴ്‌ച രാത്രി വീട്ടുവളപ്പിൽ ഒരടി താഴ്‌ചയിൽ നീളത്തിൽ കുഴിയെടുത്ത് മൃതദേഹം പുതപ്പിൽ പൊതിഞ്ഞുകെട്ടി കുഴിയിൽ കിടത്തി മുകളിൽ ഓടുകൊണ്ട്  മൂടിയശേഷം  മണ്ണിട്ടു. ശേഷം കരിങ്കല്ലുകൾ നിരത്തി.’’

തിങ്കളാഴ്‌ച ആശാ വർക്കർ വീട്ടിലെത്തി കമലമ്മയെ അന്വേഷിച്ചപ്പോൾ അവരോട് കയർത്തു. ഇതിൽ സംശയം തോന്നി  പഞ്ചായത്തംഗത്തെയും കുഴൽമന്ദം പൊലീസിലും വിവരമറിയിച്ചു.  കമലമ്മയുടെ മൂത്തമകൻ രവിയും പൊലീസിൽ പരാതി നൽകി. വീടിന്‌ പൊലീസ്‌ കാവൽ ഏർപ്പെടുത്തിയ ശേഷം അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്‌ച രാവിലെ 10ന് ബാബുവിനെ കുഴൽമന്ദത്തുനിന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ  മൃതദേഹം കുഴിച്ചിട്ടതായി സമ്മതിച്ചു. വിരലടയാള വിദഗ്‌ധരുടെയും ഫോറൻസിക്‌ സംഘത്തിന്റെയും പരിശോധനാ ഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും വന്നശേഷം തുടർനടപടി സ്വീകരിക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top