14 July Tuesday
അവാര്‍ഡ്ദാനം ആഗസ്ത് 19ന്

സംസ്ഥാന ചിത്ര-ശില്‍പ്പ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 29, 2017


കൊച്ചി > കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശില്‍പ്പ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിത്രകലയില്‍ സജിത് പുതുക്കലവട്ടം, സിന്ധു ദിവാകരന്‍, ജഗേഷ് എടക്കാട്, കെ എസ് സൂരജ, ശില്‍പ്പകലയില്‍ എസ് എസ് സജിന്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായതെന്ന് ചെയര്‍മാന്‍ സത്യപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആന്ധ്രയില്‍നിന്ന് രാമകൃഷ്ണ വേതാള, മധ്യപ്രദേശ് സ്വദേശി യൂസഫ്, ചെന്നൈയില്‍നിന്ന് അസ്മ മേനോന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

പുരസ്കാരത്തിനായി ചിത്രകല, ശില്‍പ്പകല വിഭാഗങ്ങളില്‍  243 അപേക്ഷകള്‍ ലഭിച്ചു. സജിത് പുതുക്കലവട്ടത്തിനെ 'വിങ്സ് ഓഫ് സ്പ്രൌട്ടിങ് എര്‍ത്ത്—വേംസ്'’എന്ന ചിത്രവും ജഗേഷ് എടക്കാടിനെ 'ഗ്ളാന്‍സ് ഫ്രം പാസ്റ്റ്-7'’എന്ന രചനയുമാണ് അവാര്‍ഡിനര്‍ഹരാക്കിയത്. മറ്റുള്ളവരുടേത് ശീര്‍ഷകമില്ലാത്ത രചനകളാണ്. 50,000 രൂപയും പ്രശസ്തിപത്രവും നമ്പൂതിരി രൂപകല്‍പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

എറണാകുളം സ്വദേശിയായ സജിത് പുതുക്കലവട്ടം തൃപ്പൂണിത്തുറ ഗവ. ആര്‍എല്‍വി കോളേജില്‍നിന്ന് പെയ്ന്റിങ്ങില്‍ നാഷണല്‍ ഡിപ്ളോമധാരിയാണ്. നിരവധി എക്സിബിഷനുകളില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം 2006, 2014 വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാദമിയുടെ മാന്യമായ പരാമര്‍ശവും 2003-ല്‍ പ്രത്യേക പരാമര്‍ശവും 2008-ല്‍ വിജയരാഘവന്‍ എന്‍ഡോവ്മെന്റ് ഗോള്‍ഡ് മെഡല്‍ തുടങ്ങിയ ബഹുമതികള്‍ കരസ്ഥമാക്കി. അങ്കമാലി സ്വദേശിയായ സിന്ധു ദിവാകരന്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍നിന്ന് ബിഎഫ്എ ബിരുദം നേടിയിട്ടുണ്ട്. ഡല്‍ഹി, കൊല്‍ക്കത്ത, ഭുവനേശ്വര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രൂപ്പ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. അങ്കമാലിയില്‍ ഭിന്നശേഷിയുള്ള കുട്ടികളെ ചിത്രകലയും പഠിപ്പിക്കുന്നു.

കണ്ണൂര്‍ ജില്ലയിലെ എടക്കാട് സ്വദേശിയായ ജഗേഷ് 2012-ലെ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ്, 2014-ല്‍ കൊല്ലം സിദ്ധാര്‍ഥ ഫൌണ്ടേഷന്റെ മാന്യമായ പരാമര്‍ശം എന്നി അംഗീകാരങ്ങള്‍ നേടി. 2004, 2010 വര്‍ഷങ്ങളില്‍ ലളിതകലാ അക്കാദമിയുടെ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനും അര്‍ഹനായി. ചോറ്റാനിക്കര സ്വദേശിയായ കെ എസ് സൂരജ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് പെയിന്റിങ്ങില്‍ എംഎഫ്എ നേടി. തിരുവനന്തപുരം നല്ലൂര്‍വട്ടം സ്വദേശിയാണ് ശില്‍പ്പനിര്‍മാണവിഭാഗത്തില്‍ അവാര്‍ഡിനര്‍ഹനായ എസ് എസ് സജിന്‍.

കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിനോദ് അക്കരപ്പറമ്പില്‍, എം സി ധന്യ, കോഴിക്കോട് അത്തോളി സ്വദേശി ജി എസ് സ്മിത, ഗുരുവായൂര്‍ സ്വദേശി ഗായത്രി എന്നിവര്‍ ചിത്രകലയിലും ശില്‍പ്പകലയില്‍ ശ്രീകുമാര്‍ കെ ഉണ്ണികൃഷ്ണനും അക്കാദമിയുടെ മാന്യമായ പരാമര്‍ശത്തിന് അര്‍ഹരായി. 30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ബഹുമതി.

‘കലാവിദ്യാര്‍ഥികള്‍ക്കുള്ള അക്കാദമിയുടെ പ്രത്യേകപരാമര്‍ശത്തിന് കാലടി സംസ്കൃത സര്‍വകലാശാലയിലെ അരുണ്‍ രവി, തൃശൂര്‍ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ എം എം വിവേക്ദാസ്, തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സിലെ പി എ റിങ്കു അഗസ്റ്റിന്‍  എന്നിവരുടെ ചിത്രങ്ങളും മാവേലിക്കര രാജാ രവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ ഹെല്‍ന മെറിന്‍ ജോസഫ്, തൃശൂര്‍ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ കെ ആര്‍ ഷാന്‍ എന്നിവരുടെ ശില്‍പ്പങ്ങളും അര്‍ഹമായി. 20,000 രൂപയാണ് പുരസ്കാരത്തുക. മികച്ച ഛായാചിത്രത്തിനുള്ള ശങ്കരമേനോന്‍ എന്‍ഡോവ്മെന്റ് സ്വര്‍ണമെഡലിന് കെ എസ് അരവിന്ദും മികച്ച പ്രകൃതിദൃശ്യ ചിത്രത്തിനുള്ള വിജയരാഘവന്‍ എന്‍ഡോവ്മെന്റ് സ്വര്‍ണമെഡലിന് പ്രദീപ് പ്രതാപും അര്‍ഹരായി.

ആഗസ്ത് 19ന് വൈകീട്ട് നാലിന് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനും ജൂറിയംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
 Top