09 August Sunday
ഒന്ന്‌ ആലോചിച്ചിരുന്നെങ്കിൽ അമളി ഒഴിവാക്കാമായിരുന്നു

മിനിമം ഉത്തരവാദിത്തമെങ്കിലും കാണിക്കണം; രമേശ്‌ ചെന്നിത്തലയുടെ ഉഡായിപ്പുകൾക്ക്‌ അക്കമിട്ട്‌ മറുപടി നൽകി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ഉഡായിപ്പുകൾക്ക്‌ അക്കമിട്ട്‌ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ തുരങ്കംവയ്‌ക്കാൻ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഓരോന്നും എടുത്തുപറഞ്ഞാണ്‌ മുഖ്യമന്ത്രി മറുപടി നൽകിയത്‌. മലർപ്പൊടിക്കാരന്റെ സ്വപ്നമാണോ ഉഡായിപ്പാണോ ഇതെല്ലാമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ‘ഇതുവരെ ഉന്നയിച്ച ഒരു ആരോപണവും ക്ലച്ച് പിടിച്ചിട്ടില്ല. പത്രസമ്മേളനം വിളിച്ച് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുക. കുറച്ചുദിവസം ചർച്ചയാക്കാൻ ശ്രമിക്കുക. ഒടുവിൽ ഒന്നും തെളിയിക്കാനാകാതെ വാക്ക് മാറ്റിപ്പറഞ്ഞ് പിന്മാറുക എന്നതാണ് പ്രതിപക്ഷനേതാവ് നടത്തുന്ന അഭ്യാസം. ഒരു സംസ്ഥാനത്തിന്റെയും മൂന്നരക്കോടി ജനങ്ങളുടെയും കാര്യമല്ലേ. അതിൽ മിനിമം ഉത്തരവാദിത്തമെങ്കിലും കാണിക്കണമെന്നേ പ്രതിപക്ഷനേതാവിനോടും അദ്ദേഹത്തെ ഉപദേശിക്കുന്നവരോടും അഭ്യർഥിക്കാനുള്ളു’–- മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി
പ്രതിപക്ഷനേതാവ് പല വേദികളിലും പറഞ്ഞു: കിഫ്ബി മലർപ്പൊടിക്കാരന്റെ സ്വപ്നവും ഉഡായിപ്പുമാണ്‌.

ഇപ്പോൾ കിഫ്‌ബിയുടെ സ്ഥിതി
പ്രഖ്യാപിത ലക്ഷ്യവും പിന്നിട്ട് 56,000 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയത്. 18,500 കോടിയുടെ പദ്ധതികൾ ടെൻഡർ ചെയ്തു. 16,000 കോടി രൂപയുടെ പദ്ധതികളുടെ നിർമാണം ആരംഭിച്ചു. 5400 കോടി രൂപയുടെ ബില്ലുകൾ പാസാക്കി. എല്ലാ നിയോജകമണ്ഡലങ്ങളിലും അഞ്ച്‌ കോടി രൂപവീതം ചെലവിട്ട്‌ ഓരോ സ്കൂൾ രാജ്യാന്തര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി  മാറ്റുന്ന പ്രക്രിയ ഡിസംബറിൽ പൂർത്തീകരിക്കും. മഹാമാരിയുടെ കാലത്ത് വിദ്യാലയങ്ങളെ സജ്ജമാക്കാൻ 45000 ക്ലാസ് മുറിയാണ് ഹൈടെക് ആക്കിയത്. 11,000 എൽപി, യുപി സ്കൂളുകൾ ആധുനികവൽക്കരിച്ചു.

ഇരുപത്തഞ്ചോളം ആശുപത്രികളിൽ 2200 കോടി രൂപ ചെലവിൽ അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുന്നു. പുനലൂർ താലൂക്ക് ആശുപത്രി, കൊച്ചിൻ ക്യാൻസർ സെന്റർ, എറണാകുളം ജനറൽ ആശുപത്രി എന്നിവയുടെ വികസനം ഈവർഷം പൂർത്തിയാകും. വ്യവസായങ്ങൾക്കുവേണ്ടിയുള്ള സ്ഥലമെടുപ്പിന് 14000 കോടി രൂപ വകയിരുത്തി. ഇതിൽ 977 കോടി രൂപ ചെലവിൽ പെട്രോ കെമിക്കൽ പാർക്കിന്റെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി. ഭൂമിവിലയായ 434 കോടി രൂപ ആദ്യ നിക്ഷേപസംരംഭകരായ ബിപിസിഎൽ മുതൽമുടക്കി. പ്രതിപക്ഷനേതാവിന്റെ മണ്ഡലത്തിലെ ജനങ്ങളും കിഫ്ബിയുടെ ഗുണം അനുഭവിക്കുന്നു.

 


 

കൺസൾട്ടൻസി
ജൂൺ 25:- റീബിൽഡ് കേരളയ്‌ക്ക് കെപിഎംജിക്ക് കൺസൾട്ടൻസി നൽകിയതിന് പിന്നിൽ അഴിമതി. കമീഷൻ തട്ടാൻവേണ്ടി സർക്കാർ കരാർ നൽകുന്നു.

ജൂൺ 28: കഴിഞ്ഞദിവസം ഞാൻ കെപിഎംജിക്ക് കൺസൾട്ടൻസി കൊടുത്ത കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് തെറ്റാണെന്നും ശരിയായ നടപടി അല്ലെന്നും ഞാൻ പറഞ്ഞപ്പോൾ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വളരെ വിശദമായി പറഞ്ഞു. ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ് കെപിഎംജിക്ക് കൺസൾട്ടൻസി കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അന്വേഷിച്ചപ്പോൾ ശരിയാണ്. 28 പേർ അപേക്ഷ കൊടുത്തു. അതിൽനിന്ന്‌ അഞ്ചുപേരെ തെരഞ്ഞെടുത്തു. അവർ ടെൻഡർ വിളിച്ചു. അങ്ങനെയാണ് കെപിഎംജി എന്ന കമ്പനിക്ക് കൺസൾട്ടൻസി ഉറപ്പിച്ചത്.

റേഷൻകാർഡ്‌
ഏപ്രിൽ 15: ഇപ്പോൾ അറിയാൻ കഴിഞ്ഞത് റേഷൻകാർഡ് ഉടമകളായ 87 ലക്ഷം പേരുടെ ഡാറ്റ ഇവർക്ക് ആൾറെഡി പോയിട്ടുണ്ട് എന്നുള്ളതാണ്. ചുരുക്കത്തിൽ ആരോഗ്യ ഡാറ്റയും വ്യക്തിഗത വിവരങ്ങളും സ്പ്രിങ്ക്ളർ എന്ന കമ്പനിക്ക് കച്ചവടം ചെയ്തു.

മെയ് 25ന് മാധ്യമപ്രവർത്തകരുടെ ചോദ്യം: 87 ലക്ഷം റേഷൻകാർഡ് ഉടമകളുടെ വിവരം ചോർത്തി നൽകി എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ?
പ്രതിപക്ഷനേതാവിന്റെ ഉത്തരം: അത് ഉപയോഗിക്കുന്നില്ല എന്ന് ഗവൺമെന്റ് പറഞ്ഞപ്പോൾ ഓകെ. ഞാൻ അത് അംഗീകരിക്കുന്നു.

ഇ മൊബിലിറ്റി
ഞായറാഴ്ച അസാധാരണ പത്രസമ്മേളനം വിളിച്ച് പ്രതിപക്ഷനേതാവ്: ഇ മൊബിലിറ്റി ഹബ്ബ് സംബന്ധിച്ച ഡിപിആർ തയ്യാറാക്കാൻ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയെ ഏൽപ്പിച്ചത് ക്രമരഹിതമായിട്ടാണ്. സെബിയുടെ വിലക്കുള്ള കമ്പനിയാണ്‌

വസ്തുത: നടപടിക്രമം കൃത്യമായി പാലിച്ചിട്ടുണ്ട്. ഗതാഗത, ആസൂത്രണ, ധനവകുപ്പുകൾ എന്നിവിടങ്ങളിലെ പരിശോധനയ്ക്കുശേഷമാണ് ഫയലിൽ അന്തിമ തീരുമാനം. കേന്ദ്ര ഏജൻസിയായ നിക്സി എംപാനൽ ചെയ്ത പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കൺസൾട്ടിങ് കമ്പനിയാണ്. അതിന് സെബിയുടെ വിലക്കില്ല.

കളിമണ്ണ്‌
പ്രതിപക്ഷനേതാവ്‌: ‘ടെക്നോസിറ്റിയിൽ കളിമൺ ഖനനം നടത്തുന്നു. ഇത് അഴിമതിയാണ്’

വസ്തുത: കളിമൺ ഖനനത്തിന് അനുമതി നൽകാനുള്ള ഒരു തീരുമാനവും സർക്കാർതലത്തിൽ കൈക്കൊണ്ടിട്ടില്ല.


ഒന്ന്‌ ആലോചിച്ചിരുന്നെങ്കിൽ അമളി ഒഴിവാക്കാമായിരുന്നു

കോൺഗ്രസിലെ മുതിർന്ന നേതാക്കളോടോ മുൻ മുഖ്യമന്ത്രിമാരോടോ ആലോചിച്ചിരുന്നെങ്കിൽ പ്രതിപക്ഷനേതാവിന്‌ അടിസ്ഥാനരഹിത ആരോപണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കൺസൾട്ടിങ്‌ കമ്പനികൾ സർക്കാരുകളുമായി സഹകരിക്കുന്നത്‌ ആദ്യമായല്ല. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ മുസിരിസ്‌ ബിനാലെയെക്കുറിച്ച്‌ പഠനം നടത്തി റിപ്പോർട്ട്‌ സമർപ്പിച്ചത്‌ കെപിഎംജി ആയിരുന്നു. 2005ൽ ഉമ്മൻചാണ്ടി പ്രഖ്യാപിച്ച എയർകേരള പദ്ധതിക്ക്‌ കൊമേഴ്‌സ്യൽ വയബിലിറ്റി റിപ്പോർട്ട്‌ തയ്യാറാക്കി നൽകിയത്‌ ഏണസ്‌റ്റ്‌ ആൻഡ്‌ യങ്‌ ആയിരുന്നു. 2003ൽ എ കെ ആന്റണിയുടെ കാലത്ത്‌ ജിം ഉച്ചകോടിക്കുപിന്നിൽ പ്രവർത്തിച്ചത്‌ ഇപ്പോൾ പ്രതിപക്ഷനേതാവ്‌ വിമർശിക്കുന്ന പ്രൈസ്‌വാട്ടർകൂപ്പറാണ്‌.

ലുധിയാന സ്‌റ്റാർസിറ്റി പ്രോജക്‌ടിലും പുതുശേരി സ്‌മാർട്ട്‌ സിറ്റിയിലും കൺസൾട്ടന്റാണ്‌ ഈ കമ്പനി. മഹാരാഷ്‌ട്ര സർക്കാരിന്റെ ഇ ഗവേണൻസ്‌ കൺസൾട്ടന്റായും എം പാനൽ ചെയ്യപ്പെട്ടിട്ടുണ്ട്‌. അത്തരമൊരു കമ്പനിയെ നടപടിക്രമം പാലിച്ച്‌ വിവിധ വകുപ്പുകളുടെ പരിശോധനയ്‌ക്കുശേഷം തീരുമാനിച്ചതിൽ ഒരു അസാംഗത്യവുമില്ല. പ്രകൃതിക്കും മനുഷ്യനും ഗുണകരമായതും ഭാവിക്ക്‌ അനുയോജ്യമായതുമായ പദ്ധതിയാണ്‌ ഇ മൊബിലിറ്റി.

വികസനം, സാമൂഹ്യക്ഷേമം, പ്രകൃതിസംരക്ഷണം എന്നീ ആശയങ്ങൾ നടപ്പാക്കാൻ ശക്തിപകരണോ, അതോ തുരങ്കംവയ്‌ക്കുന്നവർക്ക്‌ ഒത്താശ പാടണോ എന്ന്‌ കേരള സമൂഹം തീരുമാനിക്കും. ഓരോരുത്തരുടെ മനസ്സിൽ കെട്ടിപ്പടുക്കുന്ന സ്വപ്‌നങ്ങൾക്ക്‌ താൻ മറുപടി പറയുന്നില്ലെന്ന്‌ കുടുംബാംഗങ്ങളെക്കുറിച്ചുള്ള ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട്‌ മുഖ്യമന്ത്രി പ്രതികരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top