23 August Friday

നെല്ല് സംഭരണത്തില്‍ സര്‍വകാല റെക്കോര്‍ഡ്: മന്ത്രി പി തിലോത്തമന്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

ആലപ്പുഴ > ഇത്തവണ സിവില്‍ സപ്ലൈസ് വകുപ്പ് വഴി 6.91 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായും ഇത് സര്‍വകാല റെക്കോര്‍ഡ് ആണെന്നും ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം വരെ മൂന്നര, നാലു ലക്ഷം മെട്രിക് ടണ്‍ ഉണ്ടായിരുന്ന നെല്ലുല്‍പാദനം എട്ടരലക്ഷം മെട്രിക് ടണ്‍ വരെ വര്‍ധിച്ചതായാണ് കൃഷി മന്ത്രി തന്നെ വ്യക്തമാക്കിയത്. കാര്‍ഷിക ഉല്‍പ്പാദനരംഗത്ത് സര്‍ക്കാര്‍ നടത്തിയ വലിയ ഇടപെടലുകളാണ് നെല്ലുല്‍പ്പാദനം വര്‍ധിപ്പിച്ചത് എന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് സംസ്ഥാന തലത്തില്‍ ആരംഭിച്ച ഞാറ്റുവേല ചന്തകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പദ്ധതിയുടെ ഭാഗമായി അശ്വതി ഞാറ്റുവേല മുതല്‍ തിരുവാതിര ഞാറ്റുവേല വരെ നീണ്ടു നില്‍ക്കുന്ന കാലയളവില്‍ പ്രത്യേക കര്‍ഷക സഭയും ഞാറ്റുവേലച്ചന്തകളും സംഘടിപ്പിക്കുന്നുണ്ട്. ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ കൃഷിക്ക് അനുയോജ്യമായ സമയത്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പദ്ധതിയുടെ ഭാഗമായി വാര്‍ഡ് മെമ്പറുടെ അധ്യക്ഷതയില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാര്‍ഡ് തല കര്‍ഷക സഭകള്‍ വിളിച്ചുകൂട്ടും. മികച്ചയിനം വിത്തിനങ്ങളും നടീല്‍ വസ്തുക്കളും കൃഷിക്കാര്‍ക്ക് ലഭ്യമാക്കും. സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ മൂലധന വര്‍ധനവിന് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top