14 July Tuesday

കേസ്‌ പിൻവലിക്കാൻ പണം, ഭീഷണി ; വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ്‌ ചോദ്യംചെയ്യും

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020


സ്വന്തം ലേഖകൻ
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ അനധികൃതമായി പത്തുകോടി രൂപ നിക്ഷേപിച്ച്‌ വെളുപ്പിച്ചെന്ന കേസിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിന്‌ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎയെ വിജിലൻസ്‌ ചോദ്യംചെയ്യും. കേസ്‌ അന്വേഷിച്ച്‌ രണ്ടാഴ്‌ചയ്‌ക്കകം റിപ്പോർട്ട്‌ നൽകണമെന്ന്‌ ഹൈക്കോടതി നിർദേശിച്ചതനുസരിച്ചാണ്‌ ചോദ്യംചെയ്യൽ. പാലാരിവട്ടം പാലം അഴിമതിക്കേസിൽ അഞ്ചാംപ്രതിയായ ഇബ്രാഹിംകുഞ്ഞ്‌ ഈ കേസിൽ അറസ്‌റ്റ്‌ പ്രതീക്ഷിക്കുന്നതിനാൽ മുൻകൂർ ജാമ്യത്തിന്‌ ശ്രമം ആരംഭിച്ചു.  

ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചത്‌ പാലാരിവട്ടം പാലം നിർമാണ അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണമാണെന്നാണ്‌ പരാതി. കളമശേരി സ്വദേശിയായ ജി ഗിരീഷ്‌ബാബുവാണ്‌ പരാതിക്കാരൻ. പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ പരാതിക്കാരൻ ഉപഹർജിയും നൽകി‌.  ഇതേത്തുടർന്ന്‌ ഇബ്രാഹിംകുഞ്ഞും മകൻ വി ഇ അബ്‌ദുൾ ഗഫൂറുംചേർന്ന്‌ തന്നെ ഭീഷണിപ്പെടുത്തിയതായും  പരാതി പിൻവലിക്കാൻ അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്‌തതായും എൻഫോഴ്‌സ്‌മെന്റിനെയും ഹൈക്കോടതിയെയും അറിയിച്ചു. പരാതിക്കാരന്റെ കത്ത്‌ പരിഗണിച്ചാണ്‌ കഴിഞ്ഞ 19ന്‌ ഹൈക്കോടതി വിജിലൻസ്‌ ഐജിയോട്‌ ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടത്‌. 

പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസിൽ മൂന്നുവട്ടം വിജിലൻസ്‌ ചോദ്യം ചെയ്‌തുകഴിഞ്ഞു‌.  ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ വിജിലൻസ്‌ സമാഹരിച്ചിട്ടുമുണ്ട്‌. ഈ സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിച്ച കേസിലെ ചോദ്യം ചെയ്യൽ അറസ്‌റ്റിൽ കലാശിക്കുമെന്ന്‌ ഭയന്നാണ്‌ ഇബ്രാഹിംകുഞ്ഞ്‌ മുൻകൂർ ജാമ്യത്തിന്‌ ശ്രമം തുടങ്ങിയത്‌.

ഇബ്രാഹിംകുഞ്ഞിന്റെ മകനെ കഴിഞ്ഞദിവസം വിജിലൻസ്‌ ചോദ്യംചെയ്‌തിരുന്നു. അടുത്തദിവസംതന്നെ ഇബ്രാഹിംകുഞ്ഞിനെയും ചോദ്യം ചെയ്‌തേക്കുമെന്നാണ്‌ സൂചന. അന്വേഷണ ചുമതലയുള്ള ഐജി എച്ച്‌ വെങ്കിടേഷ്‌   എറണാകുളത്ത്‌ തങ്ങുന്നുണ്ട്‌. എന്നാൽ ഇബ്രാഹിംകുഞ്ഞ്‌ സ്ഥലത്തില്ലെന്നും സൂചനയുമുണ്ട്‌.


പ്രധാന വാർത്തകൾ
 Top