14 July Tuesday
16.4 ശതമാനം സ്‌ത്രീകളാണ്‌‌ കേരളത്തിലെ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നത്‌

തൊഴിലിടങ്ങളിൽ സ്‌ത്രീപങ്കാളിത്തം കൂട്ടണം : ആസൂത്രണബോർഡിന്റെ പഠന റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020


തിരുവനന്തപുരം
കോവിഡാനന്തര കേരളത്തിൽ തൊഴിലിടങ്ങളിൽ  സ്‌ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്ന്‌‌ സംസ്ഥാന ആസൂത്രണബോർഡിന്റെ പഠന റിപ്പോർട്ട്‌. 16.4 ശതമാനം സ്‌ത്രീകളാണ്‌‌ കേരളത്തിലെ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നത്‌. അധികവും അസംഘടിത മേഖലയിലാണ്‌‌‌. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്‌ത്രീകളുടെ തൊഴിൽ മേഖലകളിൽ ഭീമമായ നഷ്‌ടമുണ്ടായി. മഹാത്മാഗാന്ധി തൊഴിലുറപ്പ്‌‌ പദ്ധതിയിൽ 177 കോടിയുടെ നഷ്ടം. അയ്യൻങ്കാളി തൊഴിലുറപ്പ്‌ പദ്ധതിയിൽ 15 കോടിയും കുടുംബശ്രീയുടെ ചെറുസംരംഭങ്ങളിൽ 50 കോടിയുമാണ്‌ നഷ്‌ടം. ഇതുകൂടാതെ സെയിൽസ്‌‌ ഗേൾസ്‌, ബ്യൂട്ടി പാർലർ, മത്സ്യമേഖല, ദിവസവേതന ജോലികൾ, വീട്ടുജോലികൾ തുടങ്ങിയ അസംഘടിത മേഖലയിലും നഷ്‌ടമുണ്ടായി. പലർക്കും ജോലി നഷ്‌ടപ്പെട്ടെന്നും "കോവിഡ്‌–-19 സ്‌ത്രീകളുടെ തൊഴിലിന്മേലുള്ള ആഘാതം' എന്ന റിപ്പോർട്ടിൽ പറയുന്നു. കോവിഡാനന്തരം  സ്‌ത്രീ കേന്ദ്രീകൃത തൊഴിലിടങ്ങളുടെ സാധ്യതകൾ സർക്കാർ തേടണം.

തൊഴിലിടങ്ങൾ സ്‌ത്രീ സൗഹൃദമാക്കണം. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി പലിശരഹിത വായ്‌പകൾ ലഭ്യമാക്കണം. സൂക്ഷ്‌മ, ചെറുകിട, ഇടത്തര സ്ഥാപനങ്ങൾ ജോലിയുടെ നിശ്ചിതശതമാനം സ്‌ത്രീകൾക്കായി മാറ്റിവയ്‌ക്കണം. വ്യവസായ പാർക്കുകളിൽ സ്‌ത്രീകൾക്കായി പ്രത്യേക ഇടങ്ങൾ കണ്ടെത്തണം. തൊഴിൽ ഉറപ്പുവരുത്തുന്നതിനായി സാമ്പത്തികസഹായം നൽകണം. അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്നവരെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ കൊണ്ടുവരണം‌ തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്‌. ആസൂത്രണ ബോർഡംഗം ഡോ. മൃദുൽ ഈപ്പൻ, ബോർഡ്‌ അസിസ്റ്റന്റ്‌ ഡയറക്‌ടർ ഡോ. ബിന്ദു പി വർഗീസ്‌, സാമ്പത്തിക ഉപദേഷ്‌ടാവ്‌ ഡോ. ഗായത്രി നായർ എന്നിവരാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.


പ്രധാന വാർത്തകൾ
 Top