26 May Tuesday

കരുതലായി സഹകരണ സ്ഥാപനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

പള്ളിയാക്കൽ സഹകരണ ബാങ്ക‌്

കൊച്ചി
പാലും മുട്ടയും മീനും മുടക്കാതെ പറവൂർ പള്ളിയാക്കൽ സഹകരണ ബാങ്ക‌്. വൈറസിനെ പ്രതിരോധിക്കാൻ മാസ‌്ക‌് തുന്നി കോരമ്പാടം. അവശ്യവ‌സ‌്തുക്കൾ വീടുകളിലെത്തിച്ച‌് ഇടപ്പള്ളി. വായ‌്പകൾക്ക‌് മൊറട്ടോറിയം പ്രഖ്യാപിച്ച‌് തൃപ്പൂണിത്തുറ. മഹാമാരിയെ നേരിടുന്ന ജനതയ‌്ക്ക‌് പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും കരുത്ത‌ുപകർന്ന‌് നാടിന്റെ സ്വന്തം സഹകരണ സ്ഥാപനങ്ങൾ.

അതിജീവനത്തിനായി നാട‌് പൊരുതുമ്പോൾ, ദിവസവുമുള്ള പാൽ, മീൻ, മുട്ട, ജൈവപച്ചക്കറി എന്നിവയുടെ വിതരണം മുടക്കി പള്ളിയാക്കൽ ബാങ്കിന‌് വെറുതെയിരിക്കാനാകില്ല. 800 ലിറ്റർ പാലും 300 കിലോ പച്ചക്കറിയും ഒരുരൂപപോലും വർധിപ്പിക്കാതെയാണ‌് വിൽപ്പന. ആവശ്യത്തിനനുസരിച്ച‌് കാളാഞ്ചിയും വറ്റയും തിലോപ്പിയ മീനും വിൽപ്പനയ‌്ക്കുണ്ട‌്. ജൈവ അരിയുടെ ആവശ്യത്തിനനുസരിച്ച‌് വിതരണം ചെയ്യുമെന്ന‌് ബാങ്ക‌് പ്രസിഡന്റ‌് എം എസ‌് ജയചന്ദ്രൻ പറഞ്ഞു. പറവൂർ ടൗൺ, കടക്കര കവലയിലെ കാർഷിക സേവനകേന്ദ്രം, ചാത്തനാട‌് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽനിന്ന‌് ഉൽപ്പന്നങ്ങൾ വാങ്ങാം. എഴീക്കര കമ്യൂണിറ്റി ഹെൽത്ത‌് സെന്ററിന‌് ഒന്നരലക്ഷം രൂപയുടെ എൻ 95 മാസ‌്കുകളും ഹാൻഡ‌് വാഷും ക്ലീനിങ‌് ലോഷനും കൈമാറി. അംഗങ്ങൾക്ക‌് 10,000 രൂപ പലിശരഹിതവായ‌്പ നൽകും.

വില വർധിപ്പിക്കാതെ നാടിന‌് ഗുണമേന്മയുള്ള അരിയും മറ്റ‌ു പലവ്യഞ്ജനങ്ങളും യഥേഷ‌്ടം നൽകുകയാണ‌് 328–-ാംനമ്പർ ഇടപ്പള്ളി സഹകരണ ബാങ്ക‌്. പൊതുവിപണിയിൽ 205 രൂപ വിലയുള്ള വെളിച്ചെണ്ണ‌ 183 രൂപയ‌്ക്കാണ‌് ബാങ്ക‌് നൽകുന്നത‌്. 69 രൂപയുടെ പുട്ടുപൊടി 48 രൂപയ‌്ക്കും നൽകുന്നു. 9072653059 എന്ന വാട‌്സ‌ാപ‌് നമ്പരിൽ ഓർഡർ നൽകിയാൽ ബാങ്കിന്റെ എളമക്കര സൂപ്പർമാർക്കറ്റിൽനിന്ന‌് വീടുകളിലേക്ക‌് സൗജന്യമായി സാധനങ്ങളെത്തിക്കുമെന്ന‌് പ്രസിഡന്റ‌് പി എച്ച‌് ഷാഹുൽ ഹമീദ‌് പറഞ്ഞു.

വൈറസിനെ പ്രതിരോധിക്കാനുള്ള മാസ‌്ക‌് നിർമിച്ച‌് സൗജന്യമായി വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ‌് കോരമ്പാടം സഹകരണ ബാങ്ക‌്. അരലക്ഷം മാസ‌്ക‌് നിർമാണം ആരംഭിച്ചതായി സെക്രട്ടറി ഹാരോൾഡ‌് നിക്കോൾസൺ പറഞ്ഞു. ആശുപത്രികൾ, പൊലീസ‌്, കെഎസ‌്ഇബി എന്നിവയ‌്ക്ക‌് സൗജന്യമായാണ‌് മാസ‌്ക‌് നൽകുക. 30 ബാങ്ക‌് അംഗങ്ങളുടെ വീടുകളിൽ മാസ‌്ക‌് നിർമിക്കുന്നതും സൗജന്യമായാണ‌്.

കോവിഡ‌്–-19 പ്രതിരോധകാലത്ത‌് അംഗങ്ങൾക്ക‌് നാല‌് ശതമാനം പലിശനിരക്കിൽ സ്വർണവായ‌്പ നൽകുമെന്ന‌് തൃപ്പൂണിത്തുറ പീപ്പിൾസ‌് അർബൻ ബാങ്ക‌് പ്രസിഡന്റ‌് സി എൻ സുന്ദരൻ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളിൽ ഒമ്പതുമുതൽ 12 ശതമാനം ഏപ്രിൽ ഒന്നുമുതൽ വായ‌്പവിതരണം ആരംഭിക്കും. മറ്റ‌് വായ‌്പകൾക്കുള്ള മൊറട്ടോറിയം തിങ്കളാഴ‌്ച ആരംഭിക്കും.


പ്രധാന വാർത്തകൾ
 Top