21 February Thursday

പയ്യപ്പിള്ളി ബാലന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 29, 2016

കൊച്ചി > സ്വാതന്ത്യ്ര സമരസേനാനിയും വ്യവസായ ജില്ലയിലെ കമ്യൂണിസ്റ്റ് കാരണവരും പ്രശസ്ത എഴുത്തുകാരനുമായ പയ്യപ്പിള്ളി ബാലന്‍ അന്തരിച്ചു. 91 വയസായിരുന്നു.ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഐ എം കളമശേരി ഏരിയ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഏലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അബുദാബി ശക്തി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മഞ്ഞുമ്മല്‍ പയ്യപ്പിള്ളി പാപ്പിയമ്മയുടെയും നാവുള്ളി കൂടാനക്കാട്ട് ഇരവിരാമന്‍പിള്ളയുടെയും മകനായി 1925 ജൂണ്‍ ഒന്നിനാണ് ബാലകൃഷ്ണപിള്ള എന്ന പയ്യപ്പിള്ളി ബാലന്‍ ജനിച്ചത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലും പിന്നീട് 1965ലെ കേന്ദ്രകോണ്‍ഗ്രസ് സര്‍ക്കാരിന്റെ കമ്യൂണിസ്റ്റ് വേട്ടയിലും അടിയന്തിരാവസ്ഥയിലും തടവിലാക്കപ്പെട്ടു. തടവറയില്‍ നിഷ്ഠുര പീഡനത്തിനും പുറത്ത് രാഷ്ട്രീയ എതിരാളികളുടെ ക്രൂരമര്‍ദനത്തിനും ഇരയായിട്ടുണ്ട്.

ആലുവ അദ്വൈതാശ്രമം സംസ്കൃതപാഠശാല വിദ്യാര്‍ഥിയായിരിക്കെ 13–ാം വയസ്സില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ചാണ് പൊതുരംഗത്ത് എത്തിയത്. പിന്നീട് ഇടപ്പള്ളി ഇംഗ്ളീഷ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1942 ആഗസ്ത് ഒമ്പതിന് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും പങ്കാളിയായി. 1945–ല്‍ ആലുവ യുസി കോളേജില്‍ വിദ്യാര്‍ഥി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകനായി. 

1950ലാണ് ഇടപ്പള്ളിക്കേസില്‍ അറസ്റ്റിലായത്. ഈ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഏഴ് വര്‍ഷത്തിലധികം ജയില്‍വാസമനുഷ്ഠിച്ചു. 57ലെ ഇഎംഎസ് സര്‍ക്കാര്‍ രാഷ്ട്രീയ തടവുകാരെ വിട്ടയച്ചപ്പോഴാണ് മോചിതനായത്. പിന്നീട് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി ആലുവ മണ്ഡലം കമ്മിറ്റി സെക്രട്ടറി, ജില്ലാ കൌണ്‍സില്‍ അംഗം, സിപിഐ എം ജില്ലാകമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലേക്കും അദ്ദേഹം ഉയര്‍ന്നു. ദേശാഭിമാനി കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ കുറച്ചുകാലം പത്രത്തില്‍ ജോലി ചെയ്തു. ആര്‍എസ്എസ്, കോണ്‍ഗ്രസ് ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

പരേതയായ ശാന്താദേവിയാണ് ഭാര്യ. ഡോ. ജ്യോതി(തൃപ്പൂണിത്തുറ അനുഗ്രഹ ക്ളിനിക്), ബിജു(കെല്‍), ദീപ്തി(റിനൈ മെഡിസിറ്റി) എന്നിവര്‍ മക്കള്‍. ആര്‍ എസ് ശ്രീകുമാര്‍(കൊച്ചി റിഫൈനറി), വി എ ശ്രീകുമാര്‍(അബുദാബി), സന്ധ്യ(കെല്‍) എന്നിവര്‍ മരുമക്കളാണ്

ഇടപ്പള്ളി സംഭവവും ഈ കേസിലെ പ്രതികള്‍ തടവറയില്‍ അനുഭവിച്ച നിഷ്ഠുര പീഡനങ്ങളും വിവരിച്ച 'ആലുവാപ്പുഴ പിന്നെയും ഒഴുകി' ആണ് പയ്യപ്പിള്ളി ബാലന്റെ പ്രധാന കൃതി. 'ആലുവ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആദ്യനാളുകള്‍', 'മായാത്ത സ്മരണകള്‍ മങ്ങാത്ത മുഖങ്ങള്‍(രണ്ടുഭാഗം)', 'പാലിയം സമരകഥ', 'പൊരുതിവീണവര്‍', 'സ്റ്റാലിന്റെ പ്രസക്തി', ചരിത്രം പൊളിച്ചെഴുതുകയോ, 'ആലുവ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം','അവരുടെ വഴികള്‍ എന്റെ കാഴ്ചകള്‍' എന്നീ പുസ്തകങ്ങളും രചിച്ചു. മായാത്ത സ്മരണകളുടെ രണ്ടാം ഭാഗം പ്രകാശനത്തിന് ഒരുങ്ങുകയാണ്. ആത്മകഥാംശമുള്ള ജ്ഞാനസ്നാനം എന്ന നോവലും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത് ഉടന്‍ പുറത്തിറങ്ങും.
 

പ്രധാന വാർത്തകൾ
 Top