05 April Sunday

ബാലൻ ഭാസ്കരൻ വധശ്രമക്കേസ്‌: 8 ആർഎസ്‌എസുകാർക്ക്‌, 10 വർഷം തടവും പിഴയും

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

തലശേരി
കൂത്തുപറമ്പ് മാങ്ങാട്ടിടത്തെ സിപിഐ എം പ്രവർത്തകൻ കുറുമ്പക്കൽ ചാത്തമ്പറ്റ ഹൗസിൽ ബാലൻ ഭാസ്കരനെ (60) വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ എട്ട്‌ ആർഎസ്‌എസ്സുകാരെ തലശേരി പ്രിൻസിപ്പൽ അസി. സെഷൻസ്‌ ജഡ്‌ജി ഹരിപ്രിയ പി നമ്പ്യാർ പത്ത്‌ വർഷം  കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
  
  മാങ്ങാട്ടിടം കിണറ്റിന്റവിട തയ്യിൽ ഹൗസിൽ പുത്തലത്ത് വിനോദൻ(52), മാങ്ങാട്ടിടം പാറേമ്മൽ ഹൗസിൽ പള്ളിപ്പിരിയത്ത്‌ നിധീഷ് (32), മാങ്ങാട്ടിടം പാറക്കണ്ടി ഹൗസിൽ ഉച്ചുമ്മൽ രാമകൃഷ്ണൻ എന്ന രാമൻ (54), പാർവതി ഹൗസിൽ പുത്തൻവീട്ടിൽ മാവില സജിൽ എന്ന സജിത്ത് (33), കിണറ്റിന്റവിട മഠത്തിൽ ഹൗസിൽ പുതിയേടത്ത് ബിജു (46), കൂത്തുപറമ്പ്‌ ആമ്പിലാട്ടെ വലംപിരി ഹൗസിൽ അതിർകുന്നേൽ പ്രജീഷ് (37), അതിർകുന്നേൽ സുബിൻലാൽ (37), ആമ്പിലാട്‌ താരിപ്പൊയിൽ പുന്നക്കൽ ദയാളൻ (47) എന്നിവരെയാണ്‌ ശിക്ഷിച്ചത്‌.

   പിഴയടച്ചില്ലെങ്കിൽ നാലു വർഷംകൂടി തടവ്‌ അനുഭവിക്കണം. പിഴയടച്ചാൽ പരിക്കേറ്റയാൾക്ക്‌ നൽകാനും കോടതി വിധിച്ചു. വിവിധ വകുപ്പുകളിലായി എട്ട്‌ പ്രതികൾക്കും 20 വർഷവും ഒമ്പത്‌ മാസവും 15 ദിവസവും കഠിന തടവാണ്‌ വിധിച്ചത്‌. തടവ്‌ ഒന്നിച്ച്‌ അനുഭവിച്ചാൽമതിയെന്നതിനാൽ  10 വർഷം മതിയാകും.നിയമവിരുദ്ധമായി സംഘം ചേർന്ന്‌ ലഹളക്ക്‌ ശ്രമിച്ചതിന്‌ രണ്ടും ഏഴും പ്രതികളായ നിധീഷ്‌, സുബിൻലാൽ എന്നിവരെ ഓരോ വർഷം കഠിനതടവിനും ശിക്ഷിച്ചു.

     2008 ഫെബ്രുവരി 12ന് വൈകിട്ട്‌ ആമ്പിലാട്‌ കുറുമ്പക്കാൽ കരുവാൻകണ്ടി മുത്തപ്പൻ ക്ഷേത്രത്തിനടുത്ത കനാൽക്കരയിൽവച്ചായിരുന്നു ആക്രമണം.  ആർഎസ്‌എസ്‌–-ബിജെപിക്കാരായ എട്ടംഗ സംഘം ആയുധങ്ങളുമായി ബാലൻ ഭാസ്‌കരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്നാണ്‌ കൂത്തുപറമ്പ്‌ പൊലീസ്‌ ചാർജുചെയ്‌ത കേസ്‌. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക്‌ പ്രോസിക്യൂട്ടർ സി കെ രാമചന്ദ്രൻ ഹാജരായി.


പ്രധാന വാർത്തകൾ
 Top