Deshabhimani

കോൺഗ്രസിന്‌ മൗനം ; ഗവർണറുടെ നടപടിയിൽ പ്രതികരിക്കാൻ തയ്യാറാകാതെ വി ഡി സതീശൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 01:59 AM | 0 min read



തിരുവനന്തപുരം
കെടിയു, ഡിജിറ്റൽ സർവകലാശാലകളിൽ തന്നിഷ്ടപ്രകാരം താൽക്കാലിക വിസിമാരെ നിയമിച്ച ഗവർണറുടെ നടപടിയിൽ പ്രതികരിക്കാൻ തയ്യാറാകാതെ കോൺഗ്രസ്‌. സംസ്ഥാന സർക്കാരിനെയും സർവകലാശാല ചട്ടങ്ങളെയും ഹൈക്കോടതിവിധിയെയും കാറ്റിൽപ്പറത്തി നടത്തിയ നിയമനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴും കോൺഗ്രസ്‌ മൗനത്തിലാണ്‌. മുസ്ലിംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി ഗവർണറെ തള്ളിയെങ്കിലും യുഡിഎഫിന്‌ ഇക്കാര്യത്തിൽ ഏകീകൃത നിലപാടില്ലെന്ന്‌ തെളിഞ്ഞു. വ്യാഴാഴ്‌ച മറ്റെല്ലാ വിഷയങ്ങളിലും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പ്രതികരിച്ചെങ്കിലും രണ്ട്‌ സർവകലാശാലകളിലെ ചട്ടവിരുദ്ധ നിയമനങ്ങൾ കണ്ടില്ലെന്ന്‌ നടിച്ചു. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള ഗവർണറുടെ ഇത്തരം നീക്കങ്ങളെയെല്ലാം പ്രതിപക്ഷ നേതാവ്‌ ‘ഒത്തുകളി’ യെന്ന്‌ പറഞ്ഞ്‌ പരിഹസിക്കാറാണ്‌ പതിവ്‌.

ഇക്കാര്യത്തിലുള്ള കോൺഗ്രസിന്റെ അഭിപ്രായം തേടാൻ മാധ്യമങ്ങൾക്കും താൽപ്പര്യമില്ല. ഡിജിറ്റലിൽ താൽക്കാലിക വിസി ആക്കിയ കുസാറ്റിലെ അധ്യാപകനായ ശിവപ്രസാദ്‌ പ്രത്യക്ഷത്തിൽത്തന്നെ സംഘപരിവാർ രാഷ്‌ട്രീയത്തിന്റെ വക്താവാണ്‌. ഡോ. സിസ തോമസാകട്ടെ നേരത്തേ തന്നെ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നയാളാണ്‌. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കലാണ്‌ ഗവർണറുടെ ലക്ഷ്യമെന്ന്‌ തെളിഞ്ഞിട്ടും കോൺഗ്രസ്‌ നിലപാടെടുക്കാത്തത്‌ സംസ്ഥാനവിരുദ്ധ താൽപ്പര്യത്തിന്‌ പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണെന്നത്‌ വ്യക്തം.

ഗവർണറുടെ നടപടിയെ 
പിന്തുണയ്‌ക്കില്ല: ലീഗ്‌
കേരളത്തിലെ സർവകലാശാലകളിൽ തന്നിഷ്ടപ്രകാരം നിയമനം നടത്തുന്ന ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാന്റെ നടപടിയെ മുസ്ലിം ലീഗ്‌ പിന്തുണയ്‌ക്കില്ലെന്ന്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഗവർണറുടെ നടപടി ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സർവകലാശാല ഭരണത്തിൽ സംസ്ഥാന സർക്കാരിനോട്‌ എതിർപ്പുണ്ട്, സമരംചെയ്യാറുണ്ട്. പക്ഷെ ഗവർണർ പദവി ഉപയോഗിച്ച്‌ സർവകലാശാലകൾ ഭരിക്കുന്ന നടപടി അംഗീകരിക്കാനാവില്ല.  സംഭാൽ സംഘർഷത്തിൽ സുപ്രീംകോടതി ഇടപെടണം. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം അനുവദിച്ചുകൊടുക്കണം–- അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home