10 August Monday

സിപിഐ എം ഫണ്ട്‌ ശേഖരണം വിജയിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2019


സിപിഐ എം പ്രവർത്തന ഫണ്ട്‌ വിജയിപ്പിക്കാൻ പാർടി സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു. വിവിധ ഘടകങ്ങളുടെ ഒരു വർഷത്തെ പ്രവർത്തനത്തിനാണ്‌ ഫണ്ട് സ്വരൂപിക്കുന്നത്‌. ജനുവരി  ഒന്നുമുതൽ 15 വരെയുള്ള തീയതികളിൽ ഫണ്ട് സ്വരൂപിക്കാൻ  മുഴുവൻ പാർടി ഘടകങ്ങളോട്‌  സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. 

ആഗോളവൽക്കരണനയങ്ങൾ കൂടുതൽ ശക്തമായി നടപ്പാക്കുകയാണ് ബിജെപി സർക്കാർ. രാജ്യത്തിന്റെ പൊതുസ്വത്ത് തീറെഴുതുന്ന നടപടിയുമായി ശക്തമായി മുന്നോട്ടുപോകുന്നു. ബിപിസിഎൽ ഉൾപ്പെടെയുള്ള കമ്പനികളെ തുച്ഛവിലയ്‌ക്ക് വിറ്റഴിക്കുന്നു. ജനാധിപത്യസംവിധാനം കുതിരക്കച്ചവടത്തിന് വിധേയമാക്കുന്ന സംഭവങ്ങൾ കശ്മീരിലും   മഹാരാഷ്ട്രയിലും കണ്ടു. ജനങ്ങളുടെ  ചെറുത്തുനിൽപ്പ്‌  ഇല്ലാതാക്കുന്നതിന് വർഗീയവികാരം കുത്തിപ്പൊക്കുകയാണ്‌   ബിജെപി.  
എൽഡിഎഫ്‌ സർക്കാർ രാജ്യത്തിനുതന്നെ മാതൃകയായി ഒട്ടേറെ ജനോപകാരപ്രദമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്‌.  പ്രളയത്തെ അതിജീവിച്ചതും ജനങ്ങളിൽ വലിയ ആത്മവിശ്വാസവും മതിപ്പും സൃഷ്ടിച്ചു. 

സാധാരണക്കാരിൽനിന്ന്‌ ഫണ്ട് ശേഖരിച്ച് പ്രവർത്തിക്കുന്ന പാർടിയാണ് സിപിഐ എം. ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള  ബൂർഷ്വാ പാർടികൾ പ്രവർത്തിക്കുന്നത് കോർപറേറ്റുകളുടെ പണത്തിന്റെ പിൻബലത്തിലാണ്.  കോർപറേറ്റ് കമ്പനികളിൽനിന്ന്‌ വാങ്ങുന്ന സംഭാവനകൾ ജനങ്ങൾ അറിയാതിരിക്കുന്നതിനുവേണ്ടിയാണ് ബിജെപി സർക്കാർ ഇലക്ടറൽ ബോണ്ട് സമ്പ്രദായം കൊണ്ടുവന്നത്.

തൊഴിലാളിവർഗ പ്രസ്ഥാനമായ സിപിഐ എമ്മിന്റെ പ്രവർത്തനത്തിന് അധ്വാനിക്കുന്ന  ജനങ്ങളാണ് എല്ലാ കാലത്തും സഹായങ്ങൾ നൽകുന്നത്. അതിനാൽ  എല്ലാ പാർടി മെമ്പർമാരും അവരവരുടെ കഴിവിനനുസരിച്ച് സംഭാവന നൽകണം. പാർടി ഘടകങ്ങൾ വീടുകളിലും തൊഴിൽ സ്ഥാപനങ്ങളിലും ആളുകളെ  നേരിട്ടുകണ്ട് ഫണ്ട് ശേഖരിക്കണം. ഫണ്ടിനായി പാർടി പ്രവർത്തകർ സമീപിക്കുമ്പോൾ എല്ലാ സഹായ സഹകരണങ്ങളും നൽകണമെന്ന് മുഴുവൻ ബഹുജനങ്ങളോടും സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top