30 November Tuesday

കൂടെയുണ്ട്, കൈപിടിക്കാന്‍ ; സ്‌കൂൾ തുറക്കലിന്‌ ഒരുക്കം

എ എസ് ജിബിനUpdated: Thursday Oct 28, 2021

എറണാകുളം എസ്ആർവി എൽപി സ്കൂളിലെ ക്ലാസ് മുറികൾ അലങ്കരിക്കുന്നതിനായി അധ്യാപകർ കടലാസ് പൂക്കൾ തയ്യാറാക്കുന്നു



കൊച്ചി
ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് സുരക്ഷിതമായ പഠനസാഹചര്യം ഒരുക്കാൻ വിശ്രമമില്ലാതെ തയ്യാറെടുക്കുകയാണ് ജില്ലാ വിദ്യാഭ്യാസവകുപ്പ്. സ്കൂൾ അന്തരീക്ഷത്തിലേക്കും ക്ലാസ് റൂം പഠനത്തിലേക്കും കുട്ടികളെ കണ്ണിചേർക്കാൻ അധ്യാപകർ, പ്രധാനാധ്യാപകർ, സ്കൂൾ അക്കാദമിക സമിതി, ഡയറ്റ്, സമ​ഗ്രശിക്ഷാ കേരളം, വിദ്യാഭ്യാസ ഓഫീസർമാർ, കൈറ്റ് എന്നിവയ്‌ക്ക്‌ പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. കുട്ടികൾക്ക്‌ പഠനസാഹചര്യം ഒരുക്കേണ്ടത്‌ അധ്യാപകരാണ്. പഠനവിഷയങ്ങളിലെ പിന്നാക്കാവസ്ഥ കണ്ടെത്തേണ്ടതും ഓൺലൈൻ, ഡിജിറ്റൽ സാധ്യത പ്രയോജനപ്പെടുത്തി കുട്ടികളെ പഠിക്കാൻ പ്രാപ്തരാക്കേണ്ടതും അധ്യാപകരാണ്.

സ്കൂളിൽ എത്താനാകാത്തവർക്ക് പഠനസൗകര്യം ഏർപ്പെടുത്താനുള്ള ചുമതല പ്രധാനാധ്യാപകർക്കാണ്. തയ്യാറെടുപ്പുകൾ ആസൂത്രണം ചെയ്യുന്ന തിരക്കിലാണ് അക്കാദമിക സമിതികൾ. രക്ഷാകർതൃ ശാക്തീകരണവും സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തനവും  അക്കാദമിക സമിതിയുടെ ഉത്തരവാദിത്വമാണ്. അക്കാദമിക വിലയിരുത്തലുകളും പരിശീലനവും ഡയറ്റിന്റെ നേതൃത്വത്തിൽ നടക്കും.

ക്ലസ്റ്റർ യോ​ഗം നടത്തേണ്ടതും വർക് ഷീറ്റ്‌ തയ്യാറാക്കേണ്ടതും സമ​ഗ്രശിക്ഷാ കേരളമാണ്.  സ്കൂൾ തുറക്കുന്നതോടെ യൂണിസെഫിന്റെ സഹായത്തോടെ അധ്യാപകർക്ക് കൗൺസലിങ് പരിശീലനം നൽകും. ഓൺലൈൻ പഠനസംവിധാനങ്ങളും അധ്യാപകശാക്തീകരണവും കൈറ്റ് നടപ്പാക്കും. കുട്ടികൾ സുരക്ഷിതരായി പഠിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരാണ്. സ്കൂളുകളുടെ പ്രവർത്തനങ്ങൾ, അധ്യാപകപരിശീലനം എന്നിവ ഏകോപിപ്പിക്കുന്നതും വിദ്യാഭ്യാസ ഓഫീസർമാരാണ്.

വാഹനങ്ങളുടെ
 ക്ഷമതാപരിശോധന തുടങ്ങി
സ്‌കൂളുകൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ക്ഷമതാപരിശോധന ആരംഭിച്ചു. പരിശോധന പൂർത്തിയാക്കിയ 320 വാഹനങ്ങൾക്ക്‌ സർട്ടിഫിക്കറ്റ്‌ നൽകി. എറണാകുളത്ത്‌ മുന്നൂറ്റിയിരുപതും മൂവാറ്റുപുഴയിൽ മുപ്പതും വാഹനങ്ങൾക്കാണ്‌ ക്ഷമതാ സർട്ടിഫിക്കറ്റ്‌ നൽകിയത്‌. ബസുകൾ ഉൾപ്പെടെ 2200 വാഹനങ്ങളാണ്‌ സ്‌കൂൾകുട്ടികളെ കൊണ്ടുപോകാൻ സർവീസ്‌ നടത്തുന്നത്‌. കോവിഡ്‌ പ്രതിസന്ധിയിൽ മിക്ക വാഹനങ്ങളും നികുതി ഇളവിനായി ജി ഫോം നൽകി ഷെഡിൽ കയറ്റിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top