24 November Tuesday

ലീഗിനെ ഇളക്കിവിട്ടത്‌ കോൺഗ്രസ്‌ ; വിവാദമായപ്പോൾ മലക്കം മറിച്ചിൽ

കെ ശ്രീകണ‌്ഠൻUpdated: Wednesday Oct 28, 2020

തിരുവനന്തപുരം
സംവരണ വിഷയത്തിൽ സർക്കാരിനെതിരെ എതിർപ്പുയർത്താൻ മുസ്ലിംലീഗിനെ പ്രേരിപ്പിച്ച ശേഷം മലക്കംമറിഞ്ഞ കോൺഗ്രസിന്റെ ഇരട്ടത്താപ്പ്‌ വെളിച്ചത്തായി. സിപിഐ എം 1995ൽ പ്രഖ്യാപിച്ച സംവരണ നയമാണ്‌ ഇപ്പോഴും മുറുകെ പിടിച്ചത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലും എൽഡിഎഫ്‌ പ്രകടന പത്രികയിൽ സംവരണ നിലപാട്‌ വ്യക്തമാക്കി. അതാണ്‌ ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചത്‌. ഇത്‌ രാഷ്‌ട്രീയമായി തിരിച്ചടിയാകുമെന്ന്‌ ഉറപ്പായപ്പോഴാണ്‌ സര്‍ക്കാരിന്റെ സംവരണ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് കോണ്‍​ഗ്രസിന്റെ കരണം മറിച്ചിൽ.

2011ൽ യുഡിഎഫ്‌ പ്രകടന പത്രികയിൽ മുന്നോക്ക സമുദായ സംവരണം പ്രഖ്യാപിച്ചിരുന്നതാണ്‌. എന്നാൽ 2016ൽ മുസ്ലിംലീഗിന്റെ എതിർപ്പിനെ തുടർന്ന്‌ പ്രകടനപത്രികയിൽ ഇക്കാര്യം  മറച്ചുവച്ചു. സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ സർക്കാർ സംവരണം പ്രഖ്യാപിച്ചതോടെ  സർക്കാരിനെതിരെ സംവരണ സമുദായ മുന്നണിയെ രംഗത്തിറക്കാൻ കോൺഗ്രസ്‌ മുസ്ലിംലീഗിൽ സമ്മർദ്ദം ചെലുത്തി. എന്നാൽ സീറോ മലബാർ സഭ അടക്കം ശക്തമായ വിമർശനവുമായി രംഗത്തുവന്നതോടെ കോൺഗ്രസ്‌ മലക്കം മറിഞ്ഞു.

സംവരണ സമുദായങ്ങളെ കബളിപ്പിക്കാൻ 1995ൽ എകെ ആന്റണി സർക്കാർ സംവരണ സംരക്ഷണ ബിൽ എന്ന പേരിൽ നിയമം കൊണ്ടുവന്നപ്പോഴും സിപിഐ എം ഇപ്പോഴത്തെ നിലപാട്‌ തന്നെയാണ്‌ സ്വീകരിച്ചത്‌. സാമ്പത്തികമായി പിന്നോക്കമായ മുന്നോക്ക വിഭാഗങ്ങൾക്ക്‌ 10ശതമാനം  സംവരണമെന്ന  വ്യവസ്ഥ  കൂടി ബില്ലിൽ ഉൾപ്പെടുത്തണമെന്ന്‌ സിപിഐ എം നിയമസഭയിൽ ഭേദഗതി അവതരിപ്പിച്ചെങ്കിലും കോൺഗ്രസും മുസ്ലിംലീഗും ചേർന്ന്‌ തള്ളി. 1996 മുതൽ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇക്കാര്യം എൽഡിഎഫ്‌ പ്രകടന പത്രികയിലുണ്ട്.

യുഡിഎഫ്‌ കാലത്ത്‌ അനങ്ങിയില്ല
സാമ്പത്തിക സംവരണം കേരളത്തിൽ നടപ്പാക്കുമെന്ന്‌ 2011ൽ യുഡിഎഫ്‌ പ്രകടനപത്രികയിൽ പറഞ്ഞെങ്കിലും ആ സർക്കാരിന്റെ കാലത്ത്‌ നടപടി എടുത്തില്ല. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ സംവരണവും ആനുകൂല്യങ്ങളും നൽകണമെന്ന്‌  കേന്ദ്ര സർക്കാർ നിയോഗിച്ച എസ്‌ആർ സിൻഹോ കമീഷൻ ശുപാർശ നൽകിയിരുന്നു. ഇത്‌ കേരളത്തിലും നടപ്പാക്കുമെന്നായിരുന്നു യുഡിഎഫ്‌ വാഗ്‌ദാനം. മുന്നോക്ക സമുദായങ്ങളുടെ വോട്ട്‌ തട്ടാനുള്ള തന്ത്രമായിരുന്നു ഇത്‌. 2016ലെ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ സാമ്പത്തിക സംവരണം ഏർപ്പെടുത്തുമെന്ന്‌ പ്രകടനപത്രികയിൽ വാഗ്‌ദാനം ചെയ്യണമെന്ന്‌ കോൺഗ്രസ്‌ ആവശ്യപ്പെട്ടെങ്കിലും മുസ്ലിംലീഗ്‌ എതിർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top