04 December Friday

റബിൻസിന്‌ തീവ്രവാദബന്ധം സംശയിക്കുന്നതായി എൻഐഎ ; 7 ദിവസം കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


കൊച്ചി
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പത്താംപ്രതി റബിൻസ്‌ കെ ഹമീദിന്‌ തീവ്രവാദബന്ധമുള്ളതായി സംശയിക്കുന്നെന്ന്‌ എൻഐഎ. യുഎഇയിൽനിന്നെത്തിച്ച്‌ തിങ്കളാഴ്‌ച അറസ്‌റ്റുചെയ്‌ത റബിൻസിനെ  കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി സമർപ്പിച്ച റിപ്പോർട്ടിലാണ്‌ ഈ വിവരം. ചോദ്യം ചെയ്യലിന്‌ ഇയാളെ ഏഴുദിവസത്തേക്ക്‌ കസ്‌റ്റഡിയിൽവിട്ടു.

യുഎഇയിൽനിന്ന്‌ സ്വർണം വാങ്ങാൻ പണം കണ്ടെത്തിയതും ബാഗേജിൽ ഒളിപ്പിച്ചിരുന്നതും റബിൻസാണ്‌. 2013–-14 മുതൽ വിവിധ സന്ദർഭങ്ങളിൽ സ്വർണം കടത്തിയതായി പ്രാഥമിക ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി‌. പണമിടപാടുകൾക്കും സ്വർണക്കള്ളക്കടത്തിനും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടാകാൻ സാധ്യതയുണ്ട്‌.

മൂന്നാംപ്രതി ഫൈസൽ ഫരീദ്‌, അഞ്ചാംപ്രതി കെ ടി റമീസ്‌, ആറാംപ്രതി എ എം ജലാൽ, ഏഴാംപ്രതി മുഹമ്മദ്‌ ഷാഫി, ഒമ്പതാംപ്രതി പി ടി അബ്‌ദു, 11–-ാം പ്രതി മുഹമ്മദ്‌ അലി ഇബ്രാഹിം, 12–-ാം പ്രതി മുഹമ്മദ്‌ അലി, 15–-ാം പ്രതി സിദ്ദിഖുൽ അക്‌ബർ എന്നിവരുമായി ചേർന്നാണ്‌ സ്വർണക്കടത്ത്‌ ആസൂത്രണം ചെയ്‌തത്‌.

അറസ്‌റ്റിലായ ഉടനെ മൊബൈൽ ഫോൺ ഉൾപ്പെടെ പിടിച്ചെടുത്തു. എന്നാൽ, സ്വർണക്കടത്ത്‌ ആസൂത്രണത്തിനും മറ്റും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളെക്കുറിച്ചൊന്നും വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ജൂലൈമുതൽ ഒക്‌ടോബർ പത്തുവരെ റബിൻസ്‌ യുഎഇയിലെ ജയിലിലായിരുന്നതായി റിപ്പോർട്ടിലുണ്ട്‌. കേസിൽ യുഎപിഎ ചുമത്തപ്പെട്ട റബിൻസുൾപ്പെടെ വിദേശത്തുള്ള ആറ്‌ പ്രതികൾക്കായി ലുക്കൗട്ട്‌ നോട്ടീസും ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.  മറ്റുപ്രതികളെ വിട്ടുകിട്ടുന്നതിനെക്കുറിച്ച്‌ റിപ്പോർട്ടിൽ സൂചനകളൊന്നുമില്ല. കസ്‌റ്റംസും എൻഫോഴ്‌സ്‌മെന്റും എൻഐഎ ചോദ്യം ചെയ്യലിനുശേഷം റബിൻസിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെടും. മൂവാറ്റുപുഴ പെരുമറ്റം സ്വദേശിയായ റബിൻസും കുടുംബവും മുസ്ലിംലീഗിന്റെ സജീവപ്രവർത്തകരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top