23 November Monday

പോപ്പുലർ ഫിനാൻസ്‌ തട്ടിപ്പ്‌ : സിബിഐ അന്വേഷണ ആവശ്യത്തിൽ കേന്ദ്രത്തിന്‌ മൗനം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


കൊച്ചി
പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ സിബിഐ അന്വേഷണം വേണമെന്ന സംസ്ഥാന സർക്കാർ നിർദേശത്തിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയിൽ മൗനം. കേന്ദ്ര സർക്കാരിന് സംസ്ഥാനം കത്തെഴുതി ഒരുമാസം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഇനിയും നിലപാടറിയിച്ചിട്ടില്ല. പ്രതികൾ നിക്ഷേപം വിദേശത്തേക്ക് കടത്തിയ സാഹചര്യംകൂടി കണക്കിലെടുത്താണ് സംസ്ഥാനം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയത്. കേസ് ചൊവാഴ്ച പരിഗണിച്ചപ്പോഴും കേന്ദ്രം നിലപാടറിയിച്ചില്ല.

കേസിൽ ഈ മാസം 18 വരെ സ്വീകരിച്ച നടപടികളിലെ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 1368 കേസുകൾ രജിസ്റ്റർ ചെയ്തതായും പരാതികളിൽ വെവ്വേറെ കേസ് എടുക്കുന്നില്ലെന്ന പരാതി ശരിയല്ലെന്നും സ്റ്റേറ്റ് അറ്റോർണി കെ വി സോഹൻ അറിയിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട്, തൃശൂർ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ് ഇത്രയും കേസുകൾ.

2019ലെ ബാനിങ്‌ ഓഫ് അൺറഗുലേറ്റഡ് ഡെപ്പോസിറ്റ് ആക്ടുപ്രകാരം നടപടികൾക്കായി ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയതായും സർക്കാർ അറിയിച്ചു. പരാതികളിൽ ഒറ്റ എഫ്ഐആർ മതിയെന്ന് പോപ്പുലർ ഫിനാൻസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസ് കൂടുതൽ വാദത്തിനായി മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top