20 October Tuesday

റാക്കറ്റ്‌ നന്നാക്കാൻ റോക്കറ്റ്‌ വേഗത്തിൽ ബൈജുവെത്തും

ശ്രീരാജ‌് ഓണക്കൂർUpdated: Monday Sep 28, 2020



കൊച്ചി
ബാഡ്‌മിന്റൺ റാക്കറ്റിന്റെ സ്‌ട്രിങ് ലൂസാണെങ്കിൽ ക്രിഷ്‌ ബാഡ്‌മിന്റൺ വേൾഡിലേക്ക്‌ വിളിക്കാം. സൈന നെഹ്‌വാളിന്റെ ബാഡ്‌മിന്റൺ റാക്കറ്റ്‌ ശരിയാക്കിയ ബൈജു ആന്റണി ഒമ്‌നി വാനിൽ പാഞ്ഞെത്തും. 1800–-23,000 രൂപയുടെ ബാഡ്‌മിന്റൺ റാക്കറ്റുകളുടെ സ്‌ട്രിങ്ങുകൾ മെഷീൻ ഉപയോഗിച്ച്‌ കതൃക്കടവ് ‌സ്വദേശി ബൈജു നിമിഷങ്ങൾക്കുള്ളിൽ ശരിയാക്കും. പ്രശസ്‌ത ബാഡ്‌മിന്റൺ താരം പുല്ലേല ഗോപീചന്ദിന്റെ അസി. കോച്ചും ജില്ലാ ബാഡ്‌മിന്റൺ താരവുമായിരുന്ന ബൈജു ഇപ്പോൾ പുതിയ വേഷത്തിലാണ്‌.

കോവിഡ്‌ വന്നതോടെയാണ്‌ ഒമ്‌നി വാനുമായി ബൈജു കായികപ്രേമികളെ തേടിയിറങ്ങിയത്‌. കണ്ണൂർ സ്വദേശി ഷെർലിക്‌ നമ്പ്യാരുടെ കടയാണ്‌ കതൃക്കടവിലുള്ള ക്രിഷ്‌ ബാഡ്‌മിന്റൺ വേൾഡ്‌. ഒരു മാസംമുമ്പ്‌ കാക്കനാട്ടും പുതിയ കട തുടങ്ങിയിരുന്നു. ടൗണിന്റെ 15 കിലോമീറ്റർ ചുറ്റളവുവരെ സേവനം ലഭ്യമാണ്‌.2009ൽ മലേഷ്യയിലുള്ള കടയിൽ പോയി നാലു മാസംകൊണ്ടാണ്‌ സ്ട്രിങ് മുറുക്കുന്ന വിദ്യ സ്വായത്തമാക്കിയത്‌. സൈന നെഹ്‌വാളിനു പുറമേ ഇന്ത്യൻ ബാഡ്‌മിന്റൺ താരങ്ങളായ സനേവ്‌ തോമസ്‌, രൂപേഷ്‌ കുമാർ, അപർണ ബാലൻ എന്നിവരുടെ ബാറ്റുകളുടെ സ്‌ട്രിങ്ങിങ്‌ ചെയ്‌തിട്ടുണ്ട്‌.

ഒന്നരലക്ഷം രൂപ വിലയുള്ള ബാഡ്‌മിന്റൺ സ്‌ട്രിങ്ങിങ് മെഷീനുമായാണ്‌ ബൈജുവിന്റെ സഞ്ചാരം. യോനക്‌സ്‌, ‌വിക്ടർ, ലീനിങ്‌, അപെക്‌സ്‌, കാർട്ടൺ തുടങ്ങിയ ലോകോത്തര കമ്പനികളുടെ റാക്കറ്റ്‌ ശരിയാക്കുന്ന വിദ്യ ബൈജുവിന്‌ വശമുണ്ട്‌. വളയും മാലയും വിൽക്കാൻ ആളുകൾ വണ്ടിയിൽ പോകുന്നത്‌ ധാരാളം കണ്ടിട്ടുണ്ട്‌. ഇതിൽനിന്നാണ്‌ സഞ്ചരിക്കുന്ന ബാഡ്‌മിന്റൺ റാക്കറ്റ്‌ നന്നാക്കുന്ന കടയുടെ ആശയത്തിന്റെ ജനനമെന്ന്‌ ബൈജു.

വണ്ടിയിൽ എല്ലാം സജ്ജീകരിച്ചതിന്‌ രണ്ട്‌ ലക്ഷത്തിലധികം രൂപയായി. തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലും ഈ സേവനത്തിന്റെ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്‌. ബാഡ്‌മിന്റൺ പ്രേമികളുടെ വാട്‌സാപ് ഗ്രൂപ്പുകൾ വഴിയും പിന്തുണ ലഭിച്ചു. എറണാകുളം നഗരത്തിൽ 350ലേറെ ഇൻഡോർ ബാഡ്‌മിന്റൺ കോർട്ടുകളുണ്ട്‌. ഇവരുമായി സഹകരിച്ച്‌ തന്റെ മൊബൈൽ പ്രസ്ഥാനവുമായി മുന്നോട്ടു കുതിക്കുകയാണ്‌ ബൈജു ആന്റണി. ഫോൺ: 7306885290.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top