20 October Tuesday

മലയാറ്റൂർ പാറമട സ്ഫോടനം: 2 പേർകൂടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020


കാലടി
രണ്ടുപേരുടെ മരണത്തിനിടയാക്കിയ മലയാറ്റൂർ പാറമട സ്ഫോടനത്തിൽ ഒളിവിലായിരുന്ന നടത്തിപ്പുകാരനും മാനേജരും പിടിയിൽ. മുഖ്യപ്രതി പാറമട നടത്തിപ്പുകാരിലൊരാളായ പുത്തേൻവീട്ടിൽ ബെന്നിയെ ശനിയാഴ്ച രാത്രി ബംഗളൂരുവിൽനിന്നാണ്‌ പിടികൂടിയത്‌. പാറമട ഓഫീസ് മാനേജർ സന്തോഷിനെയും ഞായറാഴ്ച അറസ്‌റ്റ്‌ ചെയ്‌തതായി കാലടി പൊലീസ്‌ ഇൻസ്‌പെക്ടർ എം ബി ലത്തീഫ് പറഞ്ഞു. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്‌തിരുന്ന രണ്ടുപേരെ ശനിയാഴ്‌ച അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്ഫോടനത്തിൽ രണ്ട് അതിഥിത്തൊഴിലാളികൾ മരിച്ചത്. സ്ഫോടകവസ്തു സൂക്ഷിച്ചിരുന്ന 1500 ചതുരശ്ര അടി വീട് പൂർണമായും തകർന്നു. നടത്തിപ്പുകാരായ റോബിൻസൺ, ബെന്നി എന്നിവർ ഒളിവിൽപ്പോയി. റോബിൻസണെ പിടികൂടിയിട്ടില്ല. 

പാറമടയ്‌ക്ക്‌ പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടെങ്കിലും അളവിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ ഇവർ ശേഖരിച്ചിരുന്നു എന്നാണ്‌ നിഗമനം. ബോംബ് സ്‌ക്വാഡും സ്ഫോടനസ്ഥലം പരിശോധന നടത്തിയിരുന്നു. സ്‌ഫോടകവസ്തുക്കൾ മഗസിനിൽ സൂക്ഷിക്കണമെന്ന ഉത്തരവ് മറികടന്ന് 1500 ഡിറ്റണേറ്ററുകൾ, അത്യുഗ്ര സ്ഫോടനശേഷിയുള്ള 350ൽപരം ജലാറ്റിൻ സ്റ്റിക്കുകൾ എന്നിവ സ്ഫോടനം നടന്ന വീട്ടീൽ സൂക്ഷിച്ചിരുന്നു. ഈ വീട്ടിൽത്തന്നെയാണ്  തൊഴിലാളികളും താമസിച്ചിരുന്നത്.

ആലുവ റൂറൽ എസ്‌പി കെ കാർത്തിക്കിന്റെ നിർദേശപ്രകാരം പെരുമ്പാവൂർ ഡിവൈഎസ്‌പി കെ ബിജുമോൻ, കാലടി ഇൻസ്‌പെക്ടർ എം ബി ലത്തീഫ്, എസ്ഐമാരായ സ്‌റ്റെപ്റ്റോ ജോൺ, കെ പി ജോണി, എഎസ്ഐമാരായ സത്താർ, ജോഷി, തോമസ്, സിപിഒ മനോജ്, മാഹിൻഷാ എന്നിവരാണ് പ്രതികളെ പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top