22 October Thursday

പൂജ്യത്തിൽനിന്ന്‌ തുടങ്ങണം ; കരകയറാനാകാത്ത തകർച്ചയിൽ വിനോദസഞ്ചാര മേഖല

അമൽ ഷൈജുUpdated: Monday Sep 28, 2020

ടൂറിസ്റ്റ്‌ പാക്കേജുകൾക്കായി ഒരുക്കിയ ഡിടിപിസിയുടെ 24 സീറ്റുള്ള ലക്ഷ്വറി ബസ്‌


കൊച്ചി
വീണ്ടുമൊരു വിനോദ സഞ്ചാരദിനംകൂടി പിന്നിടുമ്പോൾ കരകയറാനാകാത്ത തകർച്ചയിലാണ്‌ വിനോദസഞ്ചാര മേഖല. കൊറോണ വൈറസ്‌ വ്യാപനത്തെ തുടർന്ന്‌ കഴിഞ്ഞ ആറുമാസത്തിനിടെ നാട്‌ കാണാൻ എത്തിയവരുടെ എണ്ണം ലക്ഷത്തിൽനിന്ന്‌ പൂജ്യത്തിലേക്ക്‌ കൂപ്പുകുത്തി. 2018–-19ൽ 35 ലക്ഷം സ്വദേശികൾ എത്തിയതായാണ്‌ കണക്ക്‌. ഇതിൽ 25 ലക്ഷംപേർ എത്തിയത്‌ കൊച്ചിയിലേക്കും. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, ചെറായി ഉൾപ്പെടെ കൊച്ചിയാകെ കണ്ടറിഞ്ഞ്‌ പോയവരാണ്‌ സഞ്ചാരികളേറെയും. വിദേശികളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. 4,88,000 പേർ കഴിഞ്ഞവർഷം സംസ്ഥാനത്തെത്തി. ഇതിൽ രണ്ടരലക്ഷംപേരും എത്തിയത്‌ കൊച്ചിയിൽ. കൂടാതെ ടൂറിസം മേഖലയിൽ മാത്രം സംസ്ഥാനത്തിന്‌ 20,000 കോടിയുടെ വരുമാന നഷ്ടം നേരിട്ടു. ജില്ലയിലിത്‌ 10,000 കോടിയോളം വരും.

എല്ലാവരും പ്രതിസന്ധിയിൽ

ടൂറിസം മേഖല അടച്ചതോടെ അനുബന്ധ തൊഴിലുകളും തൊഴിലാളികളുടെ ജീവിതവും വഴിമുട്ടി. 15 ലക്ഷത്തോളംപേർ നേരിട്ടും 20 ലക്ഷത്തോളംപേർ പരോക്ഷമായും മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്‌. ചെറുകിട ഹോംസ്റ്റേകൾ, ഓട്ടോ, ടാക്സി ജീവനക്കാർ, കരകൗശല നിർമാണ മേഖലയിലുള്ളവർ, വഴിയോര കച്ചവടക്കാർ, ഗൈഡുകൾ തുടങ്ങിയവരുടെ ജീവിതം കരിനിഴലിലാണ്‌. ഈ മേഖല ഉപേക്ഷിച്ചുപോയവരും ഏറെ‌. സർക്കാർ പ്രഖ്യാപിച്ച 455 കോടിയുടെ ടൂറിസം സാമ്പത്തിക പാക്കേജ് ചെറിയ ആശ്വാസം നൽകി. വായ്പയായി നൽകിയ ചെറിയ തുക മാത്രമായിരുന്നു ആശ്വാസം. എങ്കിലും കോവിഡാനന്തരകാലം വിനോദസഞ്ചാര മേഖലയുടേതായിരിക്കും എന്ന പ്രതീക്ഷയിലാണ്‌ സഞ്ചാരികളും ടൂറിസം അനുബന്ധ ജോലിക്കാരും സംരംഭകരും കഴിയുന്നത്‌.

കരകയറാനായി
കോവിഡിനൊപ്പം ജീവിക്കുകയെന്ന യാഥാർഥ്യത്തോടെ ഘട്ടംഘട്ടമായി തുറക്കാമെന്ന പ്രതീക്ഷയിലാണ്‌ വിനോദസഞ്ചാര മേഖലയും. ഇതിന്റെ ഭാഗമായി ജില്ലാ ഡിടിപിസിയും കേരളം ടൂർസും സംയുക്തമായി പാക്കേജുകളും തയ്യാറാക്കുകയാണെന്ന്‌ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി എസ്‌ വിജയകുമാർ പറയുന്നു.

സർക്കാരിന്റേതുൾപ്പെടെ നിർദേശത്തിനനുസരിച്ചാകും നടപടികൾ. “വിനോദസഞ്ചാരവും ഗ്രാമീണവികസനവും’ എന്ന ആശയത്തിലാണ്‌ പദ്ധതികൾ ഒരുക്കുക. ഗ്രാമങ്ങളിലെ കാഴ്ചകൾ, നാട്ടുജീവിതവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ, നാടൻ ഭക്ഷണം, നാട്ടറിവുകൾ, നാടൻ കലകൾ തുടങ്ങിയവ ഇതിന്റെ ഭാഗമാകും. തട്ടേക്കാട്, -ഭൂതത്താൻകെട്ട്, കൊച്ചി സിറ്റി, ആലപ്പുഴ, ഫോർട്ടുകൊച്ചി, അതിരപ്പിള്ളി, മൂന്നാർ, തേക്കടി തുടങ്ങിയ പാക്കേജുകളും ഉൾപ്പെടുത്തും. ഡിടിപിസിയുടെ 24 സീറ്റുകളുള്ള ലക്ഷ്വറി ബസിലാണ് യാത്രകള്‍ സജ്ജമാക്കുക. ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കുമായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. www.keralamtours.com എന്ന വെബ്‌സൈറ്റിൽ ബുക്കിങ്‌ നടത്താം.

ഫോൺ: 0484 4865676, 2367334, 7907733011, 9847331200


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top