20 October Tuesday

വെഞ്ഞാറമൂട്‌ ഇരട്ടക്കൊല : രക്തസാക്ഷി കുടുംബങ്ങൾക്ക്‌ 98.50 ലക്ഷം സഹായം , കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

 തിരുവനന്തപുരം
"ഇല്ലാ... നിങ്ങൾ, മരിക്കുന്നില്ല...' തേമ്പാംമൂട്‌ ജങ്‌ഷനിൽ ഈ മുദ്രാവാക്യം ഉയർന്നപ്പോൾ ആ നാടൊന്നാകെ തേങ്ങി. കോൺഗ്രസ്‌ ക്രിമിനലുകൾ അരുംകൊലചെയ്‌ത മിഥിലാജിന്റെയും ഹഖ്‌ മുഹമ്മദിന്റെയും കുടുംബങ്ങൾക്കായി സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സമാഹരിച്ച തുക കൈമാറാൻ ഒത്തുകൂടിയതായിരുന്നു അവർ.

ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഏരിയകളിൽനിന്ന്‌ സമാഹരിച്ച 98,50,200 രൂപ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ  ഇരുകുടുംബങ്ങൾക്കും കൈമാറി. രക്തസാക്ഷികളുടെ മാതാപിതാക്കൾക്കും ഭാര്യമാർക്കും മക്കൾക്കുമാണ്‌ തുക കൈമാറിയത്‌. ഓരോ കുടുംബത്തിനും 49,25,100 രൂപ വീതം നൽകി‌. തിരുവോണത്തലേന്നാണ്‌ തേമ്പാംമൂട്‌ ജങ്‌ഷനിൽ വച്ച്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ്‌ മുഹമ്മദിനെയും കോൺഗ്രസ്‌ അക്രമികൾ വെട്ടിക്കൊന്നത്‌.

ചടങ്ങിൽ മിഥിലാജിന്റെ സഹോദരൻ നിസാം, മക്കളായ മുഹമ്മദ്‌  ഇഹ്‌സാൻ,  മുഹമ്മദ്‌  ഇർഫാൻ എന്നിവരും ഹഖിന്റെ മകൾ ഐറ, ഉപ്പ അബ്ദുൾ സമദ്, ഉമ്മ ഷാഹിന, ഭാര്യയുടെ ഉമ്മ സജീന ബീവി എന്നിവരും പങ്കെടുത്തു.  മിഥിലാജിന്റെ മാതാപിതാക്കൾ മകൾക്കൊപ്പം ഗൾഫിലായതിനാൽ എത്തിയില്ല.

സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. ഡി കെ മുരളി എംഎൽഎ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട്‌ കൃഷ്‌ണൻനായർ, എം വിജയകുമാർ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ബി പി മുരളി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, നേതാക്കളായ പി ബിജു, മടവൂർ അനിൽ, കെ പി പ്രമോഷ്‌, വി വിനീത്‌, ഇ എ സലീം, പി ജി സുധീർ,  പുല്ലമ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസീന ബീവി തുടങ്ങിയവർ പങ്കെടുത്തു.

കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ്‌ ഏറ്റെടുത്തു
ഹഖ്‌ മുഹമ്മദിന്റെയും മിഥിലാജിന്റെയും മക്കളുടെ വിദ്യാഭ്യാസച്ചെലവ്‌ സിപിഐ എം ഏറ്റെടുത്തു
ഓരോരുത്തർക്കും 16,12,550 രൂപ വീതം‌ നൽകി‌. ഹഖിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനും അത്രയും തുക ജോയിന്റ്‌ അക്കൗണ്ടിൽ നിക്ഷേപിച്ചു. കുഞ്ഞ്‌ ജനിച്ച്‌ പേരിട്ട ശേഷം ഇത്‌ സ്വന്തം പേരിലേക്ക്‌ മാറ്റും. കുട്ടികൾക്ക്‌ പ്രായപൂർത്തിയായശേഷം ഈ തുക ഉപയോഗിക്കാം. ഹഖ്‌ മുഹമ്മദ്‌ കൊല്ലപ്പെടുമ്പോൾ ഭാര്യ നജില ആറുമാസം ഗർഭിണിയായിരുന്നു.

കുടുംബങ്ങളെ സഹായിക്കാൻ 12,13 തീയതികളിലാണ് ഫണ്ട് പിരിവ് നടന്നത്. ഓരോ കുടുംബത്തിനും 49,25,100 രൂപ വീതമാണ് നൽകിയത്. മാതാപിതാക്കൾക്ക് ഓരോ ലക്ഷം രൂപയും. ഹഖിന്റെയും മിഥിലാജിന്റെയും ഭാര്യമാർക്ക് 15 ലക്ഷം രൂപ വീതവും നൽകി. ഇതിൽ പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും 5 ലക്ഷം രൂപ സേവിങ്‌സ്‌ അക്കൗണ്ടിലുമാണ്. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ്‌ പൂർണമായും പാർടി ഏറ്റെടുത്തു‌. രക്തസാക്ഷികളുടെ ഭാര്യമാർക്ക്‌ സ്ഥിര ജോലി നൽകാനും ഉടൻ സംവിധാനം ഉണ്ടാക്കുമെന്ന് ഡി കെ മുരളി എംഎൽഎ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top