21 October Monday

നവോത്ഥാനപോരാട്ടം ശക്തമായി തുടരും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019


തിരുവനന്തപുരം
നവോത്ഥാനത്തിന്റെ വെളിച്ചം കടക്കാത്ത അറകൾ സമൂഹത്തിൽ ഇനിയുമുണ്ടെന്നാണ്‌ കെവിന്റെ കൊലപാതകം സൂചിപ്പിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടുവാഴിത്തത്തിന്റെ ജീർണവ്യവസ്ഥ മനസ്സുകളിൽ തുടരുന്നതിനാലാണ്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ത്രീകൾ ആക്രമിക്കപ്പെടുന്നത്‌. സ്വാതന്ത്ര്യം ലഭിച്ച്‌ ഏഴ്‌ പതിറ്റാണ്ട്‌ കഴിഞ്ഞും കീഴാളൻ കീഴാളനായി തുടരുന്നു. സ്ത്രീകൾക്ക്‌ പുരുഷമേധാവിത്വത്തിന്റെ നുകം പേറി കഴിയേണ്ടിവരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരള ദളിത്‌ ഫെഡറേഷന്റെ അയ്യൻകാളി ജയന്തിദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാർ നവോത്ഥാനശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന്‌ പറയുന്നവരുണ്ട്‌.  കീഴാളരെന്ന്‌ വിളിക്കുന്നവരിൽ അവസാനത്തെയാൾ മോചിതനാകുംവരെ, സ്ത്രീയെ പുരുഷമേധാവിത്വം ചവിട്ടിത്താഴ്ത്തുന്ന നില പൂർണമായി അവസാനിക്കുംവരെ നവോത്ഥാനപോരാട്ടം ശക്തമായി തുടരും. ചരിത്രപരമായി അടിച്ചമർത്തപ്പെട്ട വിഭാഗത്തെ എല്ലാ അവകാശങ്ങളോടും ആത്മാഭിമാനത്തോടുംകൂടി മുഖ്യധാരയിൽ ഉറപ്പിച്ചെടുക്കേണ്ടതുണ്ട്‌. ഈ അജൻഡകളിൽ കേന്ദ്രീകരിച്ച് നവോത്ഥാനപോരാട്ടം തുടരും.

സെമിനാറും സിമ്പോസിയവും നടത്തി ഇവ നേടാനാകില്ല. ഭൗതികതലത്തിൽ  പോരാട്ടങ്ങളുണ്ടാകണം. ജാതി ജീർണതയും ദുരാചാരങ്ങളും സമൂഹത്തിൽ ഉറപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തണം. ഭരണപരവും നിയമപരവുമായ നടപടികളും ഉണ്ടാകണം. ഈ മേഖലയിലൊന്നും സർക്കാർ അറച്ചുനിൽക്കില്ല.

കാലം മുന്നേറുമ്പോൾ പൊടിമൂടിക്കിടന്ന ജീർണാചാരങ്ങൾ തലപൊക്കും. ഓരോ ഘട്ടവും ഉയർത്തുന്ന വ്യത്യസ്തങ്ങളായ വെല്ലുവിളി ഏറ്റെടുത്തും പ്രശ്നങ്ങൾ പരിഹരിച്ചും മുന്നേറണം. തന്റെ ജീവിതംകൊണ്ട് ചരിത്രത്തെ പുരോഗമനാത്മകമായി വഴിതിരിച്ചുവിട്ട ചരിത്രപുരുഷനാണ്‌ അയ്യൻകാളിയെന്നും അദ്ദേഹം പറഞ്ഞു.
കെഡിഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി രാമഭദ്രൻ അധ്യക്ഷനായി. കോൺഗ്രസ്‌ ‌നേതാവ്‌ എം എം ഹസ്സൻ, ഗാ‌ന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, അഖില കേരള വിശ്വകർമ മഹാസഭ പ്രസിഡന്റ്‌ പി ആർ ദേവദാസ്‌, ‌ദലിത്‌–- ആദിവാസി മഹാസഖ്യം പ്രസിഡന്റ്‌ പി കെ സജീവ്‌ എന്നിവർ സംസാരിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top