18 October Friday

കർദിനാൾ ഭരണച്ചുമതല ഒഴിയണമെന്ന്‌ അങ്കമാലി അതിരൂപത സംരക്ഷണസമിതി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019


കൊച്ചി
സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം–- -അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല  ഒഴിയണമെന്ന്‌ ആവർത്തിച്ച്‌ ഒരു വിഭാഗം വൈദികരും വിശ്വാസികളും. നിലപാടുകളിൽ വെള്ളം ചേർക്കാൻ തയ്യാറല്ലെന്ന്‌ എറണാകുളം–- അങ്കമാലി അതിരൂപത സംരക്ഷണസമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ, വക്താവ് ഫാ. ജോസ് വൈലിക്കോടത്ത്, അതിരൂപത അൽമായ മുന്നേറ്റം കൺവീനർ അഡ്വ. ബിനു ജോൺ, വക്താവ് റിജു കാഞ്ഞൂക്കാരൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി പി  ജെറാർദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉന്നയിച്ച ആവശ്യങ്ങൾക്ക്‌ സിനഡിൽനിന്ന്‌ മറുപടിയുണ്ടാകണം. സത്യത്തിനും നീതിക്കും വേണ്ടി രണ്ടുവർഷമായി ധാർമിക പോരാട്ടത്തിലാണ് എറണാകുളം- –-അങ്കമാലി അതിരൂപത. പോരാട്ടം വിജയിക്കുമെന്നാണ് വിശ്വാസം. ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും കൂട്ടാളികളും  കാനോനിക നിയമങ്ങളും രാജ്യത്തിന്റെ നിയമങ്ങളും  ലംഘിച്ചു. അതിരൂപതയിൽ സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റർ ആർച്ച്‌ ബിഷപ്പിനെ സിനഡ്‌ നിയമക്കണം. അദ്ദേഹം അതിരൂപതാംഗമായ മുതിർന്ന ബിഷപ്പാകണം.

സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെയും മാർ ജോസ് പുത്തൻവീട്ടിലിനെയും  പുറത്താക്കിയതിനെതിരെ വൈദികർ നടത്തിയ ഉപവാസം അവസാനിപ്പിക്കാൻ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പാലിക്കാത്തത്‌ പ്രതിഷേധാർഹമാണ്‌. സഹായമെത്രാന്മാരെ സസ്‌പെൻഡ്‌ ചെയ്തതിന്റെ കാരണം അറിയിക്കാനുള്ള ആർജവം സിനഡ് കാണിക്കണം.

വ്യാജരേഖാ കേസിൽ സിനഡിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമായി ഫാ. പോൾ തേലക്കാട്ടിലിനെയും ബിഷപ് ജേക്കബ് മനത്തോടത്തിനെയും  കുറ്റക്കാരാക്കി പ്രാഥമിക അന്വേഷണ മൊഴി നൽകിയ ഫാ. ജോബി മാപ്രക്കാവിലിനെതിരെ നടപടി വേണം. ഈ കേസിൽ പൊലീസ് നടപടിയുണ്ടായാൽ അത് നേരിടും. കള്ളക്കേസിൽ കുടുക്കി വേട്ടയാടാൻ ശ്രമിച്ചാൽ അതിരൂപതയിലെ അഞ്ചുലക്ഷം അംഗങ്ങളും അറസ്‌റ്റ്‌ വരിക്കും. അതിരൂപതയുടെ തീരുമാനങ്ങളിലും ഇടപാടുകളിലും സുതാര്യതയും സത്യസന്ധതയും ഉറപ്പാക്കാൻ അൽമായർക്ക്‌ പ്രാതിനിധ്യം നൽകണം. അതിനായി സഭാ നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഷൈജു ആന്റണി, ജോമോൻ തോട്ടപ്പിള്ളി, ഷിജോ മാത്യു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top