16 February Saturday

തകർന്നടിഞ്ഞ‌് നെയ‌്ത്തുമേഖല

സ്വന്തം ലേഖികUpdated: Tuesday Aug 28, 2018

പറവൂർ > ചെറിയപല്ലംതുരുത്ത‌് ശൗരിങ്കൽ ശശി ഓണക്കാലത്തേക്ക‌് മുണ്ടുനെയ്യാനായി വാങ്ങിവച്ചിരുന്ന നൂലെല്ലാം വെള്ളംകയറി നശിച്ചു. പിഞ്ഞിക്കീറിയ വലപോലെയായി തറി. കുറഞ്ഞത‌് ആറുമാസമെങ്കിലും കഴിയാതെ തറി അറ്റകുറ്റപ്പണി നടത്തിയെടുക്കാനാകില്ല. നെയ‌്ത്തല്ലാതെ മറ്റൊരു പണിയും ശശിക്ക‌് അറിയില്ല. ചെറിയപല്ലംതുരുത്ത‌് ചാമ്പയ‌്ക്കൽ മല്ലികയുടെ സ്ഥിതിയും വ്യത്യസ‌്തമല്ല. പ്രളയജലത്തിൽ ചേന്ദമംഗലത്തെ കൈത്തറി നെയ‌്ത്തുകേന്ദ്രങ്ങളിൽനിന്ന‌്  ഒലിച്ചുപോയത‌് 15 കോടിയിലേറെ രൂപയുടെ സാമഗ്രികളാണ‌്.

പരമ്പരാഗത കൈത്തറിമേഖല ഇനി പഴയപടിയാകണമെങ്കിൽ   ആറുമാസമെങ്കിലും വേണ്ടിവരുമെന്ന‌് പറവൂർ കൈത്തറി നെയ‌്ത്ത‌് സഹകരണസംഘം  പ്രസിഡന്റ‌് ടി എസ‌് ബേബി പറയുന്നു. പറവൂരിലെ അഞ്ച‌ു സംഘങ്ങളിൽ മൂന്നിന്റെയും ഗോഡൗണുകളും ഓഫീസും  പൂർണമായും വെള്ളത്തിൽ മുങ്ങി. ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കൈത്തറിനൂൽ വിതരണംചെയ്യുന്ന യാൺ സഹകരണസംഘത്തിൽ വെള്ളംകയറി നൂൽ നശിച്ചു.

സംഘങ്ങളിലേക്ക‌് തുണികൾ നെയ‌്തുനൽകുന്നത‌് പ്രധാനമായും ചേന്ദമംഗലത്തും പരിസരപ്രദേശങ്ങളിലുമുള്ള വീടുകളിലാണ‌്. ഇത്തരം നാനൂറോളം നെയ‌്ത്തുകാരുണ്ട‌്.  വീടുകളോട‌ുചേർന്ന‌് പണിത ഷെഡ്ഡുകളിലാണ‌് നെയ‌്ത്ത‌്തറികൾ സ്ഥാപിച്ചിരുന്നത‌്. ഇത‌് പഴയപടിയാക്കാൻ കുറഞ്ഞത‌് ഒന്നരലക്ഷം രൂപവേണം. തറിയ‌്ക്ക‌ുമാത്രം 25,000 രൂപയുണ്ട‌്.  ഷെഡ്ഡുകളും വെള്ളത്തിൽ നശിച്ചു. ചേന്ദമംഗലത്ത‌് 200 തറികളാണ‌് നശിച്ചത‌്. നാനൂറോളം നെയ‌്ത്തുതൊഴിലാളികൾക്കുപുറമേ താര‌് ചുറ്റുന്നവരും പാവ‌് ഓടിക്കുന്നവരും ഉണക്കുന്നവരും നൂല‌് ഞെരടുന്നവരുമായി ഇരുന്നൂറോളം അനുബന്ധതൊഴിലാളികളുമുണ്ട‌്. ഇവരുടെയും ജീവിതം  വഴിമുട്ടി. പറവൂരിൽ അറുന്നൂറിലേറെ വീടുകളിൽ അടുപ്പു പുകയണമെങ്കിൽ ഇനി അധികൃതർ കനിയണം. കാരണം പലരും വായ‌്പവാങ്ങി നെയ‌്ത്ത‌് നടത്തുന്നവരാണ‌്. മുദ്രാ ലോൺപോലെ പലിശവേണ്ടാത്ത വായ‌്പകളുടെ സംഖ്യ വർധിപ്പിക്കുകയോ നിലവിലുള്ളത‌് എഴുതിത്തള്ളുകയോ ചെയ്യണമെന്ന‌് ഈ രംഗത്തുള്ളവർ പറയുന്നു.

കൈത്തറിവസ‌്ത്രങ്ങളുടെ വിൽപ്പനയിൽ 80 ശതമാനവും നടക്കുന്നത‌് ഓണക്കാലത്താണ‌്.  ഓണവിപണിയിലേക്കായി കാത്തുവച്ചതെല്ലാം വെള്ളം കൊണ്ടുപോയി. കഴിഞ്ഞവർഷം 90 ലക്ഷം രൂപയുടെ വിപണനം നടത്തിയ പറവൂർ കൈത്തറി സംഘം റിബേറ്റിൽ സാധനങ്ങൾ വിറ്റിട്ടും 20 ലക്ഷം രൂപയുടെ വരുമാനംപോലും ഇക്കുറിയില്ലെന്ന‌് ടി എസ‌് ബേബി പറയുന്നു. കരിമ്പാടം കൈത്തറി സംഘം എച്ച‌് 91, ചേന്ദമംഗലം കൈത്തറി സംഘം എച്ച‌് 47 എന്നിവയുടെ ഗോഡൗണുകളിലും വെള്ളം കയറി തുണികളുൾപ്പെടെ നശിച്ചു. രണ്ടു സ്ഥാപനങ്ങൾക്കുമാത്രം രണ്ടു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ട‌്. യാൺ സൊസൈറ്റി തയ്യാറാക്കിവച്ച 50 ലക്ഷം രൂപയുടെ നൂലുകൾ ഇനിയുപയോഗിക്കാനാവാത്തവിധം ചളിയിൽ കുതിർന്നു. ഇതിൽ 10 ലക്ഷം രൂപയുടെ നൂലും കൈത്തറി യൂണിഫോമുകൾക്കായി മാറ്റിവച്ചവയാണ‌്. എല്ലാം നഷ്ടമായി. നെയ‌്തുവച്ചിരുന്നവയിൽ 10 ശതമാനംപോലും ഇക്കുറി ഒരു സംഘത്തിനും  വിൽക്കാനായിട്ടുമില്ല. എറണാകുളത്തും മറ്റ‌ു സ്ഥലങ്ങളിലും ഓണമേളകളിൽ പ്രദർശനത്തിനായി കൊണ്ടുപോയവയും പ്രദർശനങ്ങളില്ലാതിരുന്നതിനാൽ തിരിച്ചെത്തി. ഒരു ഇടവേളയ‌്ക്കുശേഷം അൽപ്പം കരകയറിയ പരമ്പരാഗത കൈത്തറിമേഖല കടുത്ത പ്രതിസന്ധിയെയാണ‌് നേരിടുന്നത‌്.

പ്രധാന വാർത്തകൾ
 Top