06 July Wednesday

കുട്ടനാട്ടിൽ ഇനി ഒരുമണി നെല്ലില്ല

സ്വന്തം ലേഖകൻUpdated: Tuesday Aug 28, 2018

ആലപ്പുഴ > പ്രളയം  തകർത്തെറിഞ്ഞ  കുട്ടനാട്ടിൽ ഇനി ഒരു മണി നെല്ലുപോലുമില്ല. കുട്ടനാട‌്, അപ്പർകുട്ടനാട‌് മേഖലകളിലെ മുഴുവൻ പാടശേഖരങ്ങളെയും വെള്ളം കൊണ്ടുപോയി. വിത്തിറക്കിയതും കൃഷിക്കൊരുക്കിയതുമായ പാടങ്ങളിലായിരുന്നു പ്രളയത്തിന്റെ കൂട്ടക്കുരുതി. നഷ്ടം 150 കോടി കവിയുമെന്നാണ‌് പ്രാഥമിക കണക്ക‌്.  നിലമൊരുക്കലും വിത്തിറക്കലുമടക്കമുള്ള ഉൽപ്പാദനചെലവ‌് മാത്രം കണക്കുകൂട്ടിയുള്ള നഷ്ടമാണിത‌്.  കേരളത്തിന്റെ ഭക്ഷ്യശേഖരത്തിലുണ്ടാകുന്ന ചോർച്ച കൂട്ടിയാൽ  നഷ്ടക്കണക്ക‌് ഇനിയുമുയരും. 

വർഷകാലകൃഷിയാണ‌് ഇല്ലാതായത‌്.  ഇതിനു തുടർച്ചയായി ഒക‌്ടോബർ‐നവംബർ മാസത്തോടെ കുട്ടനാട്ടിലെ ഏറ്റവും വലിയ വിളവെടുപ്പായ പുഞ്ചക്കൃഷിക്ക‌് വിത്തിറക്കണം.  മടവീണതും ബണ്ടുകളെല്ലാം കുത്തൊഴുക്കിൽ ഒലിച്ചുപോയതുമായ പാടങ്ങൾ ഒരുക്കാൻ സമയമേറെയെടുക്കും.  അതുകൊണ്ട‌് ഇക്കൊല്ലം പലയിടത്തും പുഞ്ചകൃഷി നടക്കുമോയെന്നും ആശങ്കയുണ്ട‌്. സംസ്ഥാനസർക്കാർ കാർഷികമേഖലയിൽ സൃഷ്ടിച്ച ഉണർവിനെ തുടർന്ന‌് ആലപ്പുഴയിലും നെൽകൃഷി നേട്ടം കൊയ‌്ത‌് വരികയായിരുന്നു.

2015‐16 കാലയളവിൽ 31,724 ഹെക്ടറിൽ മാത്രമായിരുന്നു കൃഷിയെങ്കിൽ കഴിഞ്ഞവർഷം 32,453 ഹെക്ടറായി വർധിച്ചു. ഇതേകാലയവളിലെ നെല്ലുൽപ്പാദനം 89,335 ടണ്ണിൽ നിന്ന‌് 1,02,439 ടണ്ണായി ഉയർന്നു. ഹെക്ടറിന‌് 3157 കിലോഗ്രാമായി ഉൽപ്പാദനക്ഷമതയും വർധിച്ചു. ഇതേ നേട്ടങ്ങൾ ഭാവിയിലും ആവർത്തിക്കാനുള്ള സാഹചര്യമാണ‌് പ്രളയം ഇല്ലാതാക്കിയത‌്.കുട്ടനാട്ടിൽ രണ്ട‌്മാസം മുമ്പ‌്  തുടങ്ങിയതാണ‌് വെള്ളപ്പൊക്കക്കെടുതി.  ആദ്യഘട്ടത്തിൽ വിതച്ച പാടങ്ങളിൽ മടവീഴ‌്ച മൂലം 7,000 ഹെക്ടറിൽ കൃഷി നശിച്ചു.  ചില പാടങ്ങൾ കർഷകർ ഭഗീരഥ പ്രയത‌്നത്തിലാണ‌് സംരക്ഷിച്ചെടുത്തത‌്.

 കൈനകരി പഞ്ചായത്തിലെ തോട്ടുവാത്തല ഭാഗത്ത‌് ഇരുമ്പനം, പുത്തൻതുരം അടക്കമുള്ള പാടശേഖരങ്ങൾ ഇങ്ങനെ സംരക്ഷിച്ചെടുത്തു.  പക്ഷെ ഇത്തവണ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. മട ഉറപ്പിച്ച പാടങ്ങളും തകർന്നു. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമുള്ള 28 പഞ്ചായത്തുകളിൽ ഒറ്റ നെൽവയലിലും കൃഷി അവശേഷിക്കുന്നില്ല. ആകെ 11,000 ഹെക്ടർ നെൽകൃഷി വെള്ളത്തിലായി.  ഇരുപതിനായിരത്തിലേറെ കർഷകരുടെ ഉപജീവനം വഴിമുട്ടി.

 കൈനകരി, രാമങ്കരി, നെടുമുടി, അമ്പലപ്പുഴ, തകഴി, എടത്വ, മുട്ടാർ, തലവടി, വീയപുരം, ചെറുതന, കാവാലം, പുളിങ്കുന്ന‌് പഞ്ചായത്തുകളിലായി  ഏകദേശം 150 പാടങ്ങളിലായിരുന്നു വർഷകൃഷി ചെയ‌്തത‌്. വെള്ളം വറ്റിക്കേണ്ട പമ്പ‌്സെറ്റുകൾ  വെള്ളത്തിൽ മുങ്ങി. ഇനി വേറെ  മോട്ടോർ കൊണ്ടുവന്ന‌് വെള്ളംവറ്റിക്കാതെ ഇവയൊന്നും ഉയർത്താനാവില്ല.  നഷ്ടം സംഭവിച്ച കർഷകർക്കെല്ലാം ഉൽപ്പാദനചെലവ‌് നഷ്ടപരിഹാരമായി നൽകുമെന്ന‌് സർക്കാർ അറിയിച്ചിട്ടുള്ളത‌് കാർഷികമേഖലയ‌്ക്ക‌് ആശ്വാസമാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top