21 September Saturday

പുതിയ മദ്യനയം ; കുത്തിപ്പൊക്കാൻ ഒന്നുമില്ലാതെ പ്രതിപക്ഷം

പ്രത്യേക ലേഖകൻUpdated: Friday Jul 28, 2023


തിരുവനന്തപുരം
എൽഡിഎഫ്‌ സർക്കാർ എന്ത്‌ പദ്ധതി പ്രഖ്യാപിച്ചാലും എതിർപ്പുമായെത്തുന്ന യുഡിഎഫിനും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾക്കും ഒന്നും കുത്തിപ്പൊക്കാനില്ലാതെ സംസ്ഥാന മദ്യനയം. മയക്കുമരുന്നുപയോഗം തടയാനും അമിത മദ്യ ഉപഭോഗം കുറയ്‌ക്കാനുമുള്ള സർക്കാർ സമീപനമാണ്‌ പുതിയ നയത്തിന്റെ കാതൽ. ദീർഘകാലാടിസ്ഥാനത്തിൽ മദ്യ ഉപഭോഗം കുറയാൻ ഇത്‌ കാരണമാകും. നിലവിൽ പത്ത്‌ വർഷത്തിനിടെ ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. 200 ലക്ഷം കെയ്‌സ്‌ മദ്യം വിറ്റിരുന്ന സ്ഥാനത്ത്‌ 70 ലക്ഷത്തിൽ താഴെയായി. 100ഉം 110ഉം ശതമാനം വിൽപ്പന വർധന 2.4 ശതമാനവുമായി. ഈവർഷം 340 കോടി രൂപ അധികമായി ലഭിച്ചത്‌ നികുതിവർധനമൂലമാണ്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പ്രവർത്തിച്ചിരുന്ന ഔട്ട്‌ലെറ്റുകൾ അല്ലാതെ, പുതിയവ തുറന്നിട്ടില്ല.

അതേസമയം, കേരളത്തിന്റെ തനതുൽപ്പന്നമായ കള്ള്‌ ബ്രാൻഡ്‌ ചെയ്‌ത്‌ വിൽക്കാനും വിദേശമദ്യവും വൈനും നിർമിക്കാനുള്ള പദ്ധതിയും ഈ വ്യവസായ– -തൊഴിൽ രംഗത്ത്‌ വലിയ മുന്നേറ്റമുണ്ടാക്കും. വിനോദസഞ്ചാര മേഖലയ്‌ക്കടക്കം ഇത്‌ ഗുണകരവുമാകും. ലഹരിബോധവൽക്കരണവും ചികിത്സയും ഉറപ്പാക്കുന്ന വിമുക്തി പദ്ധതി വിപുലമാക്കുന്നത്‌ മദ്യവർജന നയത്തിന്റെ ഭാഗമാണ്‌. മദ്യനയത്തെ അന്ധമായി എതിർക്കാനിറങ്ങുന്നവർ ഫലത്തിൽ ഈ സാധ്യതയെയാണ്‌ തള്ളുന്നത്‌.

വിനോദസഞ്ചാരത്തിന് ​ഗുണം ചെയ്യും: മന്ത്രി റിയാസ്
ടൂറിസം സീസണിൽ ബിയറും വൈനും വിൽക്കാൻ റസ്റ്റോറന്റുകൾക്ക്‌ പ്രത്യേക ലൈസൻസ് നൽകാനുള്ള തീരുമാനം വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദസഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കും അതതു സ്ഥാപനങ്ങൾക്കുള്ളിലുള്ള വൃക്ഷം ചെത്തി കള്ള് ഉൽപ്പാദിപ്പിക്കാൻ അനുമതിയുണ്ട്. ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന കള്ളും കൂടുതൽ സഞ്ചാരികളെ ആകർഷിക്കും. ബിയറും വൈനും വിൽക്കാനുള്ള ഹോട്ടലുകളെ തരംതിരിക്കുന്നത് എക്സൈസ് മന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top